കൊല്ലത്ത് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം മകന്‍ ജീവനൊടുക്കി; അമ്മ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയില്‍; മകനോട് തന്നെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ താന്‍ തന്നെയാണ് പറഞ്ഞതെന്ന് അമ്മ സുജാതയുടെ മൊഴി

കൊല്ലത്ത് അമ്മയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചശേഷം മകന്‍ ജീവനൊടുക്കി

Update: 2025-03-22 12:19 GMT

കൊല്ലം: വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തിന്റെ നടുക്കത്തില്‍ നില്‍ക്കുന്ന കേരളത്തില്‍ മറ്റൊരു നടുക്കുന്ന വാര്‍ത്ത കൂടി. കൊല്ലത്ത് അമ്മയെ കൊലപ്പെടുത്താന്‍ ശ്രമിച്ച ശേഷം മകന്‍ ജീവനൊടുക്കി. കൊല്ലം ആയൂരിലാണ് സംഭവം. ആയൂര്‍ ഇളമാട് സ്വദേശി രഞ്ജിത്ത് (35) ആണ് മരിച്ചത്. രഞ്ജിത്തിന്റെ അമ്മ സുജാതയെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കടുത്ത സാമ്പത്തിക ബാധ്യത തുടര്‍ന്ന് ഇരുവരും ആത്മഹത്യ ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. തുടര്‍ന്ന് ഇരുവരും ആദ്യം അമിതമായി ഉറക്ക ഗുളിക കഴിച്ചു. ഇതിനുശേഷം ഷാള്‍ ഉപയോഗിച്ച് അമ്മയുടെ കഴുത്ത് ഞെരിച്ചു. അമ്മ ബോധരഹിതയായതോടെ മരിച്ചെന്ന് കരുതി രഞ്ജിത്ത് തൂങ്ങി മരിക്കുകയായിരുന്നുവെന്നാമ് പോലീസ് പറഞ്ഞത്.

സ്ഥലത്ത് പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികളാരംഭിച്ചു. ഇന്നലെ രാത്രിയാണ് ഇരുവരും ആത്മഹത്യയ്‌ക്കൊരുങ്ങിയത്. ഇന്ന് കെഎസ്ഇബി ജീവനക്കാരനെത്തി ബില്‍ അടയ്ക്കാനുള്ള കാര്യം പറയാനെത്തിയപ്പോള്‍ വീട്ടില്‍ നിന്ന് വെള്ളം ആവശ്യപ്പെട്ടുള്ള ഞെരക്കം കേട്ടാണ് സംഭവം പുറത്തറിയുന്നത്. സുജാതയുടെ ശബ്ദം കേട്ട് അകത്ത് ചെന്ന് നോക്കിയപ്പോഴാണ് രഞ്ജിത്തിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്.

തുടര്‍ന്ന് നാട്ടുകാരെയും പൊലീസിനെയും വിവരം അറിയിക്കുകയായിരുന്നു. അതേസമയം സുജാത നല്‍കിയ മൊഴിയും പോലീസിനെ ഞെട്ടിച്ചിട്ടുണ്ട്. മകനോട് തന്നെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്താന്‍ താന്‍ തന്നെയാണ് പറഞ്ഞതെന്നാണ് ആശുപത്രിയില്‍ ചികിത്സയിലുള്ള സുജാതയുടെ മൊഴി. അമ്മയും മകനും ആത്മഹത്യ ചെയ്യാനാണ് തുനിഞ്ഞതെന്നുമാണ് ഇവര്‍ പോലീസല്‍ നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയത്.

Tags:    

Similar News