ചുറ്റിക കൊണ്ട് തല തകർത്തു, വീണുകിടന്നവന്റെ ചോര കുടിച്ചു; മൃതദേഹത്തിൽ നിന്ന് മാംസം ഭക്ഷിക്കാനും ശ്രമം; സഹോദരിയെ കാണാൻ പോയ കൗമാരക്കാരന് നേരെ കൊടുംക്രൂരത; ആ 'സോംബി' ആക്രമണത്തിന് പിന്നിൽ ഭാര്യയെ കൊന്ന കേസിൽ ജയിലിൽ നിന്നിറങ്ങിയ കൊടും കുറ്റവാളി
ദാമോ: മധ്യപ്രദേശിലെ ദാമോവിൽ നാടിനെ നടുക്കിയ 16കാരന്റെ കൊലപാതകത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. സമന്ന ഗ്രാമത്തിൽ കൗമാരക്കാരനെ പട്ടാപ്പകൽ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ജയിലിൽ നിന്നിറങ്ങിയ കൊടും കുറ്റവാളിയാണ് കൊലപാതകത്തിന് പിന്നിൽ. ഭായ് ദൂജ് ദിനത്തിൽ സഹോദരിയെ കാണാൻ പോവുകയായിരുന്ന ഭരത് വിശ്വകർമയെയാണ് ഗുഡ്ഡ പട്ടേൽ എന്നയാൾ ക്രൂരമായി കൊലപ്പെടുത്തിയത്. ഇയാൾ പോലീസിന്റെ പിടിയിലായി
ഉച്ചയ്ക്ക് 1.30-ഓടെയായിരുന്നു സംഭവം. റോഡിലൂടെ നടന്നുപോവുകയായിരുന്ന ഭരത്തിനെ പ്രതി പിന്നിൽനിന്ന് വടികൊണ്ട് അടിച്ചു വീഴ്ത്തുകയും തുടർന്ന് ചുറ്റിക ഉപയോഗിച്ച് തലയ്ക്കടിച്ച് മരണം ഉറപ്പാക്കുകയുമായിരുന്നു. തുടർന്ന് പ്രതി കാട്ടിയ ക്രൂരതകൾ കണ്ടുനിന്ന ഗ്രാമവാസികളെപ്പോലും ഭീതിയിലാഴ്ത്തി. കൊല്ലപ്പെട്ട ആൺകുട്ടിയുടെ തലയിൽ നിന്ന് പ്രതി രക്തം കുടിച്ചതായും മാംസം ഭക്ഷിക്കാൻ ശ്രമിച്ചതായും ദൃക്‌സാക്ഷികൾ ആരോപിക്കുന്നു.
സംഭവത്തിന് ശേഷം പ്രതി സമീപത്തെ പാടത്തേക്ക് ഓടി രക്ഷപ്പെട്ടു. കൊല്ലപ്പെട്ട ഭരതും പ്രതിയും തമ്മിൽ മുൻവൈരാഗ്യങ്ങളോ തർക്കങ്ങളോ ഉണ്ടായിരുന്നില്ലെന്നും സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമിക്കുകയായിരുന്നുവെന്നും പോലീസ് അറിയിച്ചു. തങ്ങളുടെ ജീവിതത്തിൽ ഇന്നുവരെ കേട്ടുകേൾവിയില്ലാത്ത സംഭവമാണ് അരങ്ങേറിയതെന്ന് നാട്ടുകാർ പറയുന്നു. സംഭവം നടന്ന് നിമിഷങ്ങൾക്കകം നാട്ടുകാർ സ്ഥലത്തെത്തിയെങ്കിലും കൊലപാതകത്തിന് ശേഷം ഒളിച്ചോടാൻ ശ്രമിക്കാതെ മൃതദേഹത്തിന് സമീപം അതീവ ശാന്തനായി നിൽക്കുന്ന പ്രതിയെയാണ് കണ്ടത്.
