ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തതിന്റെ പകയോ? ഹിമാനി നര്‍വാള്‍ കൊലപാതക കേസില്‍ ബഹദൂര്‍ഖണ്ഡ് സ്വദേശിയായ ആണ്‍സുഹൃത്ത് അറസ്റ്റില്‍; പ്രതിയാരാണെന്ന് അറിയുന്നത് വരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് ബന്ധുക്കള്‍; എസ്ഐടി രൂപീകരിച്ചു; അന്വേഷണം പുരോഗമിക്കുന്നുവെന്ന് ഹരിയാന പൊലീസ്

ഹിമാനി നര്‍വാള്‍ കൊലപാതക കേസില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍

Update: 2025-03-03 06:41 GMT

ഛണ്ഡീഗഢ്: കോണ്‍ഗ്രസ് പ്രവര്‍ത്തക ഹിമാനി നര്‍വാളിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് ആണ്‍സുഹൃത്ത് അറസ്റ്റില്‍. ഹരിയാന ബഹദൂര്‍ഖണ്ഡ് സ്വദേശിയാണ് പിടിയിലായത്. ഹിമാനി ഇയാളെ ഭീഷണിപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുത്തതാണ് കൊലയ്ക്ക് കാരണമായെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. ഇയാളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്ത് വിട്ടിട്ടില്ല. ശനിയാഴ്ചയാണ് റോഹ്തക്കില്‍ സ്യൂട്ട്‌കേസിലാക്കിയ നിലയില്‍ നര്‍വാളിന്റെ മൃതദേഹം കണ്ടെത്തിയത്.

കേസ് അന്വേഷിക്കാന്‍ ഹരിയാന പൊലീസ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്ഐടി) രൂപീകരിച്ചിരുന്നു. ഒരാളെ അറസ്റ്റ് ചെയ്തതായും കൂടുതല്‍ അന്വേഷണം പുരോഗമിക്കുകയാണെന്നും ഹരിയാന പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രതിയെ ചോദ്യം ചെയ്തു വരികയാണെന്നും അന്വേഷണം പുരോഗമിക്കുന്നുണ്ടെന്നും ഹരിയാന പൊലീസ് വാര്‍ത്താ ഏജന്‍സിയായ പിടിഐയോട് പറഞ്ഞു. 4 പ്രത്യേക സംഘങ്ങളായി തിരിഞ്ഞാണ് അന്വേഷണം നടത്തുന്നത്.

ഹിമാനിയെ കൊലപ്പെടുത്തിയവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ഹിമാനിയുടെ കുടുംബം ആവശ്യപ്പെട്ടു. 'നിരവധി തെറ്റായ വിവരങ്ങള്‍ മാധ്യമങ്ങള്‍ വഴി പ്രചരിക്കുന്നുണ്ട്. ഞങ്ങള്‍ക്ക് നീതി വേണം. ഒരു പ്രതിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയാരാണെന്ന് ഇപ്പോഴും ഞങ്ങള്‍ക്ക് അറിയില്ല. പോലീസ് യാതൊരു വിവരവും നല്‍കുന്നില്ല. ഹിമാനിയെ കൊലപ്പെടുത്തിയവര്‍ക്ക് വധശിക്ഷ നല്‍കണം''- ഹിമാനിയുടെ സഹോദരന്‍ ജതിന്‍ ദേശീയ മാധ്യമമായ എഎന്‍ഐയോട് പറഞ്ഞു. പ്രതിയാരാണെന്ന് അറിയുന്നത് വരെ ഹിമാനിയുടെ മൃതദേഹം സംസ്‌കരിക്കില്ലെന്നാണ് ഹിമാനിയുടെ അമ്മാവന്‍ രവീന്ദര്‍ പറയുന്നത്.

കൊലയാളികളെ അറസ്റ്റ് ചെയ്യുന്നതുവരെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് നര്‍വാളിന്റെ കുടുംബം അറിയിച്ചിരുന്നു. നര്‍വാളിന്റെ വളര്‍ച്ചയില്‍ പാര്‍ട്ടിയിലെ പലര്‍ക്കും അസൂയയുണ്ടായിരുന്നുവെന്ന് മാതാവ് സവിത ആരോപിച്ചു. 'അവരുടെ ഉയര്‍ച്ചയില്‍ അസൂയ തോന്നിയ പാര്‍ട്ടിയിലെ ആരെങ്കിലുമാകാം, അല്ലെങ്കില്‍ മറ്റാരെങ്കിലുമാകാം' -സവിത മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. 'അവസാനമായി ഞാന്‍ അവളോട് സംസാരിച്ചത് ഫെബ്രുവരി 27നാണ്. അടുത്ത ദിവസം ഒരു പാര്‍ട്ടി പരിപാടിയുമായി തിരക്കിലായിരിക്കുമെന്ന് അവള്‍ പറഞ്ഞിരുന്നു. പക്ഷേ, പിന്നീട് അവളുടെ ഫോണ്‍ സ്വിച്ച് ഓഫായി. എന്റെ മകള്‍ക്ക് നീതി ലഭിക്കുന്നതുവരെ ഞങ്ങള്‍ മൃതദേഹം സംസ്‌കരിക്കില്ല' -സവിത കൂട്ടിച്ചേര്‍ത്തു.

22-കാരിയായ ഹിമാനി നര്‍വാളിന്റെ മൃതദേഹം റോഹ്തക്കിലെ സാംപ്ല ബസ് സ്റ്റാന്‍ഡിന് സമീപത്താണ് ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സാംപ്ല ബസ് സ്റ്റാന്‍ഡില്‍നിന്ന് 200 മീറ്റര്‍ അകലെ സ്യൂട്ട്കേസ് ഉപേക്ഷിച്ച നിലയില്‍ കണ്ട നാട്ടുകാരാണ് പൊലീസില്‍ വിവരമറിയിച്ചത്. സ്ഥലത്തെത്തിയ പൊലീസ് സംഘം സ്യൂട്ട്കേസ് തുറന്ന് പരിശോധിച്ചപ്പോഴാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. കൊല്ലപ്പെട്ടത് യൂത്ത് കോണ്‍ഗ്രസ് നേതാവായ ഹിമാനിയാണെന്ന് പോലീസ് അന്വേഷണത്തില്‍ സ്ഥിരീകരിക്കുകയായിരുന്നു.

ഹിമാനിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം മൃതദേഹം സ്യൂട്ട്കേസിലാക്കുകയായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സോനിപത്തിലെ റിന്ധാന സ്വദേശിയായ ഹിമാനി റോഹ്തക്കിലാണ് താമസിച്ചിരുന്നത്. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര ഹരിയാനയിലെത്തിയപ്പോള്‍ ഹിമാനി സജീവമായി പങ്കെടുത്തിരുന്നു.ഹിമാനി നര്‍വാള്‍ കൊലപാതക കേസില്‍ ബഹദൂര്‍ഖണ്ഡ് സ്വദേശിയായ ആണ്‍സുഹൃത്ത് അറസ്റ്റില്‍

Tags:    

Similar News