തായ്‌വാനിലേക്ക് എംഡിഎംഎ അയച്ചെന്ന് പറഞ്ഞു; ഒരു മണിക്കൂറോളം വെര്‍ച്വല്‍ അറസ്റ്റിലാക്കി; മുംബൈ പോലീസ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞു വിളി; വ്യാജ ഐ.ഡി. കാര്‍ഡ് അടക്കം കൈമാറി; തട്ടിപ്പെന്ന് തിരിച്ചറിഞ്ഞതു കൊണ്ട് രക്ഷപ്പെട്ടു; നടി മാലാ പാര്‍വതിയെ കുടുക്കാന്‍ ശ്രമിച്ച് സൈബര്‍ തട്ടിപ്പു സംഘം

തായ്‌വാനിലേക്ക് എംഡിഎംഎ അയച്ചെന്ന് പറഞ്ഞു

Update: 2024-10-14 08:17 GMT

കോഴിക്കോട്: വിര്‍ച്വല്‍ അറസ്റ്റുകളുടെ പേരു പറഞ്ഞ് തട്ടിപ്പുകള്‍ പതിവായ കാലമാണ്. മുംബൈ പോലീസ് ഉദ്യോഗസ്ഥരുടെ പേരു പറഞ്ഞ് നടി മാലാ പാര്‍വതിയെയും തട്ടിപ്പില്‍ വീഴ്ത്താന്‍ ശ്രമം നടന്നു. തയ്വാനിലേക്ക് ലഹരിമരുന്നടക്കം അയച്ചെന്ന് പറഞ്ഞാണ് വെര്‍ച്വല്‍ അറസ്റ്റിലാക്കി ചോദ്യം ചെയ്യാനാണ് ശ്രമം നടന്നത്. കെണിയാണെന്ന് മനസ്സിലാക്കി കൊണ്ട് നടി സമര്‍ത്ഥമായി രക്ഷപെട്ടു. കൊറിയര്‍ തടഞ്ഞുവെച്ചെന്ന് പറഞ്ഞായിരുന്നു തട്ടിപ്പു സംഘം മാലാ പാര്‍വതിയെ ഫോണ്‍ ചെയ്തത്. എന്നാല്‍ പെട്ടെന്ന് തന്നെ ബുദ്ധിപരമായി പ്രവര്‍ത്തിച്ചതിനാല്‍ തട്ടിപ്പു സംഘത്തില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു മാലാ പാര്‍വതി മാധ്യമങ്ങളോട് പറഞ്ഞു.

മുംബൈ പോലീസ് ഉദ്യോഗസ്ഥരെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. ഒരു മണിക്കൂറോളം വെര്‍ച്വല്‍ അറസ്റ്റിലാക്കി. വ്യാജ ഐ.ഡി. കാര്‍ഡ് അടക്കം കൈമാറി. പെട്ടെന്ന് തന്നെ തട്ടിപ്പെന്ന് തിരിച്ചറിഞ്ഞതു കൊണ്ട് രക്ഷപ്പെട്ടു. അതേസമയം പണം നഷ്ടമായിട്ടില്ലെന്ന് നടി പറഞ്ഞു. സംഭവത്തെ പറ്റി നടി പറഞ്ഞത് ഇങ്ങനെ:

മധുരയില്‍ ഷൂട്ടിങ്ങിലായിരുന്നു. രാത്രി ഷൂട്ടിങ് കഴിഞ്ഞ് ഉറങ്ങി എഴുന്നേറ്റ ശേഷം രാവിലെ 10 മണിയോടെയായിരുന്നു കോള്‍ വരുന്നത്. കൊറിയര്‍ പിടിച്ചുവെച്ചിട്ടുണ്ടെന്നായിരുന്നു കോളില്‍ പറഞ്ഞത്. വിക്രം സിങ് എന്ന ആളാണ് സംസാരിച്ചത്. എന്റെ ആധാര്‍ കാര്‍ഡ് ദുരുപയോഗം ചെയ്ത് തായ്വാനിലേക്ക് അനധികൃത സാധനങ്ങളടങ്ങിയ പാക്കേജ് പോയിട്ടുണ്ട് എന്നാണ് അവര്‍ പറഞ്ഞത്. കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചപ്പോള്‍ അഡ്രസും ബാങ്ക് വിവരങ്ങളടക്കം ചോദിച്ചറിഞ്ഞു.

