സുധാകരന്‍ തിരുപ്പൂരിലും മക്കള്‍ സ്‌കൂളിലും പോയത് നോക്കി വച്ചു; പിറകിലൂടെ എത്തി കഴുത്തിന് പിന്നില്‍ ആഴത്തില്‍ വെട്ടി; ചെന്താമര കൊടുവാള്‍ വീശുന്നത് ആഴത്തില്‍ മുറിവുണ്ടാക്കി ഇരയുടെ മരണം ഉറപ്പാക്കി; സുധാകരനെയും ലക്ഷ്മിയെയും വകവരുത്തിയത് സമാനരീതിയില്‍; സൈക്കോയ്ക്കായി തിരച്ചില്‍ തുടരുന്നു; കൊടുവാളും വിഷക്കുപ്പിയും കണ്ടെത്തി
സൈക്കോയ്ക്കായി തിരച്ചില്‍ തുടരുന്നു
നെന്മാറ: കുടുംബത്തെ തകര്‍ത്തത് അയല്‍ക്കാരാണെന്ന തെറ്റിദ്ധാരണയില്‍ നെന്മാറയില്‍ അമ്മയെയും മകനെയും വെട്ടിക്കൊലപ്പെടുത്തിയ സൈക്കോ ചെന്താമര പക തീര്‍ക്കുന്നത് കഴുത്തിന് പിന്നില്‍ ആഴത്തില്‍ വെട്ടി കൊണ്ട്. ഒരിക്കലും ഇര രക്ഷപ്പെടരുതെന്ന ഉദ്ദേശ്യത്തോടെയാണ് ഇയാള്‍ കൊടുംക്രൂരത കാട്ടുന്നത്. ഇയാള്‍ കൊലയ്ക്ക് ഉപയോഗിച്ച കൊടുവാള്‍ കണ്ടെത്തി. അതിനൊപ്പം ഇയാളുടെ വീട്ടില്‍ നിന്ന് വിഷക്കുപ്പിയും കണ്ടെടുത്തു.
പോത്തുണ്ടി തിരുത്തമ്പാടം ബോയന്‍ കോളനിയില്‍ സുധാകര(58)നെയും അമ്മ ലക്ഷ്മി (76)യും ചെന്താമര കൊലപ്പെടുത്തിയത് 2019ലേതിന് സമാനമായ രീതിയിലാണ്. അന്ന് സുധാകരന്റെ ഭാര്യ സജിതയെയാണ് ചെന്താമര കൊലപ്പെടുത്തിയത്. കഴുത്തിനു പിന്നില്‍ ആഴത്തില്‍ വെട്ടേറ്റാണ് സജിത മരണപ്പെട്ടത്. സമാനമായ രീതിയില്‍ കഴുത്തിലാണ് ചെന്താമര ഇത്തവണയും വെട്ടിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.
ദൃക്‌സാക്ഷികള്‍ പറയുന്നത് ഇങ്ങനെ: 'സ്ഥലത്തെത്തി നോക്കിയപ്പോള്‍ വെട്ടുകൊണ്ട് ഒരാള്‍ മരിച്ചിരുന്നു. ലക്ഷ്മിയമ്മ വെട്ടു കൊണ്ട് പിടയുകയായിരുന്നു. നെന്മാറ പൊലീസില്‍ വിവരമറിയിച്ചപ്പോള്‍ ആംബുലന്‍സ് അയച്ചു. അതിലാണ് ആശുപത്രിയിലേക്ക് എത്തിച്ചത്. കഴുത്തിന് മുറിവേറ്റു. ആഴത്തിലുള്ള മുറിവായിരുന്നു ഇത്. ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണപ്പെട്ടിരുന്നു'.
ചെന്താമരയും ഭാര്യയും അകന്നുകഴിയുകയായിരുന്നു. ചെന്താമരയുടെ ക്രൂരമര്‍ദ്ദനം സഹിക്ക വയ്യാതെയാണ് ഭാര്യയും മകളും ഇയാളെ ഉപേക്ഷിച്ചുപോയത്്. എന്നാല്‍, ഭാര്യയെ തന്നില്‍ നിന്ന് അകറ്റിയത് സജിതയാണെന്ന സംശയത്തിന്റെ പേരിലായിരുന്നു സജിതയെ വകവരുത്തിയത്.
വളരെ ആസൂത്രിതമായാണ് സജിതയെ ഇയാള്‍ കൊലപ്പെടുത്തിയത്.
സജിതയുടെ ഭര്‍ത്താവ് സുധാകരന്‍ തിരുപ്പൂരിലെ ജോലി സ്ഥലത്തും മക്കള്‍ സ്‌കൂളിലും പോയ സമയത്തായിരുന്നു കൊലപാതകം. ഈ സമയം വീട്ടില്‍ സജിത തനിച്ചാണെന്ന് ചെന്താമര മനസ്സിലാക്കിയിരുന്നു. വീട്ടില്‍ മറ്റാരുമില്ലാത്ത നേരം പിറകിലൂടെ എത്തി കത്തികൊണ്ട് കഴുത്തില്‍ വെട്ടിയാണ് സജിതയെ ഇയാള്‍ കൊലപ്പെടുത്തിയത്. കൊലയ്ക്കുശേഷം പ്രതി ഒളിവില്‍ പോയി.
ഈ കേസില്‍ അടുത്തമാസം വിചാരണ തുടങ്ങാനിരിക്കെയാണ് ചെന്താമര ജയിലില്‍നിന്ന് ജാമ്യം ലഭിച്ച് പുറത്തിറങ്ങിയത്. 2019-ല്‍ കൊലപ്പെടുത്തിയ സജിതയുടെ ഭര്‍ത്താവ് സുധാകരനേയും ഇദ്ദേഹത്തിന്റെ അമ്മ ലക്ഷ്മിയേയുമാണ് ഇയാള്‍ ഇപ്പോള്‍ വകവരുത്തിയത്. സുധാകരനെയും ലക്ഷ്മിയെയും കൊല്ലുമെന്ന് ഇയാള്‍ മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നാണ് വിവരം.
