ഡല്‍ഹിയിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് ഇറങ്ങാറുള്ളത്; പാക്കിസ്ഥാനിലേക്കാണോ അവള്‍ പോയത് എന്നതറിയില്ല; ചാരവൃത്തി കേസില്‍ അറസ്റ്റിലായ ജ്യോതി മല്‍ഹോത്രയെ കുറിച്ച് പിതാവ്; പഹല്‍ഗാം ആക്രമണത്തിന് മുമ്പുള്ള ജ്യോതിയുടെ പാക്കിസ്ഥാന്‍ യാത്രയില്‍ അന്വേഷണം തുടരുന്നു

; പഹല്‍ഗാം ആക്രമണത്തിന് മുമ്പുള്ള ജ്യോതിയുടെ പാക്കിസ്ഥാന്‍ യാത്രയില്‍ അന്വേഷണം തുടരുന്നു

Update: 2025-05-20 08:16 GMT

ന്യൂഡല്‍ഹി: പാക്കിസ്ഥാന് വേണ്ടി ചാരവൃത്തി നടത്തിയതിന് അറസ്റ്റിലായ യൂട്യൂബര്‍ ജ്യോതി മല്‍ഹോത്രയുടെ കാര്യങ്ങളൊന്നും അറിയില്ലെന്ന് പിതാവ്. മകള്‍ പാക്കിസ്ഥാനിലേക്ക് പോയതിനെ കുറിച്ചും അറിയില്ലെന്നും ഹരീഷ് മല്‍ഹോത്ര പ്രതികരിച്ചു. നേരത്തെ ജ്യോതിയെ പ്രതിരോധിച്ചു കൊണ്ടാണ് പിതാവ് രംഗത്തുവന്നിരുന്നത്. ഇപ്പോള്‍ അദ്ദേഹവും മകളെ തള്ളിപ്പറയുന്ന വിധത്തിലാണ് പ്രതികരണം നടത്തിയത്.

മകളുടെ സമൂഹ മാധ്യമ അക്കൗണ്ടുകളെയും യൂട്യൂബ് ചാനലിനെ കുറിച്ചും തനിക്ക് വലിയ ധാരണയില്ലെന്ന് അദ്ദേഹം പ്രതികരിച്ചു. ഡല്‍ഹിയിലേക്ക് പോകുന്നു എന്ന് പറഞ്ഞാണ് മകള്‍ വീട്ടില്‍ നിന്നിറങ്ങിയത്. നേരത്തേ ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നതിനാല്‍ അതില്‍ സംശയമൊന്നും തോന്നിയില്ലെന്നും ഹരീഷ് മല്‍ഹോത്ര എ.എന്‍.ഐക്ക് നല്‍കിയ അഭിമുഖത്തില്‍ സൂചിപ്പിച്ചു.

'അവളെപ്പോഴും എന്നോട് പറഞ്ഞിരുന്നത് ഡല്‍ഹിയിലേക്ക് പോകുന്നുവെന്നായിരുന്നു. മറ്റാന്നും അവളൊരിക്കലും പറഞ്ഞിട്ടില്ല. വിഡിയോ ഷൂട്ട് ചെയ്യാനായി ജ്യോതി പാക്കിസ്ഥാനില്‍ പോയതിനെ കുറിച്ചൊന്നും അറിഞ്ഞിട്ടേയില്ല. വീട്ടുകാരുമായി വലിയ അടുപ്പമൊന്നുമില്ല. അവള്‍ വീട്ടില്‍ വെച്ചും വിഡിയോ ചെയ്യാറുണ്ടായിരുന്നു. അതിനാല്‍ ഒന്നും സംശയിച്ചില്ല''-ഹരീഷ് മല്‍ഹോത്ര പറഞ്ഞു. കോവിഡിന് മുമ്പ് ജ്യോതി ഡല്‍ഹിയില്‍ ജോലി ചെയ്തിരുന്നത്. പിന്നീട് ജോലി രാജിവെച്ചു.

