ഭാര്യ വഴക്കിട്ടതിന്റെ പേരിൽ കുട്ടികളുമായി പോയത് വനത്തിലേക്ക്; രണ്ട് വയസുള്ള ഇരട്ട പെൺകുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തി പിതാവ്; പിന്നാലെ പോലീസിൽ കീഴടങ്ങി; മൃതദേഹങ്ങൾ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിൽ
ബുൽധാന: മഹാരാഷ്ട്രയിൽ ഭാര്യയുമായുള്ള തർക്കത്തെ തുടർന്ന് ഇരട്ട പെൺകുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം പിതാവ് പോലീസിൽ കീഴടങ്ങി. വാസീം ജില്ലയിലെ താമസക്കാരനായ രാഹുൽ ചവാൻ ആണ് അറസ്റ്റിലായത്. ബുൽധാന ജില്ലയിലെ അഞ്ചാർവാഡിയിൽ വനമേഖലയിലാണ് സംഭവം നടന്നത്.
രാഹുൽ ചവാൻ, ഭാര്യയോടും രണ്ട് വയസുള്ള ഇരട്ട പെൺമക്കളോടുമൊപ്പം യാത്ര ചെയ്യുന്നതിനിടയിലാണ് ഭാര്യയുമായി വഴക്കുണ്ടായത്. വഴക്കിനെത്തുടർന്ന് ഭാര്യ മാതാപിതാക്കളുടെ വീട്ടിലേക്ക് പോകാൻ തീരുമാനിച്ചു. ഇതോടെ രാഹുൽ ചവാൻ പെൺകുട്ടികളുമായി തനിച്ചായി. തുടർന്ന് രാഹുൽ ചവാൻ കുട്ടികളെ അഞ്ചാർവാഡിയിലെ വനമേഖലയിലേക്ക് കൊണ്ടുപോയി. അവിടെ വെച്ച് കുട്ടികളെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം, പ്രതി വാസീം പൊലീസ് സ്റ്റേഷനിലേക്ക് വാഹനം ഓടിച്ച് എത്തി കുറ്റം സമ്മതിക്കുകയായിരുന്നു.
പ്രതിയുടെ മൊഴിയെത്തുടർന്ന് പൊലീസ് സംഘം സംഭവസ്ഥലത്തെത്തി കുട്ടികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾ ഭാഗികമായി കത്തിക്കരിഞ്ഞ നിലയിലായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. കൊലപാതകത്തിന് ശേഷം തെളിവുകൾ നശിപ്പിക്കാൻ മൃതദേഹം കത്തിക്കാൻ ശ്രമിച്ചോ എന്ന സംശയത്തിലാണ് പൊലീസ്. എന്നാൽ, ഇത് സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ പുറത്തുവന്നിട്ടില്ല.
മരണത്തിൻ്റെ യഥാർത്ഥ കാരണം കണ്ടെത്താനും മൃതദേഹം കത്തിച്ചത് കൊലപാതകത്തിന് ശേഷമാണോ എന്ന് സ്ഥിരീകരിക്കാനും ഫോറൻസിക് പരിശോധനയും പോസ്റ്റ്‌മോർട്ടവും നടന്നുവരികയാണ്. ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പൊലീസ് മനീഷ് കദം ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പ്രാഥമിക അന്വേഷണം പൂർത്തിയാക്കി. പൊലീസ് സംഘം സംഭവസ്ഥലം വിശദമായി പരിശോധിക്കുകയും ഫോറൻസിക് സാമ്പിളുകൾ ശേഖരിക്കുകയും ചെയ്തു.