കീച്ചേരിയില്‍ മോഷണം നടന്നത് ഒരു വര്‍ഷം മുമ്പ്; വളപട്ടണത്തിലേതിന് സമാനമായി ജനല്‍ ഗ്രില്‍ ഇളക്കി അകത്തു കടന്നുള്ള മോഷണം; അന്ന് മോഷ്ടിച്ചത് നാലര ലക്ഷം രൂപയും പതിനൊന്നര പവന്‍ സ്വര്‍ണം; അന്വേഷണ സംഘത്തിന് അന്ന് ലഭിച്ചത് ഒരു ഫിംഗര്‍പ്രിന്റ് മാത്രം; ആ 'ഹസ്തരേഖ' വളപട്ടണത്തെ നിര്‍ണായക തെളിവായി
കീച്ചേരിയില്‍ മോഷണം നടന്നത് ഒരു വര്‍ഷം മുമ്പ്
കണ്ണൂര്‍: വളപട്ടണത്ത് അരിവ്യാപാരി അഷ്‌റഫിന്റെ വീട് കുത്തിത്തുറന്ന് സ്വര്‍ണവും പണവും കവര്‍ന്ന കേസില്‍ അയല്‍വാസിയായ ലിജീഷ് അറസ്റ്റിലായതിന്റെ ഞെട്ടലിലാണ് നാട്ടുകാര്‍. അഷറഫിന്റെ വീടിനോട് ചേര്‍ന്ന് തന്നെയാണ് മോഷ്ടാവിന്റെ വീട്. നാട്ടില്‍ വെല്‍ഡറെന്ന നിലയില്‍ അറിയപ്പെടുന്ന ലിജീഷിന് വലിയ സുഹൃദ് ബന്ധങ്ങള്‍ ഉണ്ടായിരുന്നില്ല. ഇങ്ങനെ വിപുലമായ ബന്ധം ഇയാള്‍ സൂക്ഷിക്കാതിരുന്നത് മോഷണത്തില്‍ മുന്‍കാല ചരിത്രം ഉള്ളതുകൊണ്ടാണ് എന്നാണ് വ്യക്തമായത്.
അഷറഫിന്റെ വീട്ടില്‍ നിന്നും സ്വര്‍ണവും പണവും മോഷണം പോയതോടെയാണ് സമാന മോഷണ സംഭവങ്ങളിലേക്ക് പോലീസ് അന്വേഷണം നടത്തിയത്. ഇതോടെയാണ് കീച്ചേരിയിലെ മോഷണം പരിശോധിച്ചത്. ഈ മോഷണം നടക്കുന്ന വേളയില്‍ സിസി ടിവിയില്‍ മോഷ്ടാവിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇതില്‍ കഷണ്ടിയുള്ള ആളാണ് മോഷ്ടാവ് എന്നാണ് വ്യക്തമായത്. ഇതോടെയാണ് രണ്ട് മോഷണങ്ങളും തമ്മിലുള്ള താരതമ്യം പോലീസ് നടത്തിയത്. ഇത് കേസ് അന്വേഷണത്തില്‍ വഴിത്തിരിവായി മാറുകയും ചെയ്തു.
കഴിഞ്ഞ വര്‍ഷം കണ്ണൂര്‍ കീച്ചേരിയില്‍ നടന്ന മോഷണത്തിലും ലിജീഷ് പ്രതിയാണെന്നാണ് പൊലീസ് പറയുന്നത്. അന്ന് പ്രതിയെ പിടികൂടാന്‍ സാധിച്ചില്ല. എന്നാല്‍ ഇത്തവണ മോഷണം നടത്തിയപ്പോള്‍ പതിഞ്ഞ വിരലടയാളം ലിജീഷിനെ കുടുക്കി. ഇതോടെയാണ് ഒരു വര്‍ഷം മുന്‍പു നടന്ന കേസിന്റെയും ചുരുളഴിയുന്നത്. കീച്ചേരിയില്‍നിന്ന് നാലര ലക്ഷം രൂപയും പതിനൊന്നര പവന്‍ സ്വര്‍ണവുമാണ് ലിജീഷ് കവര്‍ന്നത്. 3 മാസം മുന്‍പു ഗള്‍ഫില്‍നിന്നു തിരിച്ചുവന്ന ലിജീഷ് വളപട്ടണത്തെ വീട്ടിലെ ജനല്‍ ഇളക്കിയാണ് മോഷണം നടത്തിയത്.
കഴിഞ്ഞ വര്‍ഷം കീച്ചേരിയില്‍ മോഷണം നടത്തിയതും ജനല്‍ ഗ്രില്‍ ഇളക്കിയായിരുന്നു. ഈ സമ്യത പരിശോധിച്ചതോടെ അന്ന് വീട്ടില്‍ നിന്നും ശേഖരിച്ച വിരള്‍ അടയാളവും പോലീസ് സൂക്ഷിച്ചു വെച്ചു. അഷറഫിന്റെ വസതിയില്‍ നിന്നും വിരലടയാളം ലഭിച്ചിരുന്നു. ഈ ഹസ്തരേഖ പരിശോധിച്ചപ്പോള്‍ രണ്ടും സാമ്യമുണ്ടെന്ന് വ്യക്തമായി. ഇതോടെയാണ് പ്രതി ലിജീഷാണെന്ന് പോലീസ് ഉറപ്പിച്ചത്.
സ്വന്തം വീടിനുള്ളിലെ കട്ടിലിന് അടിയില്‍ പ്രത്യേക അറയുണ്ടാക്കി അതിനുള്ളിലാണ് ലിജീഷ് സ്വര്‍ണവും പണവും സൂക്ഷിച്ചത്. വെല്‍ഡിങ് തൊഴിലാളിയായ ലിജീഷ് കട്ടിലിനിടയില്‍ ലോക്കറുണ്ടാക്കുകയായിരുന്നു. ഇത്രയും വലിയ മോഷണ കേസിലെ പ്രതിയെ തൊണ്ടിമുതല്‍ സഹിതം പിടികൂടാനായതിന്റെ ആശ്വാസത്തിലാണ് പൊലീസും നാട്ടുകാരും. പൊലീസുകാര്‍ സ്റ്റേഷനില്‍ ലഡു വിതരണം ചെയ്തു. ലിജീഷിനെ പിടികൂടിയത് അറിഞ്ഞ പലര്‍ക്കും ആശ്ചര്യമാണ്. ഇങ്ങനെയൊക്കെ ഇയാള്‍ ചെയ്യുമോയെന്നാണ് പ്രദേശവാസികള്‍ ചോദിക്കുന്നത്. ലിജീഷിന്റെ വീട്ടില്‍ നിന്നും പണവും സ്വര്‍ണവും പൊലീസ് കണ്ടെടുത്തു.
അഷ്‌റഫിന്റെ വീട്ടില്‍ പരിശോധനയ്ക്കിടെ പൊലീസ് നായ മണം പിടിച്ചു പോയത് ലിജീഷിന്റെ വീടിന്റെ മുന്നിലൂടെയായിരുന്നു. കഴിഞ്ഞ കുറച്ചു ദിവസമായി അഷ്‌റഫിന്റെ അയല്‍വാസിയായ ഇയാളെ പൊലീസ് നിരീക്ഷിച്ചിരുന്നു. അഷ്‌റഫിന്റെ വിവരങ്ങളെല്ലാം അറിയുന്ന വീടുമായി അടുത്ത ബന്ധമുള്ളയാളാണ് കവര്‍ച്ചയ്ക്കു പിന്നിലെന്ന് പൊലീസ് ആദ്യം മുതല്‍ സംശയിച്ചതാണു വഴിത്തിരിവായത്.
അഷ്‌റഫും കുടുംബവും 19ന് രാത്രി തമിഴ്‌നാട്ടിലെ മധുരയില്‍ വിവാഹത്തിനു പോയ തക്കത്തിലായിരുന്നു മോഷണം. 24ന് കുടുംബം തിരിച്ചെത്തിയപ്പോഴാണ് മോഷണം നടന്ന വിവരം അറിഞ്ഞത്. ഇരുപതംഗ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചായിരുന്നു അന്വേഷണം.lijeesh-is-a-habitual-thief-