ഐസ്‌ക്രീം-കോഫി ഷോപ് ബിസിനസുമായി ഹോങ്കോങ്ങില്‍ പച്ച പിടിച്ച ബ്രിട്ടീഷ് ബിസിനസുകാരന്‍; ഇന്തൊനേഷ്യയില്‍ നിന്നുവന്ന വീട്ടുജോലിക്കാരിയുമായി പ്രണയം; മടുത്തപ്പോള്‍ ബന്ധം അവസാനിപ്പിക്കാനായി വെള്ളച്ചാട്ടത്തില്‍ വച്ച് കൊലപാതകം; ഹോങ്കോങ്ങില്‍ വലിയ ഒച്ചപ്പാടായി 25 കാരിയുടെ അരുംകൊല; ചാപ്മാന്‍ അറസ്റ്റില്‍

ഹോങ്കോങ്ങില്‍ വീട്ടുജോലിക്കാരിയെ കൊന്ന ബ്രിട്ടീഷ് ബിസിനസുകാരന്‍ അറസ്റ്റില്‍

Update: 2024-11-04 12:07 GMT

വിക്ടോറിയ: എല്ലുമുറിയെ പണിയെടുക്കണം. അതും 13 മണിക്കൂറിലേറെ. നാട്ടിലേക്ക് കുറച്ച് പണമയച്ച് വീട്ടുകാരെ പോറ്റാനാണ് ഇന്തോനേഷ്യയില്‍ നിന്ന് വീട്ടുജോലിക്കായി പല സ്ത്രീകളും ഹോങ് കോങ്ങില്‍ എത്തുന്നത്. അഞ്ചുവയസുള്ള മകളെ ജാവയിലെ സിലാകാപ്പില്‍ താമസിക്കുന്ന മാതാപിതാക്കളെ ഏല്‍പ്പിച്ചാണ് ഏതാനും പൗണ്ടുകള്‍ സമ്പാദിക്കാനായി മെവി നൊവിതസരി(25) ഹോങ്കോങ്ങില്‍ വീട്ടുജോലിക്ക് എത്തിയത്. പക്ഷേ കഴിഞ്ഞാഴ്ച ഇവര്‍ ജോലി ചെയ്തിരുന്ന വീട്ടിലെ ബ്രിട്ടീഷ് ബിസിനസുകാരനായ കാമുകന്‍ ജാമി ചാപ്മാന്‍( 34) നൊവിതസരിയെ കൊലപ്പെടുത്തിയെന്നാണ് ആരോപണം. ഡെയിലി മെയിലാണ് ഇത് റിപ്പോര്‍ട്ട് ചെയ്തത്.



ജാമി ചാപ്മാനെ കൊലക്കേസില്‍ ഹോ്‌ങ്കോങ് പൊലീസ് കസ്റ്റഡിയിലെടുത്തു. രാത്രിയില്‍ ഒരു വിനോദസഞ്ചാര കേന്ദ്രത്തിലെ വെള്ളചാട്ടത്തിന് അരികിലെ ചെറിയ പാര്‍ക്കിലേക്ക് ഇരുവരും ഒരുമിച്ച് കയറി പോകുന്നത് കണ്ടവരുണ്ട്. പിറ്റേന്ന് രാവിലെ വെള്ളച്ചാട്ടത്തിന്റെ താഴെയായി തലയ്ക്ക് ഗുരുതര പരുക്കുകളോടെ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വെള്ളച്ചാട്ടത്തിന്റെ മുകളില്‍ നിന്ന് യുവതിയെ തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നോ എന്നുവ്യക്തമല്ല.



ബ്രിട്ടനിലെ സറേയില്‍ നിന്നുള്ള ചാപ്മാന് ഭാര്യയും മകനുമുണ്ട്. ഭാര്യ ഹോങ്കോങ്ങുകാരിയാണ്. രണ്ടുവര്‍ഷത്തെ ഹോങ്കോങ് വിസ പുതുക്കാനായി നാട്ടിലേക്ക് പോകാനിരിക്കവേയാണ് നൊവിതസരിയുടെ ദാരുണാന്ത്യം. 'ഞങ്ങള്‍ അവളുടെ വരവിനായി കാത്തിരിക്കുകയായിരുന്നു. പക്ഷേ കേട്ടത് മരണവാര്‍ത്തയും', അമ്മ മാനിസെം പറഞ്ഞു.


ഇന്തൊനേഷ്യന്‍ കുടിയേറ്റ തൊഴിലാളികളുടെ പ്രതിഷേധം

സംഭവം ഹോങ്കോങ്ങില്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയിരിക്കുകയാണ്. ഇന്തൊനേഷ്യന്‍ കുടിയേറ്റ ജോലിക്കാരുടെ സംഘടന വിക്ടോറിയ പാര്‍ക്കില്‍ പ്രകടനം നടത്തി. ' വാട്ടര്‍ഫാള്‍ ബേ ഇരയ്ക്ക് നീതി ലഭ്യമാക്കുക' എന്ന പ്ലാക്കാര്‍ഡുകളും ഏന്തിയാണ് ഹിജാബ് ധരിച്ച സ്ത്രീകള്‍ പ്രതിഷേധ പ്രകടനത്തില്‍ പങ്കെടുത്തത്. ചൈനീസ് വസതികളില്‍ കടുത്ത തൊഴില്‍ സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നതെന്ന് അവര്‍ പരാതിപ്പെട്ടു. സര്‍ക്കാരിന്റെ സംരക്ഷണം തീരെയില്ല. 13 മണിക്കൂറായി ജോലി നിജപ്പെടുത്തണമെന്നാണ് അവരുടെ ആവശ്യം.

