ഹെര്‍ണിയ ശസ്ത്രക്രിയക്കിടെ ഡോക്ടര്‍ മുറിച്ചത് കുട്ടിയുടെ കാലിലേക്കുള്ള ഞരമ്പ്; ഡോക്ടറുടെ കൈപ്പിഴയില്‍ പത്ത് വയസ്സുകാരന്‍ ദുരിതക്കിടക്കയില്‍; കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സാപിഴവെന്ന് പരാതി
കുട്ടിക്ക് ഇരിക്കാനും നടക്കാനും കഴിയുന്നില്ല
കാസര്‍കോട്: കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ഹെര്‍ണിയ ശസ്ത്രക്രിയയ്ക്കിടെ ചികിത്സാ പിഴവെന്ന് പരാതി. കാസര്‍കോട് പുല്ലൂര്‍ പെരളത്തെ വി. അശോകന്റെ പത്ത് വയസ്സുകാരനായ മകന്‍ ആദിനാഥിന് ഹെര്‍ണിയ ശസ്ത്രക്രിയ നടത്തേണ്ടതിന് പകരം ഡോക്ടര്‍ മുറിച്ചത് കുട്ടിയുടെ കാലിലേക്കുള്ള ഞരമ്പ്. ജില്ലാ ആശുപത്രിയിലെ സര്‍ജന്‍ ഡോ. വിനോദ് കുമാറാണ് കുട്ടിയെ ശസ്ത്രക്രിയ നടത്തിയത്. സെപ്തംബര്‍ 19 നായിരുന്നു ശസ്ത്രക്രിയ. പിഴവിനെ തുടര്‍ന്ന് അന്ന് തന്നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. കുട്ടിക്ക് ഇരിക്കാനും നടക്കാനും കഴിയുന്നില്ല എന്ന് കാണിച്ച് ഡിഎംഒക്ക് പരാതി നല്‍കി.
ശസ്ത്രക്രിയയ്ക്കിടെ അബദ്ധത്തില്‍ പ്രധാന ഞരമ്പ് മുറിഞ്ഞുപോയെന്നും കുട്ടിയെ വിദഗ്ദ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കണമെന്നും ചികിത്സാച്ചെലവ് താന്‍ വഹിക്കാമെന്നും കുട്ടിയുടെ പിതാവിനെ അറിയിച്ച ഡോക്ടര്‍ ആംബുലന്‍സില്‍ ആശുപത്രിയിലെ നഴ്‌സിന്റെ സഹായത്തോടെ കുട്ടിയെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിക്കുകയും ചെയ്തു.
കഴിഞ്ഞമാസം 19നാണ് സംഭവം. വെള്ളിക്കോത്ത് പെരളം സ്വദേശിയുടെ മകനാണ് ദുരിതത്തിലായത്. രണ്ടു ദിവസം തീവ്രപരിചരണവിഭാഗത്തില്‍ കഴിഞ്ഞ കുട്ടി 5 ദിവസത്തിനു ശേഷം ആശുപത്രി വിട്ടെങ്കിലും ശസ്ത്രക്രിയാ മുറിവുണക്കിയതല്ലാതെ അറ്റുപോയ പ്രധാന ഞരമ്പ് തുന്നിച്ചേര്‍ക്കുകയോ ഹെര്‍ണിയ ശസ്ത്രക്രിയ നടത്തുകയോ ചെയ്തില്ലെന്നാണ് രക്ഷിതാക്കളുടെ പരാതി.
കണ്ണൂരിലെ ആശുപത്രിച്ചെലവ് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സ നടത്തിയ ഡോക്ടര്‍ തന്നെ വഹിച്ചെങ്കിലും ശസ്ത്രക്രിയ നേരത്തേയാക്കുന്നതിന് 3000 രൂപയും അനസ്തീസിയ ഡോക്ടര്‍ക്ക് 1500 രൂപയും കൈക്കൂലി നല്‍കിയതായും കുട്ടിയുടെ പിതാവ് അശോകന്‍ പറഞ്ഞു.
ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജായ ശേഷം കാഞ്ഞങ്ങാട്ടെ ഡോക്ടര്‍ തങ്ങളെ വിളിക്കുക പോലും ചെയ്തില്ലെന്നും ഇനി തുടര്‍ചികിത്സ എങ്ങനെയെന്ന് അറിയില്ലെന്നും കൂലിപ്പണി ചെയ്ത് കുടുംബം നോക്കുന്ന അശോകന്‍ പറഞ്ഞു. ആറു മാസത്തേക്ക് വിശ്രമം വേണമെന്നാണ് കണ്ണൂരില്‍ നിന്ന് ഡോക്ടര്‍മാര്‍ പറഞ്ഞത്. സ്‌കൂളില്‍ പോകാനും കഴിയില്ല. ഇപ്പോഴും പരസഹായമില്ലാതെ കുട്ടിക്ക് നടക്കാന്‍ കഴിയാത്ത സ്ഥിതിയാണെന്നും അശോകന്‍ പറഞ്ഞു. ഇനിയൊരു കുട്ടിക്കും ഈ അവസ്ഥയുണ്ടാകാതിരിക്കാനാണ് തങ്ങളുടെ സങ്കടകഥ ഇപ്പോള്‍ മാധ്യമങ്ങളോട് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു