മാനവേന്ദ്ര സിങ് ആഗ്രഹിച്ചത് മകന്‍ തന്റെ മെഡിക്കല്‍ കരിയര്‍ പിന്തുടരണമെന്ന്; നീറ്റ് എഴുതാന്‍ സമ്മര്‍ദ്ദം ചെലുത്തിയപ്പോള്‍ വഴക്കും ഒളിച്ചോട്ടവും; ഒടുവില്‍ അറ്റകൈ പ്രയോഗമായി പിതാവിനെ വെടിവെച്ച് കൊന്ന് മകന്‍; ഒഴിഞ്ഞ മുറിയില്‍ പിതാവിന്റെ മൃതദേഹം കഷ്ണങ്ങളാക്കി; സഹോദരി കണ്ടപ്പോള്‍ ഭീഷണിപ്പെടുത്തി നിശബ്ദയാക്കി; പിതാവിനെ കാണാനില്ലെന്ന പോലീസ് പരാതിയില്‍ വാദി ഒടുവില്‍ പ്രതിയായി!
മാനവേന്ദ്ര സിങ് ആഗ്രഹിച്ചത് മകന്‍ തന്റെ മെഡിക്കല്‍ കരിയര്‍ പിന്തുടരണമെന്ന്
ലഖ്‌നൗ: മകന്‍ തന്റെ വഴിയെ പിന്തുടരണമെന്ന് ശാഠ്യം പിടിച്ചതാണ് ഉത്തര്‍പ്രദേശിലെ ബിസിനസുകാരനായ മാനവേന്ദ്ര സിങ്ങിന് ജീവന്‍ നഷ്ടമാക്കാന്‍ ഇടയാക്കിയ കാര്യം. നീറ്റ് പരീക്ഷയ്ക്ക് സമ്മര്‍ദ്ദം ചെലുത്തിയ പിതാവിനെ വെടിവച്ച് കൊന്ന് മകന്‍ വെട്ടി നുറുക്കിയ വാര്‍ത്തയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമ്പോള്‍ നടക്കുന്ന കാര്യങ്ങളാണ് പുറത്തുവരുന്നത്. പിതാവിനെ കൊലപ്പെടുത്തിയ മകന്‍ തെളിവു നശിപ്പിക്കാനായി വലിയ ആസൂത്രണമാണ് നടത്തിയതും.
പിതാവിന്റെ ശരീര ഭാഗങ്ങള്‍ വെട്ടിനുറുക്കി ഡ്രമ്മിലും മറ്റു പലയിടത്തുമായി ഉപേക്ഷിക്കുകയായിരുന്നു. ലഖ്നൗവില്‍ മാനവേന്ദ്ര സിങ്ങിനെ ദാരുണമായി കൊലപ്പെടുത്തിയ കേസില്‍ 21കാരനായ മകന്‍ അക്ഷത് പ്രതാപ് സിങ്ങാണ് അറസ്റ്റിലായത്. മകനുമായുള്ള ഭാവി കരിയര്‍ സംബന്ധിച്ച തര്‍ക്കത്തിനൊടുവില്‍ പിതാവിനെ വെടിവച്ച് കൊല്ലുകയായിരുന്നു.
ഫാര്‍മസ്യൂട്ടിക്കല്‍, മദ്യ വ്യാപാരം തുടങ്ങിയ മേഖലകളില്‍ ബിസിനസ് നടത്തിയിരുന്ന 49കാരനായ മാനവേന്ദ്ര സിങ്ങിനെ വെള്ളിയാഴ്ച മുതല്‍ കാണാനില്ലായിരുന്നു. വീട്ടിലെ ഒരു വീപ്പയില്‍ നിന്ന് ചില ശരീരഭാഗങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മകന്‍ അക്ഷത് പ്രതാപ് സിങ്ങിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോഴാണ് സംഭവകഥ ചുരുളഴിഞ്ഞതെന്ന് പൊലീസ് പറഞ്ഞു. വിശദമായ ചോദ്യം ചെയ്യലിനൊടുവില്‍ കൊലപാതകം നടത്തിയതായും മൃതദേഹം മറവു ചെയ്തതായും അക്ഷത് സമ്മതിച്ചതായി പൊലീസ് പറഞ്ഞു.
തന്റെ മകനെ നീറ്റ് മത്സര പരീക്ഷ എഴുതിപ്പിക്കണമെന്നും മെഡിക്കല്‍ കരിയര്‍ പിന്തുടരണമെന്നും മാനവേന്ദ്ര സിങ് ആഗ്രഹിച്ചിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ മകന്‍ അതിനെ എതിര്‍ത്തു. ഇതിന്റെ പേരില്‍ ഇരുവരും തമ്മില്‍ ഇടയ്ക്കിടെ തര്‍ക്കങ്ങള്‍ ഉണ്ടാകാറുണ്ടായിരുന്നു. കൂടാതെ ഇതിന്റെ പേരില്‍ യുവാവ് ഒരിക്കല്‍ വീട്ടില്‍ നിന്ന് ഒളിച്ചോടുകയും ചെയ്തിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരം 4.30 ഓടെ പിതാവും മകനും തമ്മില്‍ വീണ്ടും ഒരു തര്‍ക്കമുണ്ടായി. തുടര്‍ന്ന് അക്ഷത് തന്റെ പിതാവിനെ തോക്കുപയോഗിച്ച് വെടിവച്ചു. തുടര്‍ന്ന് മൃതദേഹം മൂന്നാം നിലയില്‍ നിന്ന് താഴത്തെ നിലയിലേക്ക് കൊണ്ടുപോവുകയും, ഒഴിഞ്ഞ മുറിയില്‍ വച്ച് കഷ്ണങ്ങളാക്കുകയും ചെയ്തു. സഹോദരി അക്ഷതിനെ കണ്ടപ്പോള്‍ അവളെ ഭീഷണിപ്പെടുത്തി നിശബ്ദയാക്കി. തുടര്‍ന്ന് അയാള്‍ സഹോദരിയുടെ മുന്നില്‍ വച്ച് മൃതദേഹം കഷ്ണങ്ങളാക്കി മുറിക്കുന്നത് തുടര്‍ന്നു. ശരീരഭാഗങ്ങള്‍ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞു. ശേഷം ചിലത് സദരുണയ്ക്ക് സമീപം ഉപേക്ഷിച്ചു. ഏതാനും ചില ശരീര ഭാഗങ്ങള്‍ വീടിനുള്ളില്‍ സൂക്ഷിച്ചിരുന്ന നീല ഡ്രമ്മില്‍ ഇട്ടു.
പ്രതി കുറ്റസമ്മതം നടത്തിയതിന് ശേഷം പൊലീസ് ഫോറന്‍സിക് സംഘത്തെ വിളിച്ചുവരുത്തി. അവര്‍ വീട്ടില്‍ നിന്ന് സാമ്പിളുകള്‍ ശേഖരിച്ചു. കൂടുതല്‍ ശരീരഭാഗങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിക്കുകയാണ്. കോടതിയില്‍ ഹാജരാക്കിയ അക്ഷതിനെ വിശദമായ അന്വേഷണം നടത്താനായി പൊലീസ് വീണ്ടും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
മൃതദേഹത്തിന്റെ തലഭാഗം ഇപ്പോഴും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. മൃതദേഹം കത്തിച്ചു കളയാനും അക്ഷിത് പദ്ധതി ഇട്ടതായ സൂചനയുണ്ട്. ഇതിനായി അക്ഷത് 10 ലിറ്റര്‍ മണ്ണെണ്ണയും കരുതിയിരുന്നു. തെളിവ് നശിപ്പിക്കാന്‍ മൃതദേഹം കത്തിക്കാന്‍ ഉദ്ദേശിച്ചിരുന്നതായാണ് വിവരം. കൊലപാതകത്തിന് ശേഷം പിതാവിനെ കാണാനില്ലെന്ന് പറഞ്ഞ് പോലീസില്‍ പരാതി നല്‍കിയത് അക്ഷത് തന്നെയായിരുന്നു. എന്നാല്‍, പോലീസിന്റെ ചോദ്യം ചെയ്യലില്‍ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയതിനെത്തുടര്‍ന്ന് നടത്തിയ വിശദമായ അന്വേഷണത്തില്‍ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
സംഭവസ്ഥലത്ത് ഫോറന്‍സിക് സംഘം പരിശോധന നടത്തി. പ്രതിയെ കസ്റ്റഡിയിലെടുത്ത് കൂടുതല്‍ ചോദ്യം ചെയ്തുവരികയാണെന്ന് പോലീസ് അറിയിച്ചു. തീര്‍ത്തും ദാരുണമായ ഈ കൊലപാതകത്തിന് പിന്നില്‍ മറ്റു കാരണങ്ങളുണ്ടോ എന്നും പോലീസ് അന്വേഷഇക്കുന്നുണ്ട്. ഇതിനായി പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. അയല്‍വാസികളുടെ ഇടപെടലാണ് ക്രൂരമായ ഈ കൊലപാതകം പുറത്തുകൊണ്ടുവരാന്‍ സഹായിച്ചതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
