കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൂന്നാം ഭാര്യ; മൃതശരീരം ചാക്കിലും പുതപ്പിലും പൊതിഞ്ഞ് കിണറ്റില്‍ തള്ളി; മൃതദേഹം കണ്ടെത്തിത് രണ്ടാം ഭാര്യ; പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞത് വഞ്ചനയുടെയും ഗൂഢാലോചനയുടെയും ഞെട്ടിക്കുന്ന കഥ
കാമുകനൊപ്പം ജീവിക്കാന്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തി മൂന്നാം ഭാര്യ
ഭോപ്പാല്‍: മധ്യപ്രദേശില്‍ ദുരൂഹസാഹചര്യത്തില്‍ അറുപതുകാരന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തിയ കേസില്‍ മൂന്നാം ഭാര്യയും കാമുകനുമടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. അനുപ്പൂര്‍ ജില്ലയില്‍ ഓഗസ്റ്റ് 30നായിരുന്നു സംഭവം. 60 വയസ്സുള്ള ഭയ്യാലാല്‍ രജക് ആണ് കൊല്ലപ്പെട്ടത്. ഭയ്യാലാലിന്റെ മൂന്നാമത്തെ ഭാര്യ മുന്നി എന്ന വിമല രജക് (38), കാമുകനായ നാരായണ്‍ ദാസ് കുഷ്വാഹ എന്ന ലല്ലു (48), തൊഴിലാളിയായ ധീരജ് കോള്‍ (25) എന്നിവരാണ് അറസ്റ്റിലായത്.
കിണറ്റില്‍ മരിച്ചു കിടക്കുകയായിരുന്ന ഭയ്യാലാലിന്റെ മൃതദേഹം രണ്ടാം ഭാര്യയാണ് ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസില്‍ വിവരം അറിയിച്ചു. വിശദമായി നടത്തിയ അന്വേഷണത്തിലാണ് ഭയ്യാലാലിന്റെ കൊലപാതകത്തിനു പിന്നില്‍ മൂന്നാം ഭാര്യയും കാമുകനും ആണെന്ന് കണ്ടെത്തിയത്. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു. കൊലപാതകത്തിനു സഹായിച്ച മറ്റൊരു യുവാവും അറസ്റ്റിലായിട്ടുണ്ട്.
അന്വേഷണത്തിന്റെ പ്രാരംഭഘട്ടത്തില്‍ ഒരു സാധാരണ കൊലപാതകമെന്ന് തോന്നിപ്പിച്ചുവെങ്കിലും പോലീസ് അന്വേഷണം ചെന്നെത്തിയത് വഞ്ചനയുടെയും ഗൂഢാലോചനയുടെയും ഞെട്ടിക്കുന്ന വിവരങ്ങളിലായിരുന്നു. അനുപുരിലെ സകാരിയ ഗ്രാമത്തിലാണ് ഭയ്യാലാല്‍ രജക് എന്നയാളുടെ മൃതദേഹം ചാക്കും പുതപ്പും ഉപയോഗിച്ച പൊതിഞ്ഞുകെട്ടിയ നിലയില്‍ കണ്ടെത്തിയത്.
ഭയ്യാലാലിന്റെ വ്യക്തിജീവിതം സങ്കീര്‍ണമായിരുന്നു. അതുതന്നെയാണ് അയാളുടെ കൊലപാതകത്തിലേക്ക് നയിച്ചതും. മൂന്ന് തവണ വിവാഹിതനായ ഭയ്യാലാലിന്റെ ആദ്യഭാര്യ അയാളെ ഉപേക്ഷിച്ചു പോയി. അതോടെ അയാള്‍ ഗുഡ്ഡി ഭായി എന്ന യുവതിയെ വിവാഹം കഴിച്ചു. ഗുഡ്ഡി ഭായിയില്‍ കുട്ടികള്‍ ജനിക്കാത്തതിനെ തുടര്‍ന്ന് അവരുടെ ഇളയ സഹോദരി മുന്നി എന്ന വിമലയെ ഇയാള്‍ വിവാഹം കഴിച്ചു. മുന്നിയില്‍ ഇയാള്‍ക്ക് രണ്ട് മക്കള്‍ ജനിച്ചു.
എന്നാല്‍ മുന്നിയ്ക്ക് പ്രദേശത്തെ റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായ നാരായണ്‍ ദാസ് കുശ്വാഹയുമായി വിവാഹേതരബന്ധം ഉണ്ടായിരുന്നു. ലല്ലു എന്ന് വിളിപ്പേരുള്ള നാരായണ്‍ ദാസുമായുള്ള ബന്ധം തീവ്രമായതോടെ ഭയ്യാലാലിനെ ഇല്ലാതാക്കാനുള്ള തീരുമാനത്തില്‍ ഇരുവരുമെത്തി. ധീരജ് കോല്‍ എന്ന തൊഴിലാളി യുവാവിനെ ലല്ലു വശത്താക്കി ഭയ്യാലാലിനെ കൊല്ലാനുള്ള പദ്ധതി തയ്യാറാക്കി. അങ്ങനെ ഓഗസ്റ്റ് 30ന് രാത്രി രണ്ടുമണിയോടെ ഉറങ്ങിക്കിടന്ന ഭയ്യാലാലിനെ ലല്ലുവും ധീരജും ചേര്‍ന്ന് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ശേഷം മൃതശരീരം ചാക്കിലും പുതപ്പിലും പൊതിഞ്ഞ് സമീപത്തെ കിണറ്റില്‍ ഉപേക്ഷിച്ചു.
അടുത്ത ദിവസം രാവിലെ ഭയ്യാലാലിന്റെ രണ്ടാമത്തെ ഭാര്യ ഗുഡ്ഡി ഭായിയാണ് കിണറ്റില്‍ പൊങ്ങിക്കിടക്കുന്ന മൃതശരീരം കണ്ടെത്തിയത്. പ്രദേശവാസികള്‍ പോലീസിനെ വിവരമറിയിച്ചു. കിണറ്റില്‍ നിന്ന് മൃതദേഹം പുറത്തെത്തിച്ചു. ഭയ്യാലാലിന്റെ ഫോണും കിണറ്റില്‍ നിന്ന് ലഭിച്ചു. തലയ്ക്കടിയേറ്റാണ് ഭയ്യാലാല്‍ മരിച്ചതെന്ന് പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തി. 36 മണിക്കൂറിനുള്ളില്‍ തന്നെ പോലീസ് കൊലപാതകത്തിന്റെ കാരണവും കാരണക്കാരെയും കണ്ടെത്തി. വിമല, ലല്ലു, ധീരജ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്ത് റിമാന്‍ഡ് ചെയ്തു.