കാരാട്ട് കുറീസ്, ധനക്ഷേമ നിധി ധനകാര്യ സ്ഥാപനങ്ങള്‍ പൂട്ടി ഉടമകള്‍ കോടികളുമായി മുങ്ങി; ജീവനക്കാര്‍ സമരത്തിലേക്ക്; മുങ്ങിയ സന്തോഷിനും മുബഷിറിനും വേണ്ടി ലുക്കൗട്ട് നോട്ടീസ്
കാരാട്ട് കുറീസ്, ധനക്ഷമ നിധി ധനകാര്യ സ്ഥാപനങ്ങള്‍ പൂട്ടി ഉടമകള്‍ കോടികളുമായി മുങ്ങി
മലപ്പുറം: സ്വകാര്യ ധനകാര്യ സ്ഥാപനങ്ങള്‍ പൂട്ടി ഉടമകള്‍ കോടികളുമായി മുങ്ങിയ സംഭവത്തില്‍ ജീവനക്കാര്‍ സമരത്തിലേക്ക്. കാരാട്ട് കുറീസ്. ധനക്ഷേമ നിധി എന്നിവയിലെ ജീവനക്കാരാണ് സമരത്തിനിറങ്ങുന്നത്. ഫോര്മാന്മാരുടെ സഹായത്തോടെയാണ് ഉടമകള്‍ മുങ്ങിയതെന്ന് ജീവനക്കാര്‍ ആരോപിക്കുന്നു. ഇതിനിടെ ധന ക്ഷേമനിധിയുടെ നിലമ്പൂര്‍ ബൈപ്പാസ് റോഡിലെ ബ്രാഞ്ച് ഓഫീസ് തുറന്ന് പോലീസ് രേഖകള്‍ പരിശോധിച്ചു.
രണ്ട് സ്ഥാപനങ്ങളിലെയും 14 ബ്രാഞ്ചുകളിലെ 172 ഓളം ജീവനക്കാരാണ് നിലമ്പൂര്‍ ടി.ബി.യില്‍ ഒത്തുചേര്‍ന്ന് സമര പ്രഖ്യാപനം നടത്തിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് സീരിയല്‍ നടന് ഹരീന്ദ്രന്‍ ഉള്‍പ്പടെയുള്ളവര്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങളായുള്ള കാരാട്ട് കുറീസ് ഇന്ത്യാ ്രൈപവറ്റ് ലിമിറ്റഡ്, ധനക്ഷേമനിധി ഇന്ത്യപ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ പൂട്ടി ഉടമകളും എടക്കര സ്വദേശികളുമായ സന്തോഷ്, മുബഷിര്‍ എന്നിവര്‍ കടന്നുകളഞ്ഞത്. ഇവരെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്.
സ്ഥാപനങ്ങളുടെ 14 ബ്രാഞ്ച് ഓഫീസുകളും പൂട്ടി കപ്യൂട്ടര്‍ ഉള്‍പ്പെടെയുള്ള സാധനങ്ങളുമായി ഇവര്‍ മുങ്ങിയെന്നതാണ് പരാതി. കോടതിയില്‍ നിന്നും സ്റ്റേ ഉണ്ടെന്ന് രാത്രി വിളിച്ചറിയിച്ചിരുന്നുവെന്ന് ബ്രാഞ്ച് മാനേജര്‍മാര്‍ പറഞ്ഞു. സന്തോഷും മുബഷീറും മുങ്ങിയെങ്കിലും ഫോര്മാന്മാരായ പൂക്കോട്ടുമണ്ണ സ്വദേശി ശ്രീജിത്ത്, അനീഷ് എന്നിവര്‍ ഇപ്പോഴും നാട്ടിലുണ്ട്. ഇവരുടെ പേരിലാണ് ചിട്ടികളും കുറികളും രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ജീവനക്കാര്‍ പറയുന്നു.
പോലീസ് ഇടപ്പെട്ട് ഫോര്മാന്ന്മായ ഇവരെ മുന്നില്‍ നിര്‍ത്തി അടച്ച് പൂട്ടിയ ബ്രാഞ്ചുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടു. നിഷേപകരുടെ പണം മടക്കി നല്കാന് ഇത് ആവശ്യമാണ.് ശ്രീജിത്തും അനീഷുമാണ് ബ്രാഞ്ചുകള്‍ അടച്ച് പൂട്ടാനും ഉടമകളെ രക്ഷപ്പെടാനും സഹായിച്ചത്. നിലമ്പൂരിലെ ബ്രാഞ്ച് പൂട്ടി സാധനങ്ങളുമായി കടന്ന് പോകുന്നതിന്റെ സി.സി.ടി.വി. ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്.
