സ്പായുടെ മറവില്‍ ഹണിട്രാപ്പും ഗുണ്ടാ സാമ്രാജ്യവും? മുളവുകാട് പൊലീസ് തേടിയെത്തിയത് ഹണിട്രാപ് കേസിലെ പ്രതി അനുപമ രഞ്ജിത്തിനെ; അനുപമ ഇടപ്പള്ളിയില്‍ ഡോക്ടറുടെ അഞ്ചുലക്ഷം തട്ടിയതടക്കം നിരവധി ഹണിട്രാപ് കേസുകളിലെ പ്രതി; മരട് അനീഷ് അനുപമയുടെ സ്പാകളുടെ ബെനാമി ഉടമയോ? ഇരുവരും പിടിയിലായത് അടുത്ത ഹണിട്രാപ്പ് ആസൂത്രണം ചെയ്യുന്നതിനിടെ

സ്പായുടെ മറവില്‍ ഹണിട്രാപ്പും ഗുണ്ടാ സാമ്രാജ്യവും?

Update: 2026-01-15 10:42 GMT

കൊച്ചി: കുപ്രസിദ്ധ ഗൂണ്ടാ നേതാവ് മരട് അനീഷിനെ പൊലീസ് പൊക്കിയത് ഹണിട്രാപ് കേസ് പ്രതിയുടെ മേല്‍നോട്ടത്തിലുള്ള കൊച്ചിയിലെ സ്പായില്‍ നിന്ന്. എറണാകുളം നോര്‍ത്തില്‍, ചിറ്റൂര്‍ റോഡില്‍, അയ്യപ്പന്‍കാവിലെ തൃഷിക സലൂണ്‍ ആന്‍ഡ് വെല്‍നസ് സ്പായില്‍ നിന്നാണ് അനീഷിനെ പിടികൂടിയത്. പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും ഒരുപോലെ ഉപയോഗിക്കാവുന്ന( unisex) മസാജ് സെന്ററാണിത്. സ്പായുടെ നടത്തിപ്പുകാരിയായ അനുപമ രഞ്ജിത് നിരവധി ഹണിട്രാപ്പ് കേസുകളിലെ പ്രതിയാണ്. ഇവരെ തേരഞ്ഞ് പൊലീസ് എത്തിയപ്പോഴാണ് തേടിയ വള്ളി കാലില്‍ ചുറ്റിയ പോലെ അനീഷിനെയും, അനുപമയെയും വലയിലാക്കിയത്. മറ്റൊരു ഹണിട്രാപ്പിന് പദ്ധതിയിടുന്നതിടെയാണ് ഇരുവരും പിടിയിലായത്.




2018 ല്‍ മുനമ്പത്തെ ഹണിട്രാപ് കേസുമായി ബന്ധപ്പെട്ടാണ് പൊലീസ് അനുപമയെ തിരഞ്ഞെത്തിയത്. 2020 ഒക്ടോബര്‍ 21 ന് രാത്രി ഹണിട്രാപ്പില്‍ പെടുത്തി ഡോക്ടറുടെ പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അനുപമ അടക്കം 3 പേര്‍ പിടിയിലായിരുന്നു. അനുപമ രഞ്ജിത്ത്, റോഷ്വിന്‍, ജംഷാദ് എന്നിവരാണ് പിടിയിലായത്. പ്രതികളില്‍ ഒരാളായ ജംഷാദ് മരട് സ്വദേശിയാണ്. ഈ കേസില്‍ മരട് അനീഷിന് നേരിട്ട് പങ്കുള്ളതായി തെളിഞ്ഞിട്ടില്ലെങ്കിലും അനുപമയുമായി ബന്ധപ്പെട്ട പല സ്പാകളുടെയും ബെനാമി ഉടമയാണെന്നും ആരോപണമുണ്ട്. എന്നാല്‍, മരട് അനീഷിന്റെ സഹോദരനും സംഘവും സമാനമായ മറ്റൊരു ഹണിട്രാപ്പ് കേസില്‍ 2025-ല്‍ പിടിയിലായിട്ടുണ്ട്.

