'ഒരു ബൈക്ക് കുറുകേ ചാടി; അപകടം തനിക്ക് പറ്റിയ പിഴവ്'; കുറ്റം സമ്മതിച്ച് ലോറി ഡ്രൈവര്‍ പ്രജീഷ് ജോണ്‍; മനപ്പൂര്‍വമായ നരഹത്യാകുറ്റം ചുമത്തി; അപകടം നടക്കുമ്പോള്‍ ഫോണ്‍ ഉപയോഗിച്ചെന്നും സംശയം

ലോറി ഡ്രൈവര്‍ കുറ്റം സമ്മതിച്ചു; മനപ്പൂര്‍വമായ നരഹത്യാകുറ്റം ചുമത്തി

Update: 2024-12-13 10:06 GMT

പാലക്കാട്: പനയമ്പാടത്ത് ലോറി പാഞ്ഞുകയറി നാല് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ച സംഭവത്തില്‍ എതിരേ വന്ന ലോറിയുടെ ഡ്രൈവര്‍ക്കെതിരെ മനപ്പൂര്‍വമായ നരഹത്യക്ക് കേസെടുത്തു. പനയംപാടത്ത് പരീക്ഷകഴിഞ്ഞ് മടങ്ങിയ സ്‌കൂള്‍ വിദ്യാര്‍ഥിനികളുടെ മുകളിലേക്ക് നിയന്ത്രണം നഷ്ടപ്പെട്ട സിമന്റുമായി വന്ന ലോറി മറിഞ്ഞായിരുന്നു അപകടം. വഴിക്കടവ് സ്വദേശിയായ പ്രജീഷിനെതിരേയാണ് മനപ്പൂര്‍വമായ നരഹത്യാകുറ്റം ചുമത്തിയത്. തനിക്ക് പറ്റിയ പിഴവാണ് അപകടത്തിന് കാരണമെന്ന് പ്രജീഷ് പോലീസിനോട് സമ്മതിച്ചു. ഒരു ബൈക്ക് കുറുകേ ചാടിയെന്നും പക്ഷേ താനത് ശ്രദ്ധിക്കാതെ പോയപ്പോഴുള്ള പിഴവാണ് അപകടത്തിന് കാരണമെന്നുമാണ് പോലീസിന് മൊഴി നല്‍കിയത്. എന്നാല്‍ അപകടം നടക്കുമ്പോള്‍ പ്രജീഷ് ഫോണ്‍ ഉപയോഗിച്ചു എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്.

പാലക്കാട് - കോഴിക്കോട് ദേശീയപാതയില്‍ കരിമ്പ പനയംപാടത്തായിരുന്നു അപകടം ഉണ്ടായത്. അപകടത്തില്‍ സിമന്റ് ലോറി ഡ്രൈവര്‍ മഹീന്ദ്ര പ്രസാദിനെതിരെയും കേസെടുത്തിരുന്നു. നരഹത്യ ചുമത്തിയാണ് കേസെടുത്തത്. ദൃക്‌സാക്ഷികളുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നടപടി.

കരിമ്പ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ എട്ടാംക്ലാസ് വിദ്യാര്‍ഥിനികളായ കരിമ്പ ചെറൂളി പേട്ടേത്തൊടിവീട്ടില്‍ റഫീഖിന്റെ മകള്‍ റിദ (13), പള്ളിപ്പുറം വീട്ടില്‍ അബ്ദുള്‍ സലാമിന്റെ മകള്‍ ഇര്‍ഫാന ഷെറിന്‍ (13), കവുളേങ്ങല്‍ വീട്ടില്‍ സലീമിന്റെ മകള്‍ നിത ഫാത്തിമ (13), അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്റെ മകള്‍ അയിഷ (13) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ കാസര്‍കോട് സ്വദേശികളായ ലോറി ഡ്രൈവര്‍ വര്‍ഗീസ്(51), ക്ലീനര്‍ മഹേന്ദ്രപ്രസാദ്(28) എന്നിവര്‍ മണ്ണാര്‍ക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പോലീസ് നിരീക്ഷണത്തില്‍ ചികിത്സയിലാണ്.

വ്യാഴാഴ്ച വൈകീട്ട് മൂന്നേമുക്കാലോടെയായിരുന്നു അപകടം. സ്‌കൂളില്‍നിന്ന് റോഡരികിലൂടെ വീട്ടിലേക്ക് നടന്നുപോവുകയായിരുന്ന അഞ്ച് കുട്ടികള്‍ക്കിടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. ലോറി വരുന്നതുകണ്ട് മറുവശത്തേക്ക് ഓടിമാറിയ ഒരു കുട്ടി