സജിതയെ കൊലപ്പെടുത്തിയ അതേരീതിയിലാണ് ഈ കൊലകളും നടത്തിയത്. ഭാര്യയും കുട്ടിയും പിണങ്ങി പോയതിനു പിന്നില്‍ അയല്‍വാസിയായ സജിതക്കും മറ്റ് ചില അയല്‍ വാസികള്‍ക്കും പങ്കുണ്ടെന്ന് കരുതി അതിനെത്തുടര്‍ന്നുണ്ടായ വൈരാഗ്യത്തിലാണ് സജിതയെ കൊലപ്പെടുത്തിയതെന്ന് അന്ന് ചെന്താമര അന്വേഷണസംഘത്തോട് കുറ്റസമ്മതവും നടത്തിയിരുന്നു.
ചെന്താമര സൈക്കോ ആയത് കൊണ്ട് തന്നെ എന്തിനും ഏതിനും അയല്‍ക്കാരെ പഴിക്കുന്ന സ്വഭാവമാണ് ഇയാള്‍ക്ക്. ഭാര്യ പിണങ്ങിപ്പോയതിനു കാരണം അയല്‍ക്കാരാണെന്നാണ് ഇയാള്‍ തെറ്റിദ്ധരിച്ചിരുന്നത്. ഇയാളുടെ കടുത്ത മര്‍ദ്ദനം സഹിക്ക വയ്യാതെയാണ് ഭാര്യ പിണങ്ങി പോയതെങ്കിലും, എല്ലാറ്റിനും കാരണക്കാര്‍ അയല്‍ക്കാരെന്ന് പഴിച്ചാണ് ഇയാള്‍ അരുംകൊല നടത്തിയത്. ഇതേ പകയുടെ പേരിലാണ് 2019-ല്‍ സുധാകരന്റെ ഭാര്യ സജിതയെ ചെന്താമര കൊലപ്പെടുത്തിയതെന്നും നാട്ടുകാര്‍ പറയുന്നു. ചെന്താമരയെ ഭയന്നാണ് തങ്ങള്‍ കഴിഞ്ഞിരുന്നതെന്ന് പരിസരവാസികള്‍ പറയുമ്പോള്‍, പൊലീസ് പരാതിയോട് മുഖം തിരിച്ചെന്ന ആരോപണത്തില്‍ കഴമ്പുണ്ടെന്ന് വേണം കരുതാന്‍.
രണ്ടു മാസം മുമ്പ് ജാമ്യത്തിലിറങ്ങിയ ചെന്താമര മുമ്പ് പലതവണ ഭീഷണിപ്പെടുത്തിയെന്ന് സുധാകരന്റെ മകള്‍ അഖില പറഞ്ഞു. ചെന്താമരയെ പേടിച്ച് വീട്ടിലേക്ക് വരാതെ മാറിത്താമസിക്കുകയായിരുന്നു. സുധാകരന്‍ തമിഴ്‌നാട്ടില്‍ ഡ്രൈവറാണ്. ക്ഷേമനിധി പെന്‍ഷനുമായി ബന്ധപ്പെട്ട ആവശ്യത്തിനാണ് വീട്ടിലെത്തിയത്. ചെന്താമര ജാമ്യത്തിലിറങ്ങിയതിനു പിന്നാലെ കഴിഞ്ഞ ഡിസംബര്‍ 29-ന് സുരക്ഷയാവശ്യപ്പെട്ട് പോലീസില്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍ പോലീസ് പരാതി കാര്യമാക്കിയില്ല എന്നാണ് അഖിലയുടെ ആരോപണം.
കുടുംബത്തെ തകര്‍ത്തത് ഇവരാണെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്നും നാട്ടുകാര്‍ പറഞ്ഞു. 'അയാള്‍ പറയുന്നത് പോലെയല്ല കാര്യങ്ങള്‍. അയാളുടെ വീടിന് മുന്നിലൂടെ നല്ല വസ്ത്രമിട്ട് നടക്കാന്‍ സാധിക്കില്ലായിരുന്നു. അയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ട്. ജാമ്യത്തിലിറങ്ങിയതിന് ശേഷം ചെന്താമര പുറത്ത് സെക്യൂരിറ്റി ജോലി ചെയ്തിരുന്നു എന്നാണ് നാട്ടുകാര്‍ക്ക് കിട്ടിയ വിവരം. നാട്ടിലെത്തിയിട്ട് രണ്ട് മാസം ആകുന്നതെ ഉണ്ടായിരുന്നുള്ളൂ.'
ഇപ്പോള്‍ ചെന്താമരയ്ക്കായി പോലീസ് വ്യാപകമായി തിരച്ചില്‍ നടത്തുന്നുണ്ട്. അരക്കമലയ്ക്ക് പുറമെ നിലമ്പൂര്‍ വനത്തിലും ഇയാള്‍ ഒളിക്കാനുള്ള സാധ്യത പോലീസ് തള്ളിക്കളഞ്ഞിട്ടില്ല. പോത്തുണ്ടി മലയടിവാരത്തിലും പരിശോധന നടത്തുന്നു. ഇയാള്‍ക്കായി തമിഴ്‌നാട്ടിുലം തിരച്ചില്‍ നടത്തുന്നുണ്ട്. ചെന്താമരയുടെ സഹോദരനുമായി പൊലീസ് തിരുപ്പൂരിലേക്ക് തിരിച്ചു.