ഹണിട്രാപ്പില്‍ പെടുത്തി ഡോക്ടറുടെ പണം തട്ടാന്‍ ശ്രമിച്ച കേസ്

2020 ഒക്ടോബര്‍ 21 ന് ഹണി ട്രാപ്പില്‍ പെടുത്തി ഡോക്ടറില്‍ നിന്ന് 5 ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേസിലാണ് അനുപമ രഞ്ജിത്ത് നേരത്തെ പിടിയിലായത്. നായരമ്പലം പുഞ്ചേപ്പാലത്തിനടുത്ത് പുല്ലാരിപ്പാടം വീട്ടില്‍ അനുപമ രഞ്ജിത്ത് (22), മരട് തുരുത്തി മംഗലപ്പിള്ളി വീട്ടില്‍ റോഷ്വിന്‍ (23), വാഴക്കുളം മാറമ്പിള്ളി താണിപ്പറമ്പില്‍ ജംഷാദ് (25) എന്നിവരെയാണ് അന്ന് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ആശുപത്രിയിലെ ഡോക്ടറായ കളമശേരി സ്വദേശി ജേക്കബ് ഈപ്പന്റെ പരാതിയെത്തുടര്‍ന്നാണ് തൃക്കാക്കര പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്.

ഒക്ടോബര്‍ 21ന് രാത്രി 10.30നാണ് സംഭവം. സ്ഥലക്കച്ചവടത്തിന്റെ കാര്യങ്ങള്‍ പറയുന്നതിന് ഡോ.ജേക്കബ് ഈപ്പനെ ഒന്നാം പ്രതി മുഹമ്മദ് അജ്മല്‍ ഇടപ്പള്ളിയിലേക്കു വിളിച്ചുവരുത്തി. അജ്മല്‍ പുറത്തിറങ്ങിയ സമയം മറ്റുള്ളവര്‍ ആയുധങ്ങളുമായി അതികമിച്ചു കയറി. തോക്കും ചുറ്റികയും കാണിച്ച് ഭീഷണിപ്പെടുത്തിയ സംഘം ഡോക്ട്ടറെ കിടപ്പുമുറിയില്‍ കൊണ്ടുപോയി നിര്‍ബന്ധി ച്ച് വിവസ്ത്രനാക്കി അനുപമയെ ഒപ്പം നിര്‍ത്തി ഫോട്ടോയും വിഡി യോയും എടുത്തു.



5 ലക്ഷം രൂപ നല്‍കിയില്ലെങ്കില്‍ ഡോക്ടറുടെ ബന്ധുക്കള്‍ക്കു ഫോട്ടോയും വിഡിയോയും അയച്ചുകൊടുക്കുമെന്നും സാമുഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തി. കുതറിമാറാന്‍ ശ്രമിച്ച ഡോക്ടറെ അനുപമ ചുറ്റിക കൊണ്ട് അടി ച്ചു പരുക്കേല്‍പിച്ചതായും പണം അപഹരിക്കാന്‍ ശ്രമിച്ചതായും പൊലീസ് പറഞ്ഞിരുന്നു.

