പണയം വച്ച അറുപതോളം പവന്‍ സ്വര്‍ണാഭരണങ്ങളും ഒന്നരക്കോടിയോളം സ്ഥിര നിക്ഷേപവും അടിച്ചുമാറ്റി; വ്യാജ ബോണ്ട് നല്‍കിയും സ്വര്‍ണം ലോക്കറില്‍ നിന്ന് എടുത്തുമാറ്റിയും ക്രമക്കേട്; പണം പിന്‍വലിക്കാന്‍ നിക്ഷേപകര്‍ എത്തിയപ്പോള്‍ വ്യാജരസീതെന്ന് ആരോപിച്ച് ഒഴിഞ്ഞുമാറ്റം; സിപിഎം നിയന്ത്രണത്തിലുള്ള നെല്ലിക്കോട് വനിത സഹകരണ സംഘം തട്ടിപ്പില്‍ കേസ്
സിപിഎം നിയന്ത്രണത്തിലുള്ള നെല്ലിക്കോട് വനിത സഹകരണ സംഘം തട്ടിപ്പില്‍ കേസ്
കോഴിക്കോട്: സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള നെല്ലിക്കോട് വനിത സഹകരണ സംഘത്തില്‍ നടന്ന 2 കോടിയുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് മെഡിക്കല്‍ കോളേജ് പോലീസ് കേസെടുത്തു. സഹകരണ സംഘത്തില്‍ കോടിക്കണക്കിന് രൂപയുടെ ക്രമക്കേട് നടന്നിരുന്നു. പണയം വെച്ച 60 ഓളം പവന്‍ സ്വര്‍ണാഭരണങ്ങളും, ഒന്നരക്കോടിയോളം ഫിക്‌സഡ് ഡെപ്പോസിറ്റും സഹകരണ സംഘത്തില്‍ കാണാനില്ല. ഫിക്‌സഡ് ഡിപ്പോസിറ്റ് നല്‍കിയവര്‍ക്ക് വ്യാജ ബോണ്ട് നല്‍കിയും, പണയം വച്ചവരുടെ സ്വര്‍ണം ലോക്കറില്‍ നിന്ന് എടുത്തു മാറ്റിയും ആണ് തട്ടിപ്പ് നടന്നത്.
സഹകരണ സംഘത്തിലെ ക്ലാര്‍ക്കായി ജോലി ചെയ്തിരുന്ന ഡിവൈഎഫ്‌ഐ നേതാവും, സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗവുമായ അനുരാജ് രണ്ടുമാസം മുമ്പേ ഹോട്ടലില്‍ വ്ച്ച് ആത്മഹത്യ ചെയ്തിരുന്നു. അതിനുശേഷമാണ് ക്രമക്കേട് പുറത്തായത്. സഹകരണ സംഘത്തില്‍ നടന്ന മുഴുവന്‍ അഴിമതിയും മരണപ്പെട്ട അനുരാജിന്റെ തലയില്‍ കെട്ടിവെച്ച് രക്ഷപ്പെടാനാണ് ഭരണസമിതിയും ബാങ്കിന്റെ സെക്രട്ടറിയും ശ്രമിച്ചിരുന്നത്.
സിപിഎം ഭരിക്കുന്ന നെല്ലിക്കോട് സഹകരണ സംഘത്തില്‍ ചെയര്‍മാന്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗത്തിന്റെ ഭാര്യയും, ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. സംഘത്തിന്റെ സെക്രട്ടറി ബാങ്ക് ജീവനക്കാരുടെ സംഘടനയായ സിഐടിയുവിന്റെ ജില്ലാ നേതാവാണ്. സിപിഎമ്മിന്റെ ബ്രാഞ്ച് കമ്മിറ്റി അംഗവുമാണ്. ലോക്കറില്‍ സൂക്ഷിച്ച സ്വര്‍ണ്ണം ഭരണസമിതിയോ സെക്രട്ടറിയോ അറിയാതെ ഒരു ജീവനക്കാരന് മാത്രം തുറന്ന് എടുത്തുകൊണ്ടു പോകാന്‍ പറ്റുന്നതല്ല എന്ന് പകല്‍പോലെ വ്യക്തമാണ്.
നെല്ലിക്കോട് സഹകരണ സൊസൈറ്റിയുടെ പ്രസിഡന്റിനും സെക്രട്ടറിക്കും എതിരെയാണ് പരാതി വന്നിട്ടുള്ളത്. 88 ലക്ഷത്തി അമ്പതിനായിരം രൂപ പിന്‍വലിക്കാന്‍ നിക്ഷേപ രസീതുമായി ചെന്നപ്പോള്‍ പരാതിക്കാരനായ എ അനില്‍കുമാറിന്റെ പേരില്‍ പണമില്ല എന്നായിരുന്നു ഭാരവാഹികളുടെ മറുപടി. സെക്രട്ടറിയും പ്രസിഡന്റും നിക്ഷേപകന്‍ നിക്ഷേപ രസീതുകള്‍ ഹാജരാക്കിയപ്പോള്‍ രസീതുകള്‍ വ്യാജമാണെന്ന് ആരോപിച്ച് ഒഴിഞ്ഞുമാറി. മന: പൂര്‍വ്വമായി പണം നല്‍കാതിരിക്കാന്‍ വിശ്വാസ വഞ്ചന കാട്ടി എന്നാണ് എഫ്‌ഐആറില്‍ ഉള്ളത്. നാല് ലക്ഷത്തി മുപ്പതിനായിരം രൂപ പിന്‍വലിക്കാന്‍ മറ്റൊരു നിക്ഷേപകനായ ദില്‍ജു പി ശിവന്‍ സൊസൈറ്റിയില്‍ എത്തിയപ്പോഴും ഇതേ മറുപടിയായിരുന്നു.