ആടുകളെ മേയ്ക്കാൻ പോയ 60കാരിക്ക് നേരെ കൊടുംക്രൂരത; കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ആഭരണത്തിനായി കാലുകൾ വെട്ടിമാറ്റി; കവർന്നത് ലക്ഷങ്ങളുടെ വെള്ളി കാൽത്തളയും സ്വർണ്ണവും; കൊലയാളികൾക്കായി വലവിരിച്ച് പോലീസ്
ജയ്പുർ: രാജസ്ഥാനിൽ 60 വയസ്സുകാരിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം കാലുകൾ വെട്ടിമാറ്റിയ സംഭവത്തിൽ പുറത്ത് വായുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. കൊഡ്യായി ഗ്രാമത്തിൽ നിന്നുള്ള കമല ദേവി (60) ആണ് കൊടുംക്രൂരതക്കിരയായത്. ആറര ലക്ഷം രൂപ വിലമതിക്കുന്ന വെള്ളി കാൽത്തളകൾ ഉൾപ്പെടെയുള്ള ആഭരണങ്ങൾ കൊള്ളയടിക്കാനാണ് അക്രമികൾ ഈ ക്രൂരകൃത്യം നടത്തിയതെന്ന് പോലീസ് ചൊവ്വാഴ്ച അറിയിച്ചു.
ആടുകളെ മേയ്ക്കാൻ പോയ വനത്തിൽവെച്ചാണ് കമല ദേവി ആക്രമിക്കപ്പെട്ടത്. വൈകുന്നേരമായിട്ടും വീട്ടിൽ തിരിച്ചെത്താത്തതിനെ തുടർന്ന് ആശങ്കയിലായ മകൻ നടത്തിയ തിരച്ചിലിൽ ഗ്രാമത്തിൽ നിന്ന് ഏകദേശം മൂന്ന് കിലോമീറ്റർ അകലെ, വിച്ഛേദിക്കപ്പെട്ട കാലുകളോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. മൃതദേഹത്തിൽ നിന്ന് കമല ധരിച്ചിരുന്ന എല്ലാ ആഭരണങ്ങളും കവർച്ച ചെയ്യപ്പെട്ടിരുന്നുവെന്ന് പോലീസ് സ്ഥിരീകരിച്ചു.
ആറര ലക്ഷം രൂപ വിലമതിക്കുന്ന വെള്ളി കാൽത്തളകൾക്ക് പുറമെ, 7.5 ലക്ഷം രൂപയുടെ സ്വർണ്ണ ലോക്കറ്റ്, കമ്മൽ, മൂക്കുത്തി എന്നിവയും നഷ്ടപ്പെട്ടതായി കുടുംബം ആരോപിച്ചു. വിവരമറിഞ്ഞ് അഡീഷണൽ സൂപ്രണ്ട് ഓഫ് പോലീസ് നീൽ കമൽ മീനയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഉടൻതന്നെ സംഭവസ്ഥലത്തെത്തി. നിലവിൽ ഈ കേസിൽ ആരെയും അറസ്റ്റ് ചെയ്തിട്ടില്ലെന്നും പ്രതികളെ പിടികൂടാനുള്ള ഊർജ്ജിതമായ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.