ധന ക്ഷേമനിധിയിലേക്കും കാരാട്ട് കൂറിസിലേക്കും ജീവനക്കാരെ നിയമിച്ചപ്പോള്‍ ഡിപ്പോസിറ്റായി പണവും ചെക്കുകളും അവരുടെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും വാങ്ങിവെച്ചിരുന്നു. ഇതും നഷ്ടമായിട്ടുണ്ട്. മുബഷീറിന്റെ ബന്ധുവും സി.പി.എം.നേതാവുമായ ചുങ്കത്തറ സ്വദേശി പോലീസ് ഇടപ്പെടല്‍ ഉണ്ടാവാതിരിക്കാന്‍ സ്വാധീനം ഉപയോഗിച്ച് ശ്രമം നടത്തുകയാണെന്നും ഇവര്‍ ആരോപിച്ചു. നിലമ്പൂര്‍ പോലീസ് സ്റ്റേഷനില്‍ മാത്രം ഇതിനകം 600 ലേറെ പരാതികളുണ്ട്. നിലമ്പൂര്‍ പോലീസ് പരാതികളില്‍ ശരിയായ ദിശയില്‍ അന്വേഷണവുമായി മുന്നോട്ടു പോകുമ്പോള്‍ എടക്കര പോലീസ് ഇക്കാര്യത്തില്‍ വേണ്ടത്ര പരിഗണന കാണിക്കുന്നില്ലെന്നും ജീവനക്കാര്‍ കുറ്റപ്പെടുത്തി.
പണം കൈകാര്യം ചെയ്യുന്നതിന് ഉടമകള്‍ക്ക് മാത്രമാണ് അവകാശമുണ്ടായിരുന്നതെന്നും ഇവര്‍ പറഞ്ഞു. ധന ക്ഷേമനിധി ഇന്ത്യപ്രൈവറ്റ് ലിമിറ്റഡില്‍ നിന്നും 1.80 കോടി രൂപ ഉടമകള്‍ സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയിട്ടുണ്ട്. ഡയറക്ടര്‍മാരുടെയും ഉടമകളുടെയും സ്വത്തുകള്‍ പിടിച്ചെടുത്ത് നിക്ഷേപകര്‍ക്ക് പണം നല്‍കാനാവശ്യമായ നടപടികള്‍ക്കായി കോടതിയെ സമീപിക്കും. ഫോര്മാന്മാര് മുന്നില്‍ നിന്ന് ബ്രാഞ്ചുകള്‍ തുറന്നാല്‍ ജോലി ചെയ്യാന്‍ തയാറാണെന്നും ജീവനകാര്‍ പറഞ്ഞു. ഇതിലൂടെ നിക്ഷേപകര്‍ക്ക് പണം നല്കാന് സാധിക്കുമെന്നും ഇവര്‍ കണക്കുകൂട്ടുന്നു.
ഇക്കാര്യങ്ങളെല്ലാം ആവശ്യപ്പെട്ട് ബുധനാഴ്ച്ച നിക്ഷേകരുമായി ചേര്‍ന്ന് സമരത്തിന് ഒരുങ്ങുമെന്ന് ജീവനക്കാര്‍ നിലമ്പൂരില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ചെറിയ സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായിരുന്നുവെന്നും അത് പരിഹാരിക്കാന്‍ കമ്പനിയുടെ ആസ്തി വില്‍ക്കാനുണ്ടെന്നും പെട്ടെന്ന് പരിഹരിക്കാമെന്ന പ്രശ്നമേയുള്ളുവെന്നും ഉടമകള്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇപ്പോള്‍ ജീവനക്കാരും നിക്ഷേപകരും ഒരേ പോലെ ഒരേ പോലെ വഞ്ചിക്കപ്പെട്ടിരിക്കുകയാണ്.
മുഹസിന് ഹസീന, സുജ, അമ്പിളി എന്നി ഡയറക്ടര്‍മാരെ പോലീസ് ചോദ്യം ചെയ്താല്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്നും ജീവനക്കാര്‍ പറഞ്ഞു. കമ്പനിയുടെ ഡി.ജി.എം അജിത രണ്ട് മാസം മുന്‍പ് ലീവെടുത്ത് പോയിരുന്നു. അവരും ഉടമകള്‍ക്ക് ഒത്താശ ചെയ്യ്ാതിരുന്നതായും ജീവനക്കാര്‍ പറയുന്നു. നിലമ്പൂര്‍ സി.ഐ. സുരേന്ദ്രന് നായര്‍. എസ്.ഐ. ഷിജോ വി. തങ്കച്ചന്. മലപ്പുറം സൈബര്‍ വിംങ് എന്നിവരാണ് ധന ക്ഷേമനിധിയുടെ നിലമ്പൂര്‍ ബൈപ്പാസ് റോഡിലെ ബ്രാഞ്ച് ഓഫീസ് തുറന്ന് രേഖകള്‍ പരിശോധിച്ചത്.