റിസര്‍വ് ബാങ്കില്‍ നിന്ന് 3000 കോടി രൂപ വിട്ടുകിട്ടുമെന്ന് വ്യാജരേഖ കാണിച്ച മുതലമട സുനില്‍ സ്വാമി; സ്വാമിയെ വിശ്വസിച്ച് ബാങ്ക് ഇടപാട് വഴി 1,56,85,000 രൂപയും പണമായി 1,43,15,000 രൂപയും നല്‍കിയ കോയമ്പത്തൂരുകാരന്‍; മധുരയില്‍ നിന്നും മുതലമട സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാനെ അറസ്റ്റ് ചെയ്തത് ഈ മാസം ആദ്യം; ജയിലിലെ സ്വാമിയുടെ താമസം അതീവ രഹസ്യമാക്കിയ വിശ്വസ്തര്‍; ഒടുവില്‍ സുനില്‍ദാസ് അഴിക്കുള്ളിലായത് പുറത്ത്
ചെന്നൈ: പാലക്കാട് മുതലമട സ്‌നേഹം ചാരിറ്റബിള്‍ ട്രസ്റ്റ് ചെയര്‍മാന്‍ സ്വാമി സുനില്‍ ദാസ് തട്ടിപ്പു കേസില്‍ തമിഴ്‌നാട്ടില്‍ അറസ്റ്റില്‍. വ്യാജരേഖ കാണിച്ച് മൂന്ന് കോടി രൂപ തട്ടിയെടുത്തെന്ന പരാതിയില്‍ ആണ്. സുനില്‍ദാസിനെ കോയമ്പത്തൂര്‍ പൊലീസ് അറസ്റ്റുചെയ്തത്. മധുരയിലെ ഒളിവിടത്തില്‍ നിന്നാണ് സുനില്‍ദാസിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. കോയമ്പത്തൂരിലെ റിയല്‍ എസ്റ്റേറ്റ് വ്യവസായിയായ കമലേശ്വരന്‍ നല്‍കിയ പരാതിയിലാണ് നടപടി.
റിസര്‍വ് ബാങ്കില്‍ നിന്ന് 3000 കോടി രൂപ വിട്ടുകിട്ടുമെന്ന് വ്യാജരേഖ കാണിച്ച് വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്. പണം തിരിച്ചുകിട്ടാതെ വന്നതോടെയാണ് കമലേശ്വരന്‍ പൊലീസിനെ സമീപിച്ചത്. കോയമ്പത്തൂര്‍ കോടതിയില്‍ ഹാജരാക്കിയ സുനില്‍ ദാസിനെ റിമാന്‍ഡ്‌ചെയ്തു. പാലക്കാട് മുതലമട സ്‌നേഹം ട്രസ്റ്റ് ചെയര്‍മാനായ സുനില്‍ ദാസിനെ സുനില്‍ സ്വാമി എന്ന പേരിലാണ് അറിയപ്പെടുന്നത്. മുതലമടയിലെ സ്‌നേഹം ട്രസ്റ്റിന് റിസര്‍വ് ബാങ്ക് മൂന്നര കോടി രൂപ അനുവദിച്ചിട്ടുണ്ടെന്ന് കാണിച്ച് വ്യാജമായി കത്ത് നിര്‍മ്മിച്ചായിരുന്നു തട്ടിപ്പ്. അടിയന്തിര ആവശ്യത്തിനായി വ്യവസായിയോട് മൂന്ന് കോടി രൂപ ആവശ്യപ്പെട്ടു. റിസര്‍വ് ബാങ്കിന്റെ പണം വന്ന ഉടന്‍ തിരികെ നല്‍കാമെന്നായിരുന്നു കരാര്‍ ഉണ്ടാക്കിയത്. ഇതിലെ വഞ്ചനയാണ് കേസിന് ആധാരം.
റിയല്‍ എസ്റ്റേറ്റ് ഏജന്റ് ബാങ്ക് ഇടപാട് വഴി 1,56,85,000 രൂപയും പണമായി 1,43,15,000 രൂപയും സുനില്‍ ദാസിന് കൈമാറിയതായി പോലീസ് പറഞ്ഞു. 2022 ഫെബ്രുവരി 19 മുതലാണ് ഇടപാടുകള്‍ നടന്നത്. സുനില്‍ ദാസ് 3 കോടി രൂപ നല്‍കാത്തതിനാല്‍ റിയല്‍ എസ്റ്റേറ്റ് ഏജന്റ് നാല് മാസം മുമ്പ് പരാതിയുമായി സിസിബിയെ സമീപിച്ചു. വിശദമായ പരിശോധനയ്ക്ക് ശേഷം കേസ് രജിസ്റ്റര്‍ ചെയ്യുകയും സുനില്‍ ദാസിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. ഈ മാസം ആദ്യമാണ് സ്വാമിയെ അറസ്റ്റ് ചെയ്തത്. പക്ഷേ വാര്‍ത്തകള്‍ അതീവ രഹസ്യമായി സൂക്ഷിക്കാന്‍ മുതലമട ട്രസ്റ്റിനായി. കഴിഞ്ഞ ദിവസം മാത്രമാണ് സ്വാമി ജയിലിലാണെന്ന വിവരം പുറത്തറിഞ്ഞത്. മധുരയില്‍ നടന്ന അറസ്റ്റ് പുറത്തറിയില്ലെന്നായിരുന്നു മുതലമട ട്രസ്റ്റിന്റെ പ്രതീക്ഷ. ബാങ്കു വഴി പണം വാങ്ങിയതു കാരണം ഡിജിറ്റല്‍ തെളിവ് ശക്തമാണ്. ആര്‍ബിഐയുടെ പേരില്‍ കേരളത്തിലെ പലരും തട്ടിപ്പ് നടത്തിയിട്ടുണ്ട്. സമാന സ്വഭാവമാണ് ഈ കേസിനും. സമാനരീതിയില്‍ മറ്റു തട്ടിപ്പുകള്‍ നടത്തിയോയെന്നും പൊലീസ് അന്വേഷിക്കും.