ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത് സംവിധായകനെ അമേരിക്കയില്‍ നിന്നും പൊക്കാന്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍; പഴയ കേസിലെ ജാമ്യ വ്യവസ്ഥ ലംഘിച്ചതിനാല്‍ കുരുക്ക് മുറുക്കാന്‍ പോലീസ്; നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ ശക്തമായ നടപടിക്ക് നീക്കം; വീണ്ടും 'ചളുവടി പ്രതികരണവുമായി' സനലും
കൊച്ചി: സ്ത്രീത്വത്തെ അപമാനിച്ചെന്ന നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെതിരെ ലുക്ക് ഔട്ട് സര്‍ക്കുലര്‍ ഇറക്കുമെന്ന് പോലീസ്. വിമാനത്താവളത്തില്‍ എത്തിയാല്‍ പിടികൂടാനാണ് സര്‍ക്കുലര്‍. പിന്തുടര്ന്ന് ശല്യംചെയ്യുന്നതായുള്ള നടിയുടെ പരാതിയില്‍ സനല്‍കുമാര്‍ ശശിധരനെ പ്രതിയാക്കി എറണാകുളം എളമക്കര പോലീസ് കേസെടുത്തിരുന്നു.
സനല്‍ കുമാര്‍ ശശിധരനെതിരെ നടി 2022-ല്‍ നല്കിയ ഒരു പരാതിയില്‍ കേസ് നിലനില്‍ക്കുന്നുണ്ട്. കേസില്‍ അറസ്റ്റിലായ സനല്‍ കുമാറിന് കോടതി ജാമ്യം അനുവദിച്ചിരുന്നു. കേസ് നിലനില്‍ക്കുമ്പോഴും പരാതിക്കാരിയെ പിന്തുടര്ന്ന് ശല്യപ്പെടുത്തുന്നത് തുടരുന്നതിനാലാണ് പരാതിക്കാരി വീണ്ടും പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത്. ബി.എന്‍.എസിലെ വിവിധവകുപ്പുകള്‍ പ്രകാരമാണ് എഫ്.ഐ.ആര് രജിസ്റ്റര്‍ ചെയ്തത്. ഈ സാഹചര്യത്തില്‍ പഴയ ജാമ്യവും റദ്ദാക്കും. സനല്‍കുമാര്‍ ശശിധരന് വിദേശത്തായതിനാല്‍ നിയമവഴികളിലൂടെ ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ നടപടിയെടുക്കും.
നടിക്കെതിരെ സംവിധായകന് ഷെയര്‍ ചെയ്ത പോസ്റ്റില്‍ നടി അപകീര്‍ത്തി ആരോപിച്ചാല്‍ പോസ്റ്റ് ഒഴിവാക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പുട്ട വിമലാദിത്യ ഐപിഎസ് പറഞ്ഞു. ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയത് തന്ത്രപരമായാണ്. ഇതോടെ സനല്‍കുമാര്‍ ശശിധരന്റെ അറസ്റ്റിന് സാഹചര്യമൊരുക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ വഴി ഇന്റര്‍പോളിനെ കേരളാ പോലീസ് സമീപിക്കും. അങ്ങനെ വന്നാല്‍ ഇന്റര്‍പോളിന് അമേരിക്കയില്‍ എവിടെയാണെങ്കിലും സനല്‍കുമാര്‍ ശശിധരനെ അറസ്റ്റു ചെയ്യാന്‍ കഴിയും. എല്ലാ നിയമ വഴികളും പോലീസ് തേടുമെന്നാണ് അറിയിച്ചിട്ടുള്ളത്.
സനല്‍കുമാറിന്റെ പ്രതികരണം ഇങ്ങനെ
നടിയുടെ ജീവന് അപകടമുണ്ടെന്നും അവരെ കാണാനോ സംസാരിക്കാനോ അനുവദിക്കുന്നില്ലെന്നും പൊതുസമൂഹത്തോട് വിളിച്ചു പറയുന്നതിനാണ് ഇത്തവണയും തനിക്കെതിരെ കേസ് നല്‍കിയിരിക്കുന്നതെന്ന് സംവിധായകന് സനല്‍കുമാര്‍ ശശിധരന് പ്രതികരിച്ചിരുന്നു. നടിയുടെ അറിവോടു കൂടിയല്ല ഈ കേസെന്നു താന്‍ വിശ്വസിക്കുന്നുവെന്നും ഇതിന്റെ സത്യാവസ്ഥ അന്വേഷിക്കാന്‍ മാധ്യമങ്ങള്‍ അടക്കമുള്ളവര്‍ തയാറാകണമെന്നും സനല്‍കുമാര്‍ ആവശ്യപ്പെട്ടു.