ഹരിയാന സ്വദേശിയായ ജ്യോതിയുടെ 'ട്രാവല്‍ വിത്ത് ജോ' എന്ന യൂട്യൂബ് ചാനലിന് നാലുലക്ഷത്തിനടുത്ത് സബ്‌സ്‌ക്രൈബേഴ്‌സ് ഉണ്ട്. ഇന്ത്യന്‍ സൈനിക വിവരങ്ങള്‍ പാക്കിസ്ഥാന് കൈമാറിയതിന് കഴിഞ്ഞാഴ്ചയാണ് ജ്യോതിയെ ഹരിയാന പൊലീസ് അറസ്റ്റ് ചെയ്തത്. പാക് ഹൈകമീഷനിലെ ഉദ്യോഗസ്ഥരുമായി ജ്യോതിക്ക് അടുപ്പമുണ്ടായിരുന്നുവെന്ന് ചോദ്യം ചെയ്യലില്‍ വ്യക്തമായതായി ഹരിയാന പൊലീസ് അറിയിച്ചിരുന്നു. രണ്ടുതവണ ജ്യോതി പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അതിലൊന്ന് പഹല്‍ഗാം ഭീകരാക്രമണം നടക്കുന്നതിന് തൊട്ടുമുമ്പായിരുന്നു. അതിനു ശേഷം കശ്മീരിലുമെത്തി. ഈ സന്ദര്‍ശനങ്ങള്‍ തമ്മിലുള്ള ബന്ധം കണ്ടുപിടിക്കാനുള്ള ശ്രമത്തിലാണ് പൊലീസ്.

തന്റെ യൂട്യൂബ് ചാനലില്‍ 450 വിഡിയോകള്‍ ജ്യോതി അപ് ലോഡ് ചെയ്തിട്ടുണ്ട്. അതില്‍ ചിലത് പാക് സന്ദര്‍ശനത്തെ കുറിച്ചാണ്. ഇന്ത്യന്‍ പെണ്‍കുട്ടി പാക്കസ്ഥാനില്‍, ഇന്ത്യന്‍ പെണ്‍കുട്ടി ലാഹോറില്‍, ഇന്ത്യന്‍ പെണ്‍കുട്ടി കതാസ് രാജ് ക്ഷേത്രത്തില്‍ എന്ന പേരുകളിലാണ് വിഡിയോകള്‍ അപ് ലോഡ് ചെയ്തത്. പാകിസ്താനിലെ ആഡംബര ബസില്‍ യാത്ര ചെയ്യുന്ന ഇന്ത്യന്‍ പെണ്‍കുട്ടി എന്ന പേരിലും വിഡിയോ ഉണ്ട്. ചാരക്കേസില്‍ ജ്യോതിയടക്കം 12 പേരാണ് അറസ്റ്റിലായത്.

ജ്യോതിയുടെ പാക്കിസ്ഥാന്‍ സന്ദര്‍ശനത്തെ കുറിച്ച് വിശദമായ അന്വേഷിക്കുകയാണ് പോലീസ്. രണ്ട് സന്ദര്‍ശനങ്ങളും തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ടോ എന്ന കാര്യം അന്വേഷിച്ചു വരികയാണെന്ന് ഹിസാര്‍ പൊലീസ് സൂപ്രണ്ട് ശശാങ്ക് കുമാര്‍ പറഞ്ഞു. ഏപ്രില്‍ 22 ലെ പഹല്‍ഗാം ആക്രമണത്തിന് മുമ്പ് കശ്മീര്‍ സന്ദര്‍ശിച്ചിരുന്നതായും അതിന് മുന്‍പ് പാകിസ്താന്‍ സന്ദര്‍ശിച്ചിരുന്നെന്നും പൊലീസ് പറയുന്നു.

പഹല്‍ഗാം ആക്രമണത്തിന് പിന്നാലെ മെയ് 13 ന് ഇന്ത്യ പുറത്താക്കിയ പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനായ ഡാനിഷുമായി ജ്യോതിക്ക് ബന്ധമുണ്ടായിരുന്നെന്നും രണ്ട് തവണ പാക്കിസ്ഥാന്‍ സന്ദര്‍ശിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു. ഡാനിഷുമായി നടത്തിയ ചാറ്റുകളും ജ്യോതി നശിപ്പിച്ചിരുന്നെന്നും പൊലീസിനെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. മൊബൈല്‍ ഫോണ്‍ ഫോറന്‍സിക് വിശകലനത്തിനായി അയച്ചിട്ടുണ്ട്. ജ്യോതിയുടെ പാക്കിസ്ഥാന്‍ യാത്രകള്‍ക്ക് പുറമെ ചൈന, ബംഗ്ലാദേശ് സന്ദര്‍ശനങ്ങളും പൊലീസ് പരിശോധിച്ചു വരികയാണ്.

Tags:    

Similar News