'രാജയെ കല്യാണം കഴിക്കാം, പക്ഷേ അയാള്‍ക്ക് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് നിങ്ങള്‍ കാത്തിരുന്നുകാണൂ': ഇഷ്ടമില്ലാത്ത കല്യാണത്തിന് നിര്‍ബ്ബന്ധിച്ച അമ്മയ്ക്ക് സോനം കൊലയുടെ സൂചന നേരത്തെ നല്‍കി; രാജയുമായി ശാരീരിക ബന്ധത്തിനും വിസമ്മതിച്ചു; സെല്‍ഫിക്കിടെ കൊക്കയിലേക്ക് തള്ളിയിടാനും പദ്ധതിയിട്ടെന്ന് ഇന്‍ഡോര്‍ പൊലീസ്
കൊലയെ കുറിച്ച് സോനം നേരത്തെ അമ്മയ്ക്ക് മുന്നറിയിപ്പ് നല്‍കി
ഇന്‍ഡോര്‍: ഇഷ്ടമില്ലാത്ത വിവാഹത്തിന് വഴങ്ങിയതിന്റെ പേരില്‍ ഭര്‍ത്താവിനെ വകവരുത്തുകയോ? ഇന്‍ഡോറിലെ വ്യവസായി കുടുംബത്തിലെ സോനത്തിന്റെ ക്രൂരകൃത്യം വീട്ടുകാരെ ആകെ ഉലച്ചുകളഞ്ഞു. കാരണം വിവാഹത്തിന് ശേഷം താന്‍ എന്താണ് ചെയ്യാന്‍ പോകുക എന്ന മുന്നറിയിപ്പ് സോനം വീട്ടുകാര്‍ക്ക് നല്‍കിയിരുന്നു.
കുടംബ ബിസിനസിലെ ജീവനക്കാരനായ രാജ് കുശ്വാഹയുമായി ബാല്യകാലത്തെ അടുപ്പമായിരുന്നു സോനത്തിന്. പിന്നീട് അത് പ്രണയമായി. രാജ് കുശ്വാഹയ്‌ക്കൊപ്പം ജീവിക്കാനായിരുന്നു സോനത്തിന് താല്‍പര്യം. തന്നെ രാജ രഘുവംശിയുമായുള്ള വിവാഹത്തിന് നിര്‍ബന്ധിച്ചാല്‍ പ്രത്യാഘാതങ്ങള്‍ ഉണ്ടാകുമെന്ന് അമ്മയ്ക്ക് സോനം മുന്നറിയിപ്പുനല്‍കിയിരുന്നു. എന്നാല്‍, കുശ്വാഹയുമായുള്ള വിവാഹം അമ്മയ്ക്കുസമ്മതമായിരുന്നില്ല.
രാജയുടെ മൂത്ത സഹോദരന്‍ വിപിന്‍ പറഞ്ഞത് ഇങ്ങനെ: ' രാജയെ വിവാഹം കഴിക്കാന്‍ ഇഷ്ടമില്ലെന്ന് സോനം അമ്മയോട് പറഞ്ഞു. എന്നാല്‍, അമ്മ കുശ്വാഹയുമായുള്ള ബന്ധത്തെ എതിര്‍ക്കുകയും തങ്ങളുടെ സമൂഹത്തിനുള്ളില്‍ നിന്ന് തന്നെ കല്യാണം കഴിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തു.
ഗത്യന്തരമില്ലാതെ രാജയെ വിവാഹം കഴിക്കാന്‍ സോനം തയ്യാറായെങ്കിലും പ്രത്യാഘാതങ്ങള്‍ ഉണ്ടാവുമെന്ന് മുന്നറിയിപ്പ് നല്‍കി. 'ഞാന്‍ എന്താണ് അയാളോട് ചെയ്യാന്‍ പോകുന്നതെന്ന് നിങ്ങള്‍ കാണും, അതിന്റെ പ്രത്യാഘാതങ്ങള്‍ നിങ്ങള്‍ സഹിക്കേണ്ടി വരും' എന്നാണ് സോനം അമ്മയോട് പറഞ്ഞതെന്നും വിപിന്‍ പറഞ്ഞു. എന്നാല്‍ സോനം ഭര്‍ത്താവിനെ കൊലപ്പെടുത്തുന്ന രീതിയില്‍ കടുംകൈ കാട്ടുമെന്ന് ആരുംപ്രതീക്ഷിച്ചിരുന്നില്ല. സോനത്തിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഫര്‍ണിച്ചര്‍ യൂണിറ്റില്‍ അക്കൗണ്ടന്റായി ജോലി ചെയ്തിരുന്നയാളാണ് രാജ് കുശ്വാഹ. കുടുംബ ബിസിനസ് സോനവും കൈകാര്യം ചെയ്തിരുന്നു. ഇതിനിടെയാണ് ഇരുവരും തമ്മില്‍ പ്രണയത്തിലായത്.
