ഒഴുകിയെത്തിയ കുട്ടികളെയാണ് ആദ്യം കണ്ടത്; പിന്നീട് നാട്ടുകാര്‍ നടത്തിയ തിരച്ചലില്‍ അമ്മയെ ആറുമാനൂര്‍ ഭാഗത്ത് നിന്ന് കണ്ടെത്തി; കോട്ടയത്ത് മീനച്ചിലാറ്റില്‍ ചാടി അഭിഭാഷകയായ അമ്മയും അഞ്ചും രണ്ടും വയസ്സുള്ള മക്കളും മരിച്ചു; ആത്മഹത്യ എന്ന് പ്രാഥമിക നിഗമനം; പോലീസ് അന്വേഷണം ആരംഭിച്ചു; സംഭവം കോട്ടയം ഏറ്റുമാനൂരില്‍
കോട്ടയം: ഏറ്റുമാനൂരില്‍ പേരൂര്‍ മീനച്ചിലാറ്റില്‍ ചാടി അഭിഭാഷകയും മക്കളായ രണ്ടു പിഞ്ചുകുഞ്ഞുകളും മരിച്ചു. എറ്റുമാനൂര്‍ നീറിക്കാട് തൊണ്ണന്‍മാവുങ്കല്‍ ജിമ്മിയുടെ ഭാര്യയും അഭിഭാഷകയുമായ ജിസ്മോള്‍ തോമസ് (34), മക്കളായ നേഹ (5), പൊന്നു (2) എന്നിവരാണ് മരിച്ചത്. ഹൈക്കോടതിയിലും പാലായിലുമായി അഭിഭാഷകയായി പ്രവര്‍ത്തിച്ചുവരികയായിരുന്നു ജിസ്മോള്‍. മുത്തോലി പഞ്ചായത്തിലെ മുന്‍ വൈസ് പ്രസിഡന്റായും ജിസ്‌മോള്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇവര്‍ സാമൂഹികരംഗത്തും സജീവമായി പങ്കെടുത്തിരുന്നു.
ചൊവ്വാഴ്ച ഉച്ചയ്ക്കുശേഷം പേരൂര്‍ കണ്ണമ്പുരക്കടവില്‍ ഒഴുകിയെത്തുന്ന നിലയില്‍ കുട്ടികളെ ആദ്യം കണ്ടതാണ് ദുരന്തം പുറംലോകം അറിയുന്നത്. നാട്ടുകാര്‍ ഉടന്‍ തന്നെ തിരച്ചില്‍ ആരംഭിക്കുകയും രണ്ടു കുട്ടികളെയും തീരത്ത് എത്തിക്കുകയും ചെയ്തു. തുടര്‍ന്ന് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചു. പിന്നാലെ അമ്മയുടെ മൃതദേഹവും ആറുമാനൂര്‍ ഭാഗത്ത് നിന്ന് കണ്ടെത്തി. ഇവരെയും ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സംഭവസ്ഥലത്തില്‍ നിന്നാണ് ജിസ്മോളിന്റേതെന്ന് സംശയിക്കുന്ന സ്‌കൂട്ടര്‍ കണ്ടെത്തിയത്. സ്‌കൂട്ടറിന്റെ മുന്‍ഭാഗത്ത് അഭിഭാഷകാ യൂണിയന്റെ സ്റ്റിക്കറും പതിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. മരണ കാരണം എന്തെന്ന് വ്യക്തമല്ല. പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. ആത്മഹത്യയെന്ന് സംശയിക്കുന്നെങ്കിലും മറ്റ് കാരണങ്ങളും പരിശോധിച്ചുവരികയാണ്.