മദ്യപാനത്തിനിടെയുണ്ടായ തർക്കത്തിൽ അച്ഛനെ കുത്തി കൊലപ്പെടുത്തി; പിന്നാലെ പോലീസിനെ വിവരം അറിയിച്ചു; ആറ്റപ്പാടത്തെ ജോയിയുടെ കൊലപാതകത്തിൽ മകൻ അറസ്റ്റിൽ; പോലീസിന്റെ ചോദ്യം ചെയ്യലിൽ കൃത്യമായി ഓര്‍മയില്ലെന്ന് പ്രതിയുടെ മൊഴി
കൊരട്ടി: മദ്യപാനത്തിനിടെയുണ്ടായ തർക്കത്തെത്തുടർന്ന് മകന്റെ കുത്തേറ്റ് അച്ഛൻ മരിച്ചു. തൃശ്ശൂർ കൊരട്ടിയിൽ ചൊവ്വാഴ്ച്ച അർധരാത്രിയോടെയാണ് സംഭവം. ആറ്റപ്പാടം എലിസബത്ത് ഗാർഡനിലെ കരിയാട്ടിൽ വീട്ടിൽ ജോയ് (57) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ജോയിയുടെ മകൻ ക്രിസ്റ്റി (37) യെ പോലീസ് അറസ്റ്റ് ചെയ്തു.
ക്രിസ്റ്റി വാങ്ങിക്കൊണ്ടുവന്ന മദ്യം ഇരുവരും ഒരുമിച്ച് കഴിക്കുന്നതിനിടെയാണ് തർക്കം ഉണ്ടായത്. ഇതിനിടെ ക്രിസ്റ്റി വീട്ടിൽ നിന്നു കത്തി എടുത്ത് അച്ഛന്റെ കഴുത്തിൽ കുത്തുകയായിരുന്നു. സംഭവദിവസം രാവിലെയും ഇരുവരും തമ്മിൽ വഴക്കുണ്ടായതായി റിപ്പോർട്ടുകളുണ്ട്.
ജോയ് രക്തം വാർന്ന് കിടക്കുന്ന വിവരം ക്രിസ്റ്റി തന്നെയാണ് പോലീസിനെ അറിയിച്ചത്. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും ജോയ് മരണപ്പെട്ടിരുന്നു. കസ്റ്റഡിയിലെടുത്ത ക്രിസ്റ്റിയോട് ചോദ്യം ചെയ്തപ്പോൾ നടന്ന സംഭവങ്ങളെക്കുറിച്ച് കൃത്യമായി ഓർമയില്ലെന്ന് ഇയാൾ മൊഴി നൽകിയതായി പോലീസ് അറിയിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ കൂടുതൽ വിവരങ്ങൾ ലഭ്യമാകൂ.
ഫോറൻസിക് വിദഗ്ധർ സ്ഥലത്തെത്തി നടത്തിയ പരിശോധനയിൽ ജോയിയുടെ കഴുത്തിൽ ആഴത്തിലുള്ള മുറിവ് കണ്ടെത്തി. കുത്തിക്കൊല്ലാൻ ഉപയോഗിച്ച കത്തി പ്രതി പോലീസിന് കൈമാറി. മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്‌മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സ്ഥിരമായി മദ്യപാനത്തെ തുടർന്നുണ്ടായ വഴക്കുകളാണ് സംഭവത്തിന് പിന്നിലെന്ന് പോലീസ് സംശയിക്കുന്നു. ചാലക്കുടി ഡിവൈഎസ്പി ബിജുകുമാറിൻ്റെയും കൊരട്ടി എസ്എച്ച്ഒ അമൃതരംഗൻ്റെയും നേതൃത്വത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.