മരട് അനീഷിന്റെ സഹോദരന്‍ ഉള്‍പ്പെട്ട ഹണിട്രാപ് കേസ്

മരട് അനീഷിന്റെ പേര് വന്ന ഹണിട്രാപ്പ് കേസ് 2025 ജനുവരിയിലേതാണ്. മരട് അനീഷിന്റെ കുടുംബാംഗങ്ങള്‍ ഉള്‍പ്പെട്ട ഒരു ഹണിട്രാപ്പ് കേസ് അടുത്തിടെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മരട് അനീഷിന്റെ സഹോദരന്‍ ആഷിക് ആന്റണി, ഭാര്യ നേഹ, സുഹൃത്തുക്കള്‍ എന്നിവരെ 2025 ജനുവരിയില്‍ തൃപ്പൂണിത്തുറ പോലീസ് അറസ്റ്റ് ചെയ്തു. തൃപ്പൂണിത്തുറയിലെ ലോഡ്ജില്‍ വിളിച്ചുവരുത്തി വിഡിയോ കാണിച്ചു ഭീഷണിപ്പെടുത്തി പല തവണകളിലായി 13,500 രൂപയും മൊബൈല്‍ ഫോണ്‍, ബൈക്ക് എന്നിവയും തട്ടിയെടുത്തെന്ന വൈക്കം സ്വദേശിയായ യുവാവിന്റെ പരാതിയിലായിരുന്നു കേസ്.

മരട് അനീഷിന്റെ സഹോദരന്‍ മരട് ആനക്കാട്ടില്‍ ആഷിക് ആന്റണി (33), ഇയാളുടെ കൂടെയുള്ള സുറുമി (29), തൊടുപുഴ പൈങ്കുളം മൈലംകൊമ്പ് സ്വദേശിതോമസ് (24), പത്തനംതിട്ട മൈലംപാറ കൊല്ലംപറമ്പില്‍ സ്വദേശിയും ഇപ്പോള്‍ മരട് നെട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ നേഹ ആഷിക് (35), തിരുവനന്തപുരം അമ്പൂരി പുത്തന്‍വീട്ടില്‍ സ്വദേശിയും നെട്ടൂരില്‍ വാടകയ്ക്ക് താമസിക്കുന്നതുമായ ജിജി (19) എന്നിവരെയാണ് കേസില്‍ ഹില്‍പ്പാലസ് പോലീസ്അറസ്റ്റ് ചെയ്തത്. അഷികിന്റെ ഭാര്യയാണ് നേഹ.

ലൈംഗിക തൊഴിലാളിയാണെന്നു തെറ്റിദ്ധരിപ്പിച്ചു സുറുമിയുടെ ഫോണ്‍ നമ്പര്‍ വൈക്കം സ്വദേശിയായ യുവാവിന് ആഷിക്ക് ആന്റണിയും സുറുമിയും ചേര്‍ന്നു നല്‍കി. തുടര്‍ന്നു യുവാവുമായി ഇവര്‍ സൗഹൃദം സ്ഥാപിച്ചു. തൃപ്പൂണിത്തുറ മാര്‍ക്കറ്റിനു സമീപമുള്ള ലോഡ്ജിലേക്കു യുവാവിനെ വിളിച്ചുവരുത്തി. യുവാവ് മുറിയില്‍ എത്തി ശേഷം സുറുമി വാതില്‍ അടച്ചപ്പോള്‍ പുറത്തു കാത്തുനിന്ന ആഷിക്കും തോമസും വാതില്‍ തുറന്ന് അകത്തു കയറി ഇവരുടെ വിഡിയോ ചിത്രീകരിച്ചു. തുടര്‍ന്നു വീഡിയോ പ്രചരിപ്പിക്കുമെന്നു യുവാവിനെ ഇവര്‍ ഭീഷണിപ്പെടുത്തി. മറ്റു പ്രതികള്‍ക്കൊപ്പം നേഹയും യുവാവിനെ ഭീഷണിപ്പെടുത്തി. ഇവര്‍ തട്ടിയെടുത്ത ബൈക്ക് പണയം വച്ച പണത്തില്‍ ഒരു വിഹിതം ജിജിയുടെ അക്കൗണ്ടിലേക്കാണ് എത്തിയതെന്നു പൊലീസ് പറഞ്ഞു. അന്വേഷണത്തില്‍ 3 പ്രതികളെ നെട്ടൂരിനു സമീപമുള്ള വാടകവീട്ടില്‍ നിന്നും ഒരാളെ പനമ്പിള്ളിനഗറില്‍ നിന്നും ഒരാളെ മൂന്നാര്‍ റിസോര്‍ട്ടില്‍ നിന്നുമാണു പിടികൂടിയത്.

