സമരാഹ്വാനവുമായി കര്‍ഷക കോണ്‍ഗ്രസ് സ്ഥാപിച്ച ബോര്‍ഡ് ജില്ലാ വൈസ് പ്രസിഡന്റും മുന്‍ മണ്ഡലം വൈസ് പ്രസിഡന്റും ചേര്‍ന്ന് നശിപ്പിച്ചു; ഇരുവര്‍ക്കുമെതിരേ കേസ് എടുത്ത് നെടുങ്കണ്ടം പോലീസ്
നെടുങ്കണ്ടം: സി.എച്ച്.ആര്‍ ഭൂമി വനഭൂമിയാക്കാനുള്ള നീക്കത്തിനെതിരെ കര്‍ഷക കോണ്‍ഗ്രസ് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം നടത്തിയ രാപ്പകല്‍ സമരത്തിനു മുന്നോടിയായി സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകള്‍ നശിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് കര്‍ഷക കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റിനും സഹായിക്കുമെതിരെയും പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കര്‍ഷക കോണ്‍ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റും ഇരട്ടയാര്‍ കളത്തുകുന്നേല്‍ അജയ്, കര്‍ഷക കോണ്‍ഗ്രസ് മുന്‍ നെടുങ്കണ്ടം മണ്ഡലം പ്രസിഡന്റ് കുട്ടിയച്ചന്‍ വേഴപ്പറമ്പില്‍ എന്നിവര്‍ക്കെതിരെയാണ് നെടുങ്കണ്ടം പൊലീസ് കേസ് എടുത്തത്. ഡിസംബര്‍ 9,10 തീയതികളിലായി കര്‍ഷക കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ രാപ്പകല്‍ സമരത്തിന്റെ പ്രചാരണാര്‍ത്ഥം ഉടുമ്പന്‍ചോല താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ച ഫ്ളക്സ് ബോര്‍ഡുകളാണ് വ്യാപകമായി നശിപ്പിക്കപ്പെട്ടത്.
രാഹുല്‍ ഗാന്ധിയുടെ അടക്കമുള്ള പ്രമുഖ നേതാക്കളുടെ ചിത്രങ്ങളടങ്ങിയ ബോര്‍ഡുകളാണ് നശിപ്പിച്ചത്. ഇത് ശ്രദ്ധയില്‍പ്പെട്ടതോടെ നിയോജക മണ്ഡലം കമ്മിറ്റി നെടുങ്കണ്ടം പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പൊലീസ് മുപ്പതോളം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് പ്രതികളെ തിരിച്ചറിഞ്ഞത്. കരുണാപുരം,പാമ്പാടുംപാറ, നെടുങ്കണ്ടം പഞ്ചായത്തുകളില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡുകളാണ് നശിപ്പിക്കപ്പെട്ടത്.
കെ. മുരളീധരന്‍ ഉദ്ഘാടനകനായ സമരത്തിന് സ്വാഗത പ്രസംഗം നടത്താന്‍ അജയ് ജില്ലാ നേതൃത്വത്തോട് അനുമതി തേടിയിരുന്നു. എന്നാല്‍ പരിപാടി നടക്കുന്ന മണ്ഡലത്തിലെ പ്രസിഡന്റിനെ കൊണ്ട് സ്വാഗത പ്രസംഗം നടത്താന്‍ തീരുമാനിക്കുകയായിരുന്നു ഇതില്‍ പ്രകോപിതനായ അജയ് അനുയായിയെയും കൂട്ടി ഇരുളിന്റെ മറവില്‍ ബോര്‍ഡുകള്‍ നശിപ്പിക്കുകയായിരുന്നുവെന്നാണ് പറയപ്പെടുന്നത്.