കാസര്‍കോട് വന്‍ ലഹരി മരുന്ന് വേട്ട; യുവാവിന്റെ വീട്ടില്‍ നിന്നും പിടിച്ചെടുത്തത് 3.4 കിലോഗ്രാം എംഡിഎംഎ: 28കാരന്‍ അറസ്റ്റില്‍: സംസ്ഥാനത്തെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയെന്ന് പോലിസ്
കാസര്‍കോട് വന്‍ ലഹരി മരുന്ന് വേട്ട; 3.4 കിലോഗ്രാം എംഡിഎംഎ പിടിച്ചു
കാസര്‍കോട്: കാസര്‍കോട് വന്‍ ലഹരി മരുന്ന് വേട്ട. ഉപ്പള പത്വാടി കൊണ്ടാവൂരിലെ യുവാവിന്റെ വീട്ടില്‍ നിന്നും പോലിസ് കണ്ടെടുത്തത് മാരക മയക്കുമരുന്നായ എംഡിഎംഎ. സംഭവവുമായി ബന്ധപ്പെട്ട് ഉപ്പള പത്വാടി അല്‍ഹ്ലാഹ മന്‍സിലില്‍ അസ്‌കര്‍ അലിയെ (26) അറസ്റ്റ് ചെയ്തു. 3.4 കിലോഗ്രാം എംഡിഎംഎയാണ് ഇയാളുടെ വീട്ടില്‍ നിന്നും പോലിസ് പിടിച്ചെടുത്തത്. സംസ്ഥാനത്തെതന്നെ ഏറ്റവും വലിയ എംഡിഎംഎ വേട്ടയാണിതെന്ന് പൊലീസ് പറയുന്നു.
എംഡിഎംഎയ്ക്ക് പുറമേ കഞ്ചാവും ഒട്ടേറെ ലഹരിയുല്‍പന്നങ്ങളും പൊലീസ് ഇയാളുടെ വീട്ടില്‍ നിന്നും പിടികൂടി. കാര്‍ഡ്‌ബോര്‍ഡ് പെട്ടികളില്‍ സൂക്ഷിച്ച നിലയില്‍ 3.4 കിലോഗ്രാം എംഡിഎംഎ, 642 ഗ്രാം കഞ്ചാവ്, പേസ്റ്റ് രൂപത്തിലുള്ള ലഹരിമരുന്ന് എന്നിവയാണു കണ്ടെത്തിയത്. പൊലീസ് എത്തിയപ്പോള്‍ വീട്ടില്‍ ആരും ഉണ്ടായിരുന്നില്ല. അസ്‌കര്‍ അലിയെ വിളിച്ചുവരുത്തി ചോദ്യംചെയ്യുകയായിരുന്നു. ഉച്ചയോടെ തുടങ്ങിയ പരിശോധന രാത്രി വൈകിയാണ് അവസാനിച്ചത്. ഉപ്പളയിലെ ഒരു തുണിക്കടയിലെ ജീവനക്കാരനാണ് അസ്‌കര്‍ അലി.
കഴിഞ്ഞ 30ന് മേല്‍പറമ്പ് പൊലീസ് കൈനോത്തുനിന്ന് 49.33 ഗ്രാം എംഡിഎംഎയുമായി കൊപ്പല്‍ ബൈത്തുസ്സലാമിലെ അബ്ദുറഹ്‌മാനെ (28) അറസ്റ്റ് ചെയ്തിരുന്നു. ഇയാളില്‍നിന്നു ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.