ഹോങ്കോങ്ങില്‍ ദാരുണാന്ത്യം സംഭവിക്കുന്ന ആദ്യത്തെ ഇന്തൊനേഷ്യന്‍ കുടിയേറ്റ വനിതയല്ല നൊവിതസരി. രണ്ടുവര്‍ഷം മുമ്പ് 26 ഉം, 23 ം വയസുള്ള ഇന്തോനേഷ്യന്‍ യുവതികളെ ബ്രിട്ടീഷ്‌സീരിയല്‍ കില്ലറായ റുറിക് ജുട്ടിക് പീഡിപ്പിച്ച് കൊലപ്പെടുത്തിയിരുന്നു. ചാപ്മാനെ പോലെ സറെ സ്വദേശിയായ ഇയാള്‍ ഇപ്പോള്‍ ദ്വീപിലെ ജയിലിലാണ്.


ചാപ്മാനെ വെള്ളിയാഴ്ച ഹോങ്കോങ് ഈസ്‌റ്റേണ്‍ കോടതി വെള്ളിയാഴ്ച റിമാന്‍ഡ് ചെയ്തു. പുതുവര്‍ഷത്തിലേ ഇനി വിചാരണ നടക്കുകയുള്ളു. അതുവരെ ജയിലില്‍ കഴിയണം. കഴിഞ്ഞാഴ്ച വാട്ടര്‍ഫാള്‍ പാര്‍ക്കില്‍ നിന്ന് മുങ്ങിയ ചാപ്മാന്‍ നേരേ വീട്ടിലേക്ക് മടങ്ങുകയായിരുന്നു. ആപ് ലേ ചോയിലെ, സമ്പന്നര്‍ താമസിക്കുന്ന ഫ്‌ളാറ്റുകളില്‍ ഒന്നിലാണ് ഭാര്യക്കും ഇളയ മകനുമൊപ്പം താമസിക്കുന്നത്. ഹോങ്കോങ്ങില്‍ നിന്ന് രക്ഷപ്പെടാനായി ഇവര്‍ യാത്ര പുറപ്പെട്ടെങ്കിലും ഹൈസ്പീഡ് റെയില്‍വെ സ്റ്റേഷനില്‍ വച്ച് പിടികൂടി. പ്രതിയായ ഭര്‍ത്താവിനെ സഹായിച്ചതിന് ഭാര്യയെയും അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടു.


ബന്ധം അവസാനിപ്പിക്കാന്‍ പോയതോ?

നൊവിതസരിയുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ പോയതാണ് ചാപ്മാനെന്നാണ് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. അവിടെ വച്ച് ഇരുവരും തമ്മില്‍ ഉണ്ടായ തര്‍ക്കത്തിന് ഒടുവിലാണ് കൊലപാതകമെന്നും പറയുന്നു. മറ്റൊരു കുടുംബത്തിന് വേണ്ടിയും യുവതി ജോലി ചെയ്തിരുന്നു എന്നാണ് റിപ്പോര്‍ട്ട്. വെളളച്ചാട്ടത്തിന്റെ മുകളില്‍ നിന്ന് 40 അടി താഴ്ചയിലേക്ക് വീണാണ് മരണം സംഭവിച്ചതെന്നും പറയുന്നെങ്കിലും ഇത് സ്ഥിരീകരിച്ചിട്ടില്ല. പൊലീസ് അന്വേഷണം തുടരുകയാണ്. സംഭവത്തിന് ശേഷം ചാപ്മാന്‍ പൊലീസിനെ വിവരം അറിയിക്കാനും തയ്യാറായില്ല.



ഹോങ്കോങ്ങിലെ ഏറ്റവും മുഖ്യ സ്ഥലങ്ങളില്‍ ഒന്നില്‍ എട്ടുവര്‍ഷം മുമ്പ് ഇറ്റാലിയന്‍ ഐസ്‌ക്രീം ഗെലറ്റേറിയയുടെ ഷോപ്പ് ചാപ്മാന്‍ തുറന്നിരുന്നു. ഈ ഷോപ്പ് പിന്നീട് കോഫിക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി ബാരിസ്റ്റ എന്ന പേരില്‍ നഗരത്തിന്റെ മറ്റൊരിടത്തേക്ക് മാറ്റി സ്ഥാപിച്ചു.




തന്റെ ഐസ്‌ക്രീം ആശയം ലണ്ടനില്‍ ആണ് പിറവി കൊണ്ടതെന്നും ചാപ്മാന്‍ ഓണ്‍ലൈനില്‍ കുറിക്കാറുണ്ട്. പോര്‍ട്ടബിള്‍ കോഫി ഗ്രൈന്‍ഡര്‍ -കം-കോഫി മേക്കറായ ബ്രൂബഡിയും ചാപ്മാന്‍ പ്രമോട്ട് ചെയ്തിരുന്നു. ഇത് ബ്രിട്ടനില്‍ വച്ച് ചാപ്മാന്റെ പിതാവ് കെവിന്‍(63) പുറത്തിറക്കിയ കോഫി മേക്കറാണ്. ചാപ്മാന് ഒരു സഹോദരിയുമുണ്ട്: സോഫി( 31).

എന്തായാലും കൊലപാതകത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാനിക്കുന്നതേയുള്ളു.


Tags:    

Similar News