തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി വന്നവരോട് എങ്ങനെ രക്ഷപ്പെട്ടുവെന്ന് പോലും ചോദിക്കാതെ പോലീസ് കേസെടുത്തു; പണാപഹരണത്തിലെ തെളിവ് അടക്കം മുന്നിലുണ്ടായിട്ടും കൗണ്ടര്‍ കേസ്; 'ഒ ബൈ ഓസി'യില്‍ പോലീസിന് സംഭവിച്ചത് ഗുരുതര വീഴ്ച; ഇത്തരം കേസെടുക്കല്‍ പോലീസിന്റെ വിശ്വാസ്യത തകര്‍ക്കും

Update: 2025-06-07 08:50 GMT

തിരുവനന്തപുരം: ജീവനക്കാരുടെ പരാതിയില്‍ കേസെടുത്തതിന് പിന്നാലെ പ്രതികരണവുമായി നടനും ബിജെപി നേതാവുമായ കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണയും. എല്ലാത്തിനും കൃത്യമായ തെളിവ് നല്‍കിയിട്ടും പ്രതികള്‍ നല്‍കിയ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്തത് ശരിയല്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ടെന്ന് നടന്‍ കൃഷ്ണകുമാര്‍ പ്രതികരിച്ചു.

'ഒ ബൈ ഓസി' എന്ന സ്ഥാപനത്തിലെ വനിതാ ജീവനക്കാരുടെ പരാതിയില്‍ ഇന്ന് രാവിലെയാണ് കൃഷ്ണകുമാറിനും മകള്‍ ദിയ കൃഷ്ണയ്ക്കുമെതിരെ മ്യൂസിയം പൊലീസ് കേസെടുത്തത്. സാമ്പത്തിക തട്ടിപ്പ് പ്രശ്‌നം പരിഹരിക്കാമെന്ന് പറഞ്ഞ് ജീവനക്കാരെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കവര്‍ന്നെന്നാണ് പരാതി. ഇവര്‍ക്കെതിരെ രണ്ട് കേസുകളാണ് മ്യൂസിയം പൊലീസ് എടുത്തിരിക്കുന്നത്. സാധാരണ തട്ടിക്കൊ്ട് പോകല്‍ കേസുകള്‍ ഇരകളുടെ ബന്ധുക്കളാണ് നല്‍കാറുള്ളത്. ഇവിടെ പരാതിക്കാര്‍ നേരിട്ടെത്തി 'തട്ടിക്കൊണ്ടു' പോയി എന്ന് പരാതി നല്‍കി. എങ്ങനെയാണ് രക്ഷപ്പെട്ടതെന്ന് ചോദിച്ചിരുന്നുവെങ്കില്‍ പോലും പരാതിയിലെ കള്ളത്തരം പുറത്താകുമായിരുന്നു. ഇത്തരം എഫ് ഐ ആറുകളാണ് കേരളാ പോലീസിനെ കുഴപ്പത്തിലാക്കുന്നത്.

ദിയയുടെ സ്ഥാപനത്തിലെ ജീവനക്കാരുടെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്. ജീവനക്കാര്‍ 69 ലക്ഷം രൂപ തട്ടിയെടുത്തെന്ന് കൃഷ്ണകുമാര്‍ മുമ്പ് പരാതി നല്‍കിയിരുന്നു. ഈ പരാതിയില്‍ പൊലീസ് ജീവനക്കാര്‍ക്കെതിരെ കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് കൃഷ്ണകുമാറിനും മകള്‍ക്കുമെതിരെ ജീവനക്കാര്‍ പരാതി നല്‍കിയത്. പരാതി വ്യാജമെന്നാണ് കൃഷ്ണകുമാറിന്റെ പ്രതികരണം. 69 ലക്ഷം രൂപ ജീവനക്കാര്‍ തട്ടിയെടുത്തെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. തെറ്റ് സമ്മതിച്ച ജീവനക്കാര്‍ 8 ലക്ഷം രൂപ തിരിച്ചു നല്‍കി. ജീവനക്കാരുടെ പരാതി വ്യാജമാണെന്നും ഏത് തരത്തിലുള്ള അന്വേഷണം നേരിടാന്‍ തയ്യാറാണെന്നും കൃഷ്ണകുമാര്‍ പ്രതികരിച്ചു.

തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തി പണം കവര്‍ന്നു എന്നാണ് കൃഷ്ണകുമാറിനും ദിയയ്ക്കുമെതിരെ മ്യൂസിയം പൊലീസ് ചുമത്തിയിരിക്കുന്ന വകുപ്പ്. 'പണം കവര്‍ന്നത് കണ്ടെത്തിയതിന്റെ പിറ്റേദിവസം രാത്രി ഞങ്ങളെ ഉറങ്ങാന്‍ പോലും സമ്മതിച്ചിട്ടില്ല. സ്റ്റാഫും അവരുടെ ഭര്‍ത്താക്കന്മാരും വിളിച്ചുകൊണ്ടിരുന്നു. കഴിയുന്നത്രയും പണം അടുത്തദിവസം കൊണ്ടുവരാം കേസുകൊടുക്കരുത് എന്നായിരുന്നു പറഞ്ഞത്. രാവിലെ തന്നെ ഒത്തുതീര്‍പ്പാക്കാന്‍ അവരെത്തി. എന്റെ വീട്ടുകാരും വന്നു. ഫ്‌ലാറ്റിന് താഴെ നിന്ന് സംസാരിക്കുന്നത് മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുന്നത് കണ്ടതോടെയാണ് അച്ഛന്റെ ഓഫീസിലിരുന്ന് സംസാരിക്കാന്‍ തീരുമാനിച്ചത്.

അങ്ങനെയാണ് കാറില്‍ കയറി പോയതും. ഈ സമയത്ത് അവരെല്ലാം ചെയ്ത കുറ്റം സമ്മതിക്കുന്നുണ്ടായിരുന്നു. ഫ്‌ലാറ്റിന് താഴെ ഇവര്‍ വന്നതിന്റെയെല്ലാം സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. കേസാക്കാതിരിക്കാന്‍ ഒമ്പത് ലക്ഷം രൂപയാണ് അവര്‍ എനിക്ക് നല്‍കിയത്. ബാക്കി പണം ഉടനെ സംഘടിപ്പിച്ച് തരാമെന്ന് പറഞ്ഞു. പിറ്റേന്ന് രാത്രി വിളിച്ച് അവര്‍ ഭീഷണിപ്പെടുത്തിയതോടെയാണ് അച്ഛന്‍ കേസ് കൊടുത്തത്. 69 ലക്ഷം രൂപയാണ് സ്ഥാപനത്തില്‍ നിന്ന് അവര്‍ തട്ടിയെടുത്തത് ' - ദിയ കൃഷ്ണ പറഞ്ഞു.

'ക്യൂആര്‍ കോഡ് മാറ്റി പൈസ എടുക്കുന്നതിന്റെ വീഡിയോ തെളിവ് സഹിതം ഞങ്ങള്‍ നല്‍കി. ദിയയ്ക്കെതിരെ ഒരു തെളിവ് പോലും നല്‍കാന്‍ ജീവനക്കാര്‍ക്കായിട്ടില്ല. പൊലീസിന്റെ ഭാഗത്ത് നിന്ന് മോശം സമീപനമാണ് ഉണ്ടായത്. എന്റെ ജീവിതത്തിലാദ്യമായാണ് ഒരു പോലീസ് ഉദ്യോഗസ്ഥന്‍ ഇത്ര വൈരാഗ്യപരമായി പെരുമാറുന്നത്. എല്ലാത്തിനും കൃത്യമായ തെളിവ് നല്‍കിയിട്ടും പ്രതികള്‍ നല്‍കിയ പരാതിയില്‍ മ്യൂസിയം പൊലീസ് കേസെടുത്തത് ശരിയല്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ട് ' - കൃഷ്ണകുമാര്‍ പറഞ്ഞു.'

Tags:    

Similar News