ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തു; കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചെന്ന് സൂചന; ദേവസ്വം ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും അന്വേഷണസംഘം ഒരുങ്ങുന്നു

ശബരിമല സ്വര്‍ണക്കൊള്ള: ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തു

Update: 2025-10-29 11:16 GMT

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണക്കൊള്ള കേസില്‍ കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് പ്രത്യേക അന്വേഷണം സംഘം. പ്രതികളായ ഉണ്ണികൃഷ്ണന്‍ പോറ്റിയെയും മുരാരി ബാബുവിനെയും പ്രത്യേക അന്വേഷണസംഘം ഒരുമിച്ചിരുത്തി ചോദ്യംചെയ്തു. മുരാരി ബാബുവുമായി വൈകാതെ തെളിവെടുപ്പ് നടത്തും. ശബരിമലയില്‍നിന്ന് സ്വര്‍ണം തട്ടിയെടുത്ത കേസിലെ പ്രധാന പ്രതികളാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയും മുരാരി ബാബുവും. നാല് ദിവസത്തേക്കാണ് മുരാരി ബാബുവിനെ റാന്നി കോടതി പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയില്‍ വിട്ടത്. ആദ്യ തനിച്ചും പിന്നാലെ പോറ്റിയുടെ കൂടെ ഇരുത്തിയും ബാബുവിനെ ചോദ്യം ചെയ്തു. ചോദ്യം ചെയ്യലില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

കേസിലെ പ്രതികളായ ദേവസ്വം ബോര്‍ഡ് മുന്‍ ഉദ്യോഗസ്ഥരെ വിളിച്ചു വരുത്തി ചോദ്യം ചെയ്യാനും അന്വേഷണസംഘം തീരുമാനിച്ചിട്ടുണ്ട്. ഇവരുടെ പങ്ക് തെളിയിക്കുന്ന വിവരങ്ങള്‍ കിട്ടിയാല്‍ അറസ്റ്റിലേക്ക് കടന്നേക്കും. അതിനിടെ, ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിനെതിരെ രൂക്ഷ വിമര്‍ശനവുമായി എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ രംഗത്തെത്തി. ദേവസ്വം ബോര്‍ഡുകള്‍ അഴിമതിയിലും കൊള്ളയിലും മുങ്ങി കുളിച്ചു നില്‍ക്കുകയാണ്. ഹൈന്ദവ വിശ്വാസികളെ അവഹേളിക്കുംവിധം ദേവസ്വം ബോര്‍ഡുകള്‍ മാറി. മാറിമാറിവരുന്ന സര്‍ക്കാരുകള്‍ക്ക് ഉത്തരവാദിത്തത്തില്‍നിന്നും ഒഴിയാനാകില്ലെന്നും യോഗനാദത്തിലെ മുഖപ്രസംഗത്തില്‍ വെള്ളാപ്പള്ളി വിമര്‍ശിച്ചു.

അതേസമയം പ്രത്യേക സംഘം ആവശ്യപ്പെട്ട രേഖകള്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ ഇതുവരെ കൈമാറിയിട്ടില്ല. 1998- 99കാലത്ത് ശബരിമല ശ്രീകോവിലിന്റെ മേല്‍ക്കൂരയടക്കം വിജയ് മല്യ സ്വര്‍ണം പൊതിഞ്ഞതുമായി ബന്ധപ്പെട്ട രേഖകളാണ് അന്വേഷണസംഘം തുടര്‍ച്ചയായി ആവശ്യപ്പെട്ടിട്ടും കൈമാറാത്തത്. ഇതോടെ രേഖകള്‍ നല്‍കാത്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അന്വേഷണ സംഘം മുന്നറിയിപ്പ് നല്‍കി. ഇനി സാവകാശം നല്‍കാനാകില്ലെന്നും ഉടന്‍ ലഭ്യമാക്കണമെന്നും അന്വേഷണ സംഘം എക്സിക്യൂട്ടീവ് ഓഫിസറെയും ദേവസ്വം കമീഷണറെയും അറിയിക്കുകയും ചെയ്തു.

വിജയ് മല്യ ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞ കാലത്ത് ഈ ജോലികളുടെ ചുമതല ദേവസ്വം മരാമത്ത് വിഭാഗത്തിനായിരുന്നു. ഈ ഫയലുകളാണ് അന്വേഷണസംഘം ആവശ്യപ്പെട്ടത്. മഹസര്‍ അടക്കമുള്ളവയും ഹാജരാക്കാന്‍ നിര്‍ദേശിച്ചിരുന്നു. നേരത്തെ ഇതുമായി ബന്ധപ്പെട്ട് ചില ഫയലുകള്‍ ദേവസ്വം വിജിലന്‍സ് ശേഖരിച്ചിരുന്നു. ഇതില്‍നിന്നാണ് ദ്വാരപാലക ശില്‍പ പാളികളിലടക്കം പൂശിയ സ്വര്‍ണത്തിന്റെ അളവ് ദേവസ്വം വിജിലന്‍സിന് ലഭിച്ചത്. ഇവ പ്രത്യേക അന്വേഷണ സംഘത്തിന് വിജിലന്‍സ് കൈമാറിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായുള്ള മറ്റ് രേഖകളാണ് പുതിയതായി ആവശ്യപ്പെട്ടത്.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ രേഖകള്‍ കണ്ടെത്താനായില്ല. ഇതിനായി എക്സിക്യുട്ടീവ് ഓഫിസറുടെയും ദേവസ്വം കമീഷണറുടെയും നേതൃത്വത്തില്‍ ഉദ്യോഗസ്ഥ സംഘത്തെ നിയോഗിച്ചിരുന്നു. ഇവര്‍ ദേവസ്വം ബോര്‍ഡ് ആസ്ഥാനത്തും സന്നിധാനത്തും ആറന്മുളയിലുമുള്‍പ്പെടെ പരിശോധന നടത്തിയെങ്കിലും രേഖകള്‍ ലഭിച്ചില്ല. ഇതോടെ രേഖകള്‍ നശിപ്പിച്ചെന്ന സംശയങ്ങളും ഉയരുന്നുണ്ട്. എന്നാല്‍, അന്വേഷണസംഘം സ്ഥിരീകരിച്ചിട്ടില്ല.

Tags:    

Similar News