മേവാത്തി ഗാങ്ങിലുള്ളത് എടിഎം തകര്‍ക്കാന്‍ പരിശീലനം നേടിയ ഇരുനൂറോളം പേര്‍; കവര്‍ച്ചയ്‌ക്കെത്തുക പത്തില്‍ താഴെയുള്ള സംഘങ്ങളായി മോഷ്ടിച്ച കാറില്‍; തൃശൂരിലെത്തിയത് തമിഴ്‌നാട്ടിലും ആന്ധ്രയിലും മോഷണം നടത്തിയ അതേ സംഘം: വെടിവെച്ചിടാനും മടിയില്ല

മേവാത്തി ഗാങ്ങിലുള്ളത് എടിഎം തകര്‍ക്കാന്‍ പരിശീലനം നേടിയ ഇരുനൂറോളം പേര്‍

Update: 2024-09-28 00:53 GMT

തൃശൂര്‍: മൂന്നിടങ്ങളിലായി എസ്ബിഐയുടെ എടിഎം കൗണ്ടറുകള്‍ തകര്‍ത്ത് 66 ലക്ഷം രൂപ കവര്‍ന്ന സംഭവത്തില്‍ തമിഴ്‌നാട് പൊലീസിന്റെ പിടിയിലായതു ഹരിയാനയിലെ മേവാത്തി ഗാങ്ങില്‍പെട്ടവര്‍. എന്തിനും മടിക്കാത്ത പ്രഫഷനല്‍ എടിഎം കൊള്ളക്കാരാണ് മേവാത്തി ഗാങ്. ഹരിയാന രാജസ്ഥാന്‍ അതിര്‍ത്തിയിലെ മേവാത്ത് എന്ന ഗ്രാമത്തില്‍നിന്നു രാജ്യമാകെ സഞ്ചരിച്ച് എടിഎം കൗണ്ടറുകള്‍ കവര്‍ന്ന് കോടികളാണ് ഈ സംങം തട്ടി എടുക്കുന്നത്.

എന്തിനും മടിക്കാത്ത ഈ സംഘം ബ്രെസ ഗാങ് എന്നും അറിയപ്പെടുന്നു. നിമിഷ നേരം കൊണ്ട് എടിഎം തകര്‍ക്കാനും പണവുമായി രക്ഷപ്പെടാനും പരിശീലനം നേടിയ ഇരുനൂറോളം പേരാണു മേവാത്തി ഗാങ്ങിലുള്ളത്. തോക്കുമായാണ് ഇവരുടെ കറക്കം. ആവശ്യമെന്ന് കണ്ടാല്‍ വെടിവെച്ചിടാനും ഇവര്‍ മടിക്കില്ല. പത്ത് പേരില്‍ താഴെയുള്ള സംഘങ്ങളായി തിരിഞ്ഞ് രാജ്യമാകെ സഞ്ചരിച്ചാണു ഇവര്‍ കവര്‍ച്ച നടത്തുന്നത്. മോഷ്ടിച്ച കാറിലാണ് മേവാത്തി ഗാങ് എടിഎം കവര്‍ച്ചയ്ക്കിറങ്ങുക.

മേവാത്തി സംഘത്തിലുള്ളവര്‍ നേരത്തെയും കേരളത്തില്‍ പിടിയിലായിട്ടുണ്ട്. കഴിഞ്ഞയാഴ്ച തമിഴ്‌നാട്ടിലെ കൃഷ്ണഗിരിയിലും ആന്ധ്രപ്രദേശിലെ കടപ്പയിലും എടിഎം കവര്‍ച്ച നടത്തിയ അതേ സംഘമാണു തൃശൂരിലെത്തിയതെന്നു പൊലീസ് കണ്ടെത്തി. കൃഷ്ണഗിരിയില്‍ ഒന്‍പത് ലക്ഷം രൂപയും കടപ്പയില്‍ രണ്ട് എടിഎമ്മുകളില്‍നിന്നായി 41 ലക്ഷവുമാണു കവര്‍ന്നത്. കണ്ണൂരില്‍ മൂന്ന് വര്‍ഷം മുന്‍പ് എടിഎം കവര്‍ച്ച നടത്തിയതിന് മേവാത്തി ഗാങ്ങിലെ മറ്റൊരു സംഘത്തെ പിടികൂടിയിരുന്നു.

ഒട്ടനവധി വ്യവസായമേഖലകള്‍ ഉള്‍പ്പെടുന്ന മേവാത്തില്‍നിന്നു ദക്ഷിണേന്ത്യയിലേക്കടക്കം ഒട്ടേറെ ട്രക്കുകള്‍ ദിനംപ്രതി സഞ്ചരിക്കുന്നുണ്ട്. ലോഡുമായി എത്തുന്ന ഇവ മിക്കപ്പോഴും മടങ്ങുന്നതു കാലിയായിട്ടാവും. ഇത്തരം ട്രക്കുകളുടെ ഡ്രൈവര്‍മാരുമായി മേവാത്തി ഗാങ്ങിന് അടുത്ത ബന്ധമുണ്ട്. മോഷണ സമയത്ത് മേവാത്തില്‍നിന്നുള്ള ട്രക്ക് ഈ മേഖലയിലുണ്ടെങ്കില്‍ കാത്തുനില്‍ക്കേണ്ട സ്ഥലവും സമയവും ഡ്രൈവറെ അറിയിക്കും. മോഷണത്തിനുശേഷം പറഞ്ഞ സ്ഥലത്തെത്തി കാര്‍ ട്രക്കില്‍ കയറ്റി സ്ഥലംവിടും. കാര്‍ കേന്ദ്രീകരിച്ചാകും പൊലീസ് അന്വേഷണമെന്നതിനാല്‍ പിടിയിലാകാതെ ഇവര്‍ അതിര്‍ത്തി കടക്കും.

തോക്കുമായി സഞ്ചരിക്കുന്ന മേവാത്തി ഗാങ് വളരെ അപകടകാരികളാണ്. പിടിക്കപ്പടുമെന്ന് കണ്ടാല്‍ തോക്ക് എടുത്ത് ഉപയോഗിക്കാനും മടിക്കില്ല. ഗാങ്ങിന്റെ തലവനായ യൂസഫ് റാഷിദിനെ ഈയിടെയാണ് ഡല്‍ഹി പൊലീസ് പിടികൂടിയത്. തോക്കും 4 വെടിയുണ്ടകളും ഇയാളില്‍നിന്നു പിടിച്ചെടുത്തിരുന്നു.

Tags:    

Similar News