പ്രതിയുടെ പെരുമാറ്റം "മനുഷ്യത്വരഹിതമായിരുന്നു" എന്ന് ദൃക്‌സാക്ഷികൾ മൊഴി നൽകി. പ്രതിയായ പട്ടേൽ സമീപവാസിയാണെന്നും സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിൽവാസം അനുഭവിച്ച് അടുത്തിടെയാണ് പുറത്തിറങ്ങിയതെന്നും ദൃക്‌സാക്ഷിയായ ഭഗവാൻദാസ് പട്ടേൽ പറഞ്ഞു. യാതൊരു പരിചയവുമില്ലാത്ത ഒരു ആൺകുട്ടി ആ വഴി നടന്നുപോകുമ്പോഴാണ് പട്ടേൽ വടികൊണ്ട് അടിച്ച് അവനെ വീഴ്ത്തിയതെന്ന് ഭഗവാൻദാസ് പറഞ്ഞു.
വീണുകിടന്ന കുട്ടിയുടെ തലയിൽ നിന്ന് അയാൾ രക്തം കുടിക്കാൻ തുടങ്ങി. പിന്നീട് ഒരു ചുറ്റികയുമായി വന്ന പട്ടേൽ, കുട്ടിയുടെ തലയിൽ നിന്ന് മാംസം ഭക്ഷിക്കാൻ ശ്രമിച്ചതായും ദൃക്‌സാക്ഷികൾ ആരോപിക്കുന്നു. ആരെയും മരവിപ്പിക്കുന്ന ഈ ക്രൂരതയ്ക്ക് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഗ്രാമവാസികൾ പിന്തുടർന്നു. ഇതിനിടെ സ്ഥലത്തെത്തിയ പോലീസും നാട്ടുകാരും ചേർന്ന് പ്രതിയെ വളയുകയും പിടികൂടുകയുമായിരുന്നു.
യാതൊരുവിധ പ്രകോപനമോ തർക്കമോ ഉണ്ടായിരുന്നില്ലെന്നും പ്രതിയുമായി മുൻപരിചയമോ ശത്രുതയോ ഇല്ലെന്നും കൊല്ലപ്പെട്ട കുട്ടിയുടെ സഹോദരൻ പറഞ്ഞു. സഹോദരിയുടെ വീട്ടിലേക്ക് പോകുകയായിരുന്ന കുട്ടിയെ പിന്നിൽനിന്നും ചുറ്റിക കൊണ്ട് ക്രൂരമായി അടിച്ചു വീഴ്ത്തുകയായിരുന്നു. ഒരാഘോഷ ദിനത്തിലെ ഈ യാത്ര എങ്ങനെ ഇത്ര വലിയൊരു ദുരന്തത്തിൽ അവസാനിച്ചുവെന്ന നടുക്കത്തിലാണ് കുടുംബം. നാടിനെയാകെ മരവിപ്പിച്ച ഈ കൊലപാതകത്തിന് പിന്നിലെ കാരണം ഇനിയും ആർക്കും വിശ്വസിക്കാനായിട്ടില്ല.
പ്രതിയായ പട്ടേൽ നേരത്തെ സ്വന്തം ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജയിൽവാസം അനുഭവിച്ചിട്ടുള്ളയാളാണെന്ന് സി.എസ്.പി പാണ്ഡെ സ്ഥിരീകരിച്ചു. പ്രതിക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പറയപ്പെടുന്നുണ്ടെന്നും ഇക്കാര്യം പരിശോധിക്കാൻ വൈദ്യപരിശോധന നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
കൊടുംകുറ്റവാളികൾ ജയിൽ മോചിതരാകുമ്പോൾ അവരെ നിരീക്ഷിക്കേണ്ടതിന്റെ അനിവാര്യതയെക്കുറിച്ച് ഗൗരവകരമായ ചോദ്യങ്ങൾ ഈ സംഭവം ഉയർത്തുന്നുണ്ട്. കേസന്വേഷണം പുരോഗമിക്കുകയാണെന്നും സാക്ഷികളുടെ മൊഴി രേഖപ്പെടുത്തുന്നുണ്ടെന്നും പോലീസ് അറിയിച്ചു. പ്രതിയുടെ മാനസിക നില വിലയിരുത്താൻ വിദഗ്ധ പരിശോധന നടത്തും.
