മാമിയെ കാണാതായ ദിവസം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുടുംബം പരാതി നല്‍കി; കുടുംബത്തിന്റെ 'അതിവേഗ' പരാതിയില്‍ ദുരൂഹത; താന്‍ പൂര്‍ണമായും ഒറ്റപ്പെട്ടു, പോലീസ് വേട്ടയാടുന്നു; ആരോപണവുമായി മാമിയുടെ ഡ്രൈവര്‍ രജിത്ത്

മാമിയെ കാണാതായ ദിവസം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുടുംബം പരാതി നല്‍കി

Update: 2025-01-11 08:20 GMT

കോഴിക്കോട്: റിയല്‍ എസ്റ്റേറ്റ് വ്യാപാരി മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തില്‍ മാമിയുടെ കുടുംബത്തിനെതിരേയും അന്വേഷണ സംഘത്തിനെതിരേയും ആരോപണങ്ങളുമായി മാമിയുടെ ഡ്രൈവര്‍ രജിത്തും കുടുംബവും. മാമിയുടെ തിരോധാനത്തിലെ പരാതിയിലും ദുരൂഹതയുണ്ടെന്നാണ് ആരോപണം. റിയല്‍ എസ്റ്റേറ്റ് വ്യാപാരിയായ മാമി ബിസിനസ് ആവശ്യങ്ങള്‍ക്കായി പല സ്ഥലത്തും പോവാറുണ്ട്. രണ്ടുമൂന്ന് ദിവസങ്ങള്‍ കഴിഞ്ഞ് തിരിച്ചെത്തുന്ന സാഹചര്യങ്ങളും ഉണ്ടാവാറുണ്ട്. എന്നാല്‍ മാമിയെ കാണാതായ ദിവസം മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുടുംബം പരാതി നല്‍കി. ഇതില്‍ അസ്വാഭാവികത ഉണ്ടെന്നും ഇക്കാര്യം പോലീസ് അന്വേഷിക്കുന്നില്ലെന്നും രജിത്ത് മാധ്യമങ്ങളോട് പറഞ്ഞു.

മാമിയുടെ തിരോധാനവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ ഡ്രൈവര്‍ എലത്തൂര്‍ സ്വദേശി രജിത്ത് കുമാര്‍, ഭാര്യ തുഷാര എന്നിവരെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തിരുന്നു. ഇതിനുപിന്നാലെ ഇവരെ കാണാനില്ലെന്നുകാണിച്ച് തുഷാരയുടെ സഹോദരന്‍ പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ഗുരുവായൂരില്‍ വെച്ചാണ് ഇരുവരെയും കണ്ടെത്തിയത്. തുടര്‍ന്നു നടന്ന അന്വേഷണത്തിന് ഒടുവില്‍ ഗുരുവായൂരില്‍വെച്ച് ഇരുവരേയും കണ്ടെത്തി.

മാമിയെ കാണാതായ ശേഷം പോലീസ് തന്നെയും സുഹൃത്തുക്കളേയും മക്കള്‍ ഉള്‍പ്പടെയുള്ള കുടുംബാങ്ങളേയും വേട്ടയാടുന്നുവെന്നും രജിത്ത് മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു. സുഹൃത്തുക്കളെ വിളിക്കാനാകുന്നില്ല. താന്‍ പൂര്‍ണമായും ഒറ്റപ്പെട്ടു. ഭാര്യയെ പൊലീസ് വിളിപ്പിച്ചു, പത്ത് മണി മുതല്‍ അഞ്ച് മണി വരെ ചോദ്യം ചെയ്തു, മകനെയും ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചു. രാവിലെ നാല് മണിക്ക് ഗേറ്റ് ചാടിക്കടന്ന് പോലീസ് വാതിലില്‍ മുട്ടുന്നു. ഭാര്യയുടെ ഫോണ്‍ പോലീസ് വാങ്ങിവെച്ചു. പത്ത് ദിവസമായി കാറ് കൊണ്ടുപോയിട്ടെന്നും രജിത്ത് കുമാര്‍ പറഞ്ഞു. മാമി അവസാനമായി പള്ളിയിലേക്ക് പോകുന്നത് കണ്ടിട്ടുണ്ട്. പോലീസ് ചോദിക്കുന്ന എല്ലാ കാര്യവും തനിക്കറിയാത്തതാണെന്നും രജിത് കുമാര്‍ പറഞ്ഞു.

ക്രൈംബ്രാഞ്ച് വിളിപ്പിച്ചതിനെത്തുടര്‍ന്ന്, കഴിഞ്ഞ ചൊവ്വാഴ്ച വീട്ടില്‍നിന്നുപോയ രജിത്തും തുഷാരയും കോഴിക്കോട് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് സമീപത്തെ ലോഡ്ജില്‍ മുറിയെടുത്ത് താമസിക്കുകയായിരുന്നു. വ്യാഴാഴ്ച മുറി ഒഴിഞ്ഞുപോയെന്നും പിന്നീട് ഇരുവരെയും കുറിച്ച് വിവരമില്ലെന്നായിരുന്നു സഹോദരന്റെ പരാതി. വെള്ളിയാഴ്ച രാവിലെ ഇരുവരുടെയും ഫോട്ടോ ഉള്‍പ്പെടുത്തി പോലീസ് ലുക്ക് ഔട്ട് സര്‍ക്കുലര്‍ പ്രസിദ്ധീകരിച്ചു. ഈ നോട്ടീസ് ഗുരുവായൂര്‍ അസി. കമ്മിഷണര്‍ കെ.എം. ബിജു അവിടത്തെ ഹോട്ടലുടമകളുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ പ്രചരിപ്പിച്ചിരുന്നു. ഇത് ശ്രദ്ധയില്‍പ്പെട്ടാണ് ഹോട്ടലുടമ പോലീസില്‍ വിവരമറിയിച്ചത്.

ഇതിനിടെ, മാമി തിരോധാനവുമായി ബന്ധപ്പെട്ട് നേരത്തേ രൂപീകൃതമായ വാട്‌സാപ്പ് ഗ്രൂപ്പില്‍ രജിത്ത് വെള്ളിയാഴ്ച വൈകീട്ട് നാല് ശബ്ദസന്ദേശങ്ങള്‍ അയച്ചു. തന്റെ കുടുംബം തകര്‍ന്നാല്‍ പലര്‍ക്കും സമാധാനംകിട്ടുമെന്നായിരുന്നു അതിലൊന്ന്. മനഃസമാധാനത്തിനുവേണ്ടിയാണ് ഗുരുവായൂരില്‍ പോയതെന്നും താന്‍ ജീവന്‍ അവസാനിപ്പിച്ചാല്‍ ചിലര്‍ക്ക് സന്തോഷമാകുമെന്നുമായിരുന്നു മറ്റു സന്ദേശങ്ങളുടെ ഉള്ളടക്കം.

Tags:    

Similar News