മദ്യപിച്ചെത്തി ബഹളം വയ്ക്കുന്നത് സ്ഥിരം കലാപരിപാടി; സഹികെട്ട അയൽവാസി ചോദ്യം ചെയ്തു; പക ഉള്ളിലൊതുക്കി; പിന്നാലെ അയല്‍വാസിയുടെ വീട് തീവെച്ചു നശിപ്പിച്ചു; മുഴുവൻ സാധനങ്ങളും കത്തിചാമ്പലായി; ഒടുവിൽ പ്രതി കുടുങ്ങിയത് ഇങ്ങനെ..!

Update: 2024-11-23 09:30 GMT

കല്‍പ്പറ്റ: ചെറിയ കാര്യങ്ങൾക്ക് വരെ മനുഷ്യർ വലിയ ക്രൂരകൃത്യങ്ങളാണ് നടത്തുന്നത്. പക മനസ്സിൽ വച്ചാണ് പലരും കൃത്യങ്ങൾ നടത്തുന്നത്. അതുപോലൊരു സംഭവമാണ് വയനാട് കൽപ്പറ്റയിൽ നടന്നിരിക്കുന്നത്. അയല്‍വാസിയുടെ വീട് തീവെച്ചു നശിപ്പിച്ചെന്ന കേസുമായി ബന്ധപ്പെട്ട് യുവാവിനെ കേണിച്ചിറ പോലീസ് പിടികൂടി.

നടവയല്‍ എടലാട്ട് നഗര്‍ കേശവന്‍ (32) നെയാണ് വീടിന് തീവെച്ച കേസിൽ പോലീസ് അറസ്റ്റ് ചെയ്തത്. എടലാട്ട് നഗര്‍ പുഞ്ചകുന്നില്‍ താമസിക്കുന്ന ബിനീഷിന്റെ വീടാണ് ഈ മാസം 11ന് രാത്രി ഇയാള്‍ തീവെച്ച് നശിപ്പിച്ചത്. ഇയാള്‍ കൃത്യം നടത്തുമ്പോള്‍ വീട്ടില്‍ ആളില്ലാതിരുന്നതിനാല്‍ മാത്രമാണ് ആളപായം സംഭവിക്കാത്തത്. പക്ഷെ വീട്ടിനുള്ളില്‍ സൂക്ഷിച്ചിരുന്ന വസ്തുവകകളെല്ലാം നശിച്ചു. വീടിന് വ്യാപക നാശനഷ്ടങ്ങളാണ് സംഭവിച്ചിരിക്കുന്നത്.

കുട്ടികളുടെ അടക്കം മുഴുവന്‍ വസ്ത്രങ്ങളും പുസ്തകങ്ങളും മറ്റു പഠനസാമഗ്രികളും ഉള്‍പ്പെടെ ഒന്നും വീണ്ടെടുക്കാന്‍ കഴിയാത്ത വിധം ആളിക്കത്തി നശിച്ചു. പ്രതി സ്ഥിരമായി മദ്യപിച്ചു ബഹളം ഉണ്ടാക്കുന്നത് ചോദ്യം ചെയ്തതിലുള്ള വിരോധമാണ് ക്രൂര കൃത്യം നടത്താന്‍ ഇയാളെ പ്രേരിപ്പിച്ചതെന്ന് പോലീസ് വ്യക്തമാക്കി. പ്രതി കേശവന്‍ സഹോദരന്മാരായ രണ്ടുപേരെ കൊലപ്പെടുത്തിയ കേസിലും പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

സ്റ്റേഷന്‍ ഹൗസ് ഓഫീസർ ദിലീപിന്റെ നിര്‍ദേശാനുസരണം സബ് ഇന്‍സ്‌പെക്ടര്‍ ഇ.കെ. ബാബു, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ഷെമ്മി, ഹരിദാസ്, സിവില്‍ പോലീസ് ഓഫീസര്‍മാരായ മഹേഷ്, ശിവദാസന്‍ എന്നിവരാണ് കേസില്‍ അന്വേഷണം നടത്തിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാന്‍ഡ് ചെയ്തു.

Tags:    

Similar News