''സ്ത്രീത്വത്തെ അപമാനിച്ചു എന്നപേരില്‍ എനിക്കെതിരെ വീണ്ടും എളമക്കര പൊലീസ് സ്റ്റേഷനില്‍ തന്നെ ഒരു കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നു എന്ന് വാര്‍ത്ത കണ്ടു. പതിവുപോലെ നിന്റെ ജീവന് അപകടമുണ്ടെന്നും നിന്നെ കാണാനോ സംസാരിക്കാനോ അനുവദിക്കുന്നില്ല എന്നും ഞാന്‍ പൊതുസമൂഹത്തോട് വിളിച്ചു പറഞ്ഞതിനാണ് ഇത്തവണയും കേസ്. നടിയുടെ പരാതിയിലാണ് കേസ് എന്നാണ് അറിയുന്നത്. നിന്റെ പേരില്‍ തന്നെയാവും ഇത്തവണയും കേസ്. മൂന്നു വര്‍ഷങ്ങള്‍ക്ക് മുന്‍പ് നിന്റെ പേരില്‍ റജിസ്റ്റര്‍ ചെയ്ത കള്ളക്കേസ് ഇനിയും അന്വേഷിക്കുകയോ നിന്റെ മൊഴി രേഖപ്പെടുത്തുകയോ എന്തെങ്കിലും തെളിവുകള്‍ ഹാജരാക്കുകയോ ചെയ്തിട്ടില്ല.
നിന്റെ ജീവനിലുള്ള ആശങ്ക പൊതുസമൂഹത്തോട് ഞാന്‍ വിളിച്ചു പറയും മുന്‍പ് നിന്നെയും നിന്റെ ബന്ധുക്കളെയും അടുത്ത സുഹൃത്തുക്കളെയും ഞാന്‍ വിളിച്ചറിയിച്ചിരുന്നു. നീയുമായി സംസാരിക്കാന്‍ അനുവദിക്കാതിരുന്ന സാഹചര്യത്തിലും നീ തന്നെ പറഞ്ഞറിഞ്ഞ ഭീതിപ്പെടുത്തുന്ന ജീവിതാവസ്ഥയുടെ അലോസരത്തിലുമാണ് ഞാനത് നമ്മുടെ സംഭാഷണത്തിന്റെ ശബ്ദരേഖയുടെ കൂടി പിന്‍ബലത്തില്‍ പൊതു സമൂഹത്തില്‍ പങ്കുവച്ചത്. ആ ശബ്ദരേഖ പൊതു സമൂഹം ചര്‍ച്ചചെയ്യാതിരിക്കാന്‍ കഴിയുന്നത്ര ശ്രമിച്ചിട്ടും സാധിക്കാതെ വന്നതുകൊണ്ടാണ് ഇപ്പോള്‍ എന്നെയും ഇതെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ സാധ്യതയുള്ള മറ്റുള്ളവരെയും ഭയപ്പെടുത്തി മാറ്റി നിര്‍ത്തുന്നതിനായി ഇപ്പോള്‍ എളമക്കര പൊലീസ് സ്റ്റേഷനില്‍ തന്നെ കഴിഞ്ഞ തവണത്തെ പോലെ തന്നെ അര്‍ദ്ധരാത്രിയില്‍ ഈ കേസ് റജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
ഇത്തവണയും ഇത് നിന്റെ അറിവോടുകൂടി അല്ല എന്ന് തന്നെ ഞാന്‍ വിശ്വസിക്കുന്നു. കഴിഞ്ഞതവണ എന്നെ എളമക്കര പൊലീസ് സ്റ്റേഷനില്‍ എത്തിക്കുന്നതിനായി എന്റെ വിലാസം ''അണ്‍നോണ്‍ എറണാകുളം'' എന്നായിരുന്നു എഴുതിയിരുന്നത്. ഇത്തവണ അത് എന്താണെന്ന് എനിക്കറിയില്ല. എന്തായാലും ഒരു കാര്യം ഇതോടെ ഉറപ്പായി കാര്യങ്ങളുടെ സത്യാവസ്ഥ പൊതുസമൂഹത്തോട് വെളിവാക്കുന്ന തരത്തില്‍ നീ ഒരു പരസ്യ പ്രസ്താവനയോ പത്രസമ്മേളനമോ നടത്താന്‍ ഉള്ള സാഹചര്യം ഉണ്ടാകരുത് എന്നത് ഉറപ്പിക്കുന്നതിനാണ് ഇപ്പോള്‍ ഈ പൊലീസ് കേസ്. കേസിന്റെ കാര്യത്തില്‍ എനിക്ക് തെല്ലും ഭയമില്ല. ഞാന്‍ പറഞ്ഞതെല്ലാം സത്യമായതുകൊണ്ടും സ്വതന്ത്രമായി പൊതുസമക്ഷം നിന്നെ സംസാരിക്കാന്‍ അനുവദിക്കാതിരിക്കാനാണ് ഇപ്പോള്‍ ഈ കേസ് എന്നുള്ളതുകൊണ്ടും എനിക്ക് ഇപ്പോഴും ഭയം നിന്റെ കാര്യത്തില്‍ മാത്രം. പൊതുസമൂഹം നിനക്ക് കാവല്‍ നില്ക്കട്ടെ എന്ന് മാത്രമേ എനിക്ക് ഇപ്പോള്‍ ഇക്കാര്യത്തില്‍ പറയാനുള്ളൂ. ഇനിയെങ്കിലും ഈ കേസിന്റെ സത്യാവസ്ഥ അന്വേഷിക്കാന്‍ മാധ്യമങ്ങള്‍ തയാറാവണം എന്നാണ് എന്റെ അഭ്യര്‍ഥന.''സനല്‍കുമാറിന്റെ വാക്കുകള്‍.