അഞ്ച് പാസ്‌പോര്‍ട്ട്, മൂന്ന് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, ലാപ്‌ടോപ്പ്, 200 ഗ്രാം എം.ഡി.എം.എ. തുടങ്ങിയവയായിരുന്നു പാക്കേജില്‍ ഉണ്ടായിരുന്നതെന്നാണ് അവര്‍ പറഞ്ഞത്. മുംബൈ ക്രൈം ബ്രാഞ്ച് ആണെന്ന് ഉറപ്പിക്കാന്‍ ഐ.ഡി. കാര്‍ഡ് അടക്കം അവര്‍ അയച്ചു. സഹകരിക്കണമെന്ന് പറഞ്ഞ് ലൈവില്‍ ഇരുത്തുകയായിരുന്നു. സംഭവത്തില്‍ ബോംബെയില്‍ ഒരാള്‍ മരിച്ചിട്ടുണ്ടെന്നും ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും തട്ടിപ്പുകാര്‍ പറഞ്ഞു.

വാട്‌സാപ്പിലായിരുന്നു സംസാരം. ഇതിനിടെ പെട്ടെന്ന് തന്നെ ഇവരുടെ ഐ.ഡി. കാര്‍ഡ് ഗൂഗിളില്‍ പരിശോധിച്ചു. ഐ.ഡി. കാര്‍ഡില്‍ അശോകസ്തംഭം കാണാത്തതിനാല്‍ സംശയം തോന്നി. ഇതോടെ ട്രാപ്പ് ആണെന്ന് മാനേജര്‍ അപ്പോള്‍ തന്നെ പറയുന്നുണ്ട്. എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ കൈയില്‍ ഫോണ്‍ കൊടുത്ത് സംസാരിച്ചപ്പോഴേക്കും അവര്‍ കോള്‍ കട്ടാക്കി പോയെന്നും മാല പാര്‍വതി പറഞ്ഞു. 72 മണിക്കൂര്‍ നേരത്തേക്ക് തന്നെ നിരീക്ഷണത്തിലാക്കി എന്നാണ് അവര്‍ അവകാശപ്പെട്ടതെന്നും നടി പറഞ്ഞു.

അടുത്തകാലത്തായി സമാനമായി വിധത്തില്‍ നിരവധി സൈബര്‍ തട്ടിപ്പുകള്‍ നടന്നിട്ടുണ്ട്. ചിലര്‍ക്ക് കോടികള്‍ ഇതുവഴി നഷ്ടമായി സംഭവവുമുണ്ട്. സംഗീത സംവിധായകന്‍ ജെറി അമല്‍ദേവില്‍നിന്ന് പണം തട്ടാന്‍ സൈബര്‍ തട്ടിപ്പ് സംഘം അടുത്തടെ ശ്രമം നടത്തിയിരുന്നു. സിബിഐ റജിസ്റ്റര്‍ ചെയ്ത കേസില്‍ 'വെര്‍ച്വല്‍ അറസ്റ്റ്' ചെയ്‌തെന്ന് വിശ്വസിപ്പിച്ച് 1,70,000 രൂപ തട്ടിപ്പ് സംഘം ആവശ്യപ്പെടുകയായിരുന്നു. പണം പിന്‍വലിക്കാന്‍ ബാങ്കിലെത്തിയപ്പോഴാണ് തട്ടിപ്പാണെന്ന് മനസ്സിലായതും കെണിയില്‍ നിന്നും അദ്ദേഹം രക്ഷപെട്ടതും.

Tags:    

Similar News