ഭര്‍ത്താവിനെ കൊല്ലുന്നത് സോനം നോക്കി നിന്നു
രാജാ രഘുവംശിയുടെ കൊലപാതകത്തില്‍ നാലു പ്രതികളും കുറ്റം സമ്മതിച്ചതായി ഇന്‍ഡോര്‍ ക്രൈംബ്രാഞ്ച് അറിയിച്ചു. രാജ രഘുവംശിയുടെ ഭാര്യ സോനം ഭര്‍ത്താവ് കൊല ചെയ്യപ്പെടുന്നത് കണ്ടുനിന്നതായും പ്രതികള്‍ ചോദ്യം ചെയ്യലില്‍ വെളിപ്പെടുത്തി. പ്രതികളില്‍ ഒരാളായ വിക്കി താക്കൂര്‍ ആണ് ആദ്യം തലയ്ക്കടിച്ചതിന് ശേഷം മൃതദേഹം കൊക്കയിലേയ്ക്ക് എറിഞ്ഞു. സോനത്തിന്റെ കാമുകന്‍ രാജ് കുശ്വാഹയാണ് ഇന്‍ഡോറിലിരുന്നാണ് പദ്ധതികള്‍ ആസൂത്രണം ചെയ്തത്. പ്രതികളുടെ യാത്രാ ചെലവുകള്‍ക്കായി അര ലക്ഷം രൂപവരെ ഇയാള്‍ നല്‍കി.
കൊല്ലാന്‍ ഉറച്ച് സോനം
മേഘാലയയിലെ ഹണിമൂണിനിടെ എങ്ങനെയും രാജാ രഘുവംശിയെ കൊല്ലുമെന്ന് സോനം തീരുമാനിച്ചുറപ്പിച്ചിരുന്നു. 20 ലക്ഷം രൂപയ്ക്ക് ക്വട്ടേഷന്‍ നല്‍കിയ വാടക കൊലയാളികള്‍ പരാജയപ്പെട്ടാല്‍ രാജയെ ഷില്ലോങ്ങിലെ ഹൈറേഞ്ചില്‍ കൊണ്ടുപോയി സെല്‍ഫി എടുക്കുന്നതിനിടെ താഴേക്ക് തള്ളിയിടാനായിരുന്നു സോനം പദ്ധതിയിട്ടത്.
'വിശാലിനും ആനന്ദിനും ആകാശിനും രാജയെ കൊല്ലാന്‍ കഴിഞ്ഞില്ലെങ്കില്‍, ഫോട്ടോ എടുക്കുന്നതിനിടയില്‍ ഞാന്‍ അവനെ മലയിലേക്ക് തള്ളിയിടും', സോനം കാമുകനായ രാജ് കുശ്വാഹയോട് പറഞ്ഞിരുന്നു. വിവാഹം കഴിഞ്ഞ് നാല് ദിവസത്തിന് ശേഷം മേയ് 15ന് ഇന്‍ഡോറിലെ അമ്മ വീട്ടിലേക്ക് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് സോനം കൊലപാതക പദ്ധതി തയ്യാറാക്കിയത്. അവിടെ നിന്ന് സോനം ഗുവാഹത്തിയിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്യുകയും ഫോണ്‍ കോളുകള്‍ വഴി രാജുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയും ചെയ്തു.
വിവാഹം കഴിഞ്ഞെങ്കിലും രാജയുമായി ശാരീരിക ബന്ധം പുലര്‍ത്താനും സോനം വിസമ്മതിച്ചു. മേഘാലയയിലേക്ക് പോകുന്നതിനുമുമ്പ് കാമാഖ്യ ക്ഷേത്രം സന്ദര്‍ശിക്കണമെന്ന് സോനം രാജയോട് ആവശ്യപ്പെട്ടിരുന്നു.ഭര്‍ത്താവ് തന്നോട് അടുപ്പം കാണിക്കുന്നത് സോനത്തിന് ഇഷ്ടപ്പെട്ടിരുന്നില്ല. ഇത് കാമുകനോട് ചാറ്റിലൂടെ തുറന്നു പറയുകയും ചെയ്തിരുന്നു.
മേഘാലയിലേക്ക് വണ്‍ വേ ടിക്കറ്റ് എടുക്കാനുള്ള ആശയവും സോനത്തിന്റേതായിരുന്നു. രാജ് കുശ്വാഹ മേഘാലയിലേക്ക് പോയില്ലെങ്കിലും ആസൂത്രണത്തിനായി സോനവുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരുന്നു. മെയ് 23 ന് സോനവും രാജയും കൂടി വെള്ളച്ചാട്ടം കാണാനായി ട്രെക്കിങ്ങിന് പോയപ്പോള്‍ കൊലയാളി സംഘവും ഒപ്പം കൂടി. തനിക്ക് ക്ഷീണമാണെന്ന വ്യാജേന ഭര്‍ത്താവിനും കൊലയാളികള്‍ക്കും വളരെ പിന്നിലായാണ് സോനം നടന്നിരുന്നത്. ഒറ്റപ്പെട്ട സ്ഥലത്ത് എത്തിയപ്പോള്‍ തന്റെ ഭര്‍ത്താവിനെ കൊല്ലാന്‍ സോനം സംഘത്തോട് ആവശ്യപ്പെട്ടു. എന്നാല്‍, തങ്ങളും ക്ഷീണിതരെന്ന് പറഞ്ഞ് കൊലയാളികള്‍ വിസമ്മതിച്ചു. ഇതോടെയാണ് പ്രതിഫല തുക 20 ലക്ഷമായി സോനം ഉയര്‍ത്തിയത്. കൊലയ്ക്ക് ശേഷം രാജയുടെ മൃതദേഹം കൊക്കയില്‍ തള്ളാനും സോനം മറ്റുപ്രതികളെ സഹായിച്ചു.