ഒക്ടോബറില്‍ തൃപ്പൂണിത്തുറ മാര്‍ക്കറ്റിനു സമീപമുള്ള ചാലില്‍ ടൂറിസ്റ്റ് ഹോമില്‍ മുറിയെടുത്ത ആഷിക് ആന്റണിയും സുറുമിയുമൊന്നിച്ച് പരാതിക്കാരന്റെ വാട്സാപ്പ് നമ്പറിലേക്ക് കോള്‍ ഗേള്‍ എന്ന് തെറ്റിദ്ധരിപ്പിച്ച് സുറുമിയുടെ നമ്പര്‍ അയച്ചുകൊടുത്ത് പരാതിക്കാരനുമായി സൗഹൃദം സ്ഥാപിച്ചു. ഇങ്ങനെയാണ് തന്ത്രപൂര്‍വം ആളെ ലോഡ്ജിലേക്ക് വിളിച്ചു വരുത്തിയത്. പിന്നീട് ബ്ലാക് മെയിലും. മറ്റു കൂട്ടുപ്രതികളും കൂടി ചേര്‍ന്ന് പരാതിക്കാരന്റെ കൈയില്‍നിന്ന് പല തവണകളിലായി 13,500 രൂപ, മൊബൈല്‍ ഫോണ്‍, ബൈക്ക് എന്നിവ തട്ടിയെടുക്കുകയും ചെയ്തു. ബൈക്ക് പണയം വയ്ക്കുകയുമുണ്ടായി.

മരട് അനീഷിന്റെ അറസ്റ്റ്

സിനിമാക്കഥയെ വെല്ലുന്ന നാടകീയ നീക്കങ്ങള്‍ക്കൊടുവിലാണ് മരട് അനീഷ് പോലീസ് പിടിയിലായത്. മുളവുകാട് പൊലീസാണ് അനീഷിനെ കസ്റ്റഡിയില്‍ എടുത്തത്. പനമ്പ്ക്കാട് നിന്നാണ് കസ്റ്റഡിയില്‍ എടുത്തത്. തമിഴ്‌നാട്ടിലെ കേസുമായി ബന്ധപ്പെട്ടാണ് കസ്റ്റഡി. ഹണിട്രാപ്പ് കേസിലെ പ്രതി അനുപമ രഞ്ജിത്തിനെ പിടികൂടാന്‍ എത്തിയപ്പോള്‍ മരട് അനീഷിനെയും ഒപ്പംകണ്ടതിനെ തുടര്‍ന്നാണ് കസ്റ്റഡിയിലെടുത്തത്. ഒരു യുവതിക്കൊപ്പം സ്പായില്‍ സമയം ചെലവഴിക്കുകയായിരുന്നു അനീഷ്. ഏറെക്കാലമായി പോലീസിന്റെ കണ്ണുവെട്ടിച്ച് നടക്കുകയായിരുന്ന അനീഷിനെ ഒട്ടും പ്രതീക്ഷിക്കാതെ കൈപ്പിടിയിലായ സന്തോഷത്തിലാണ് പോലീസ്.

കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും അനീഷിനെതിരെ നിരവധി ഗുരുതര കേസുകളുണ്ട്. പ്രധാനമായും പിടിച്ചുപറി, ക്വട്ടേഷന്‍ ആക്രമണം, തട്ടിക്കൊണ്ടുപോകല്‍ എന്നീ കേസുകളില്‍ തമിഴ്‌നാട് പോലീസ് അനീഷിനെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം അനീഷിനെ തമിഴ്‌നാട് പോലീസിന് കൈമാറാനാണ് നിലവിലെ തീരുമാനം. കൊച്ചിയിലെയും പരിസരത്തെയും ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയുമായി ബന്ധപ്പെട്ടും അനീഷ് പലതവണ വാര്‍ത്തകളില്‍ ഇടംപിടിച്ചിട്ടുണ്ട്.

