കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ്; മുഖ്യ പ്രതിയായ കൊല്ലം സ്വദേശി അറസ്റ്റില്‍: വ്യാജ ചെക്ക് ഉപയോഗിച്ച് മരിച്ചവരുടെ അക്കൗണ്ടില്‍ നിന്നടക്കം മുജീബ് തട്ടിയെടുത്തത് പതിനാറ് ലക്ഷത്തോളം രൂപ

കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പ്; മുഖ്യ പ്രതി അറസ്റ്റില്‍

Update: 2024-11-26 00:05 GMT

തിരുവനന്തപുരം: കഴക്കൂട്ടം സബ് ട്രഷറി തട്ടിപ്പില്‍ ഒളിവില്‍ പോയ മുഖ്യ പ്രതി മുജീബ് (42) കീഴടങ്ങി. മരിച്ചവരുടെ അടക്കം പലരില്‍ നിന്നായി 16 ലക്ഷത്തോളം രൂപ വ്യാജ ചെക്ക് ഉപയോഗിച്ച് തട്ടിയെടുത്ത കേസിലെ പ്രധാന പ്രതിയാണ് കഴക്കൂട്ടം ട്രഷറിയിലെ മുന്‍ ക്ലര്‍ക്കും കൊല്ലം സ്വദേശിയുമായ മുജീബ്. ഇയാള്‍ ഇന്നലെ രാത്രി കഴക്കൂട്ടം പൊലീസിലെത്തി കീഴടങ്ങുക ആയിരുന്നു. ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തി.

കഴിഞ്ഞ ജൂണിലാണ് ശ്രീകാര്യം ചെറുവയ്ക്കല്‍ സ്വദേശി എം. മോഹനകുമാരിയുടെ അക്കൗണ്ടില്‍ നിന്നും രണ്ടര ലക്ഷം രൂപ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. മകളുടെ ഒപ്പം വിദേശത്തായിരുന്ന മോഹന കുമാരി തിരിച്ചെത്തിയപ്പോള്‍ നടത്തിയ പരിശോധനയിലാണ് അക്കൗണ്ടില്‍ നിന്നും പണം നഷ്ടപ്പെട്ടതായി മനസ്സിലാക്കിയത്. തുടര്‍ന്ന് ഇവര്‍ പോലിസില്‍ പരാതി നല്‍കി. പിന്നാലെ നടത്തിയ പോലിസ് അന്വേഷണത്തിലാണ് മരണപ്പെട്ടവരടക്കമുള്ളവരില്‍ നിന്നും പണം തട്ടിയെടുത്തതായി തിരിച്ചറിഞ്ഞത്.

നിരവധി പേരുടെ അക്കൗണ്ടുകളില്‍ നിന്നും പണം നഷ്ടപ്പെട്ടു.ഗോപിനാഥന്‍ നായര്‍ എന്നയാളുടെ അക്കൗണ്ടില്‍ നിന്ന് 6,70,000 രൂപയും, ജമീലാ ബീഗത്തിന്റെ അക്കൗണ്ടില്‍ നിന്ന് 3 ലക്ഷം രൂപയും സുകുമാരന്റെ അക്കൗണ്ടില്‍ നിന്നും 2,90,000 രൂപയും ഉള്‍പ്പെടെ 15,10,000 രൂപയാണ് തട്ടിയെടുത്തത്. ട്രഷറിയിലെ സിസിടിവി ക്യാമറ ഓഫ് ചെയ്തതിന് ശേഷമാണ് പണം തട്ടല്‍ നടത്തിയത് എന്ന് കണ്ടെത്തിയിരുന്നു. വ്യാജ ചെക്ക് ഉപയോഗിച്ച് പല തവണകളായിട്ടാണ് പണം തട്ടിയത്. മുജീബ് കഴക്കൂട്ടത്ത് ജോലിയിലുണ്ടായിരുന്നപ്പോഴാണ് തട്ടിപ്പ് നടത്തിയത്. അക്കൗണ്ട് ഉടമകളറിയാതെ അവരുടെ പേരില്‍ ചെക്ക് ബുക്ക് സംഘടിപ്പിച്ചായിരുന്നു തട്ടിപ്പ്. 2024 ഏപ്രില്‍ മുതലായിരുന്നു തട്ടിപ്പ് നടത്തിയത്. ജില്ലാ ട്രഷറി ഓഫീസര്‍ നല്‍കിയ പരാതിയില്‍ രണ്ട് കേസുകളാണ് കഴക്കൂട്ടം പൊലീസ് രജിസ്റ്റര്‍ ചെയ്തത്.

ട്രഷറി വകുപ്പ് നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്ന് ആറ് പേരെ ജൂണില്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു. ക്ലര്‍ക്ക് മുജീബ്, ജൂനിയര്‍ സൂപ്രണ്ടുമാരായ സാലി, സുജ അക്കൗണ്ടന്റ്മാരായ ഷാജഹാന്‍, വിജയരാജ്, ഗിരീഷ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തിരുന്നത്. സസ്‌പെന്‍ഷനിലായ ജൂനിയര്‍ അക്കൗണ്ടന്റ് വിജയരാജിനെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഒളിവിലായിരുന്ന മുജീബ് പൊലീസ് പിടികൂടുമെന്ന് കണ്ടതോടെയാണ് കീഴടങ്ങിയത്. അറസ്റ്റ് രേഖപ്പെടുത്തിയ ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Tags:    

Similar News