അതേസമയം, അനീഷിന്റെ അറസ്റ്റിന് പിന്നാലെ ഗുരുതര ആരോപണങ്ങളുമായി ബന്ധുക്കള്‍ രംഗത്തെത്തിയിട്ടുണ്ട്. അനീഷിനെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്നും, തമിഴ്‌നാട് പോലീസിന് കൈമാറുന്നതിനിടെ അപായപ്പെടുത്താന്‍ സാധ്യതയുണ്ടെന്നുമാണ് ഇവരുടെ ഭയം. നേരത്തെ മറുസംഘങ്ങള്‍ അനീഷിനെ ലക്ഷ്യമിട്ടിരുന്ന കാര്യവും ബന്ധുക്കള്‍ ചൂണ്ടിക്കാട്ടുന്നു. ജയിലില്‍ നിന്ന് ഇറങ്ങിയ ശേഷം ദീര്‍ഘകാലമായി ഒളിവില്‍ കഴിഞ്ഞിരുന്ന അനീഷ്, തൃശൂര്‍ കേന്ദ്രീകരിച്ച് ഗുണ്ടാ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുകയായിരുന്നോ എന്ന കാര്യവും പോലീസ് പരിശോധിക്കുന്നുണ്ട്. സ്പായില്‍ ഒപ്പമുണ്ടായിരുന്ന യുവതിയെക്കുറിച്ചും പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.

മരട് അനീഷ് - ഭായ് നസീര്‍ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പക കേരളത്തില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. നഗരത്തിലെ റിയല്‍ എസ്റ്റേറ്റ് ക്വട്ടേഷനുകളും മണല്‍ കടത്തും പിടിച്ചുപറിയും നിയന്ത്രിച്ചിരുന്നത് ഈ രണ്ട് സംഘങ്ങളായിരുന്നു. ഇവര്‍ തമ്മിലുള്ള ഏറ്റുമുട്ടലുകള്‍ പലപ്പോഴും വെടിവയ്പ്പിലും കൊലപാതക ശ്രമങ്ങളിലും കലാശിച്ചിട്ടുണ്ട്. അനീഷിനെതിരെ കേരളത്തിലും തമിഴ്‌നാട്ടിലുമായി അന്‍പതിലധികം ക്രിമിനല്‍ കേസുകളുണ്ടെന്ന് പോലീസ് കരുതുന്നു. ഇതില്‍ കേരളത്തിലെ കേസുകളില്‍ ജാമ്യമുണ്ട്. ഒന്നിലധികം തവണ സാമൂഹിക വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്ന നിയമമായ 'കാപ്പ' ചുമത്തി ഇയാളെ ജയിലിലടച്ചിട്ടുണ്ട്.

കേരളത്തില്‍ പോലീസ് കടുപ്പിച്ചപ്പോള്‍ അനീഷ് തന്റെ പ്രവര്‍ത്തനം തമിഴ്‌നാട്ടിലേക്ക് മാറ്റിയിരുന്നുവെന്നാണ് പോലീസ് പറയുന്നത്. തമിഴ്‌നാട്ടിലെ മധുര ജയിലില്‍ കിടക്കുമ്പോഴാണ് പല പ്രമുഖ ക്രിമിനലുകളുമായും അനീഷ് ബന്ധം സ്ഥാപിക്കുന്നത്. അവിടെ വെച്ച് ഉണ്ടായ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് തമിഴ്‌നാട്ടില്‍ വലിയ തോതിലുള്ള ക്വട്ടേഷനുകള്‍ ഏറ്റെടുത്തിരുന്നത്.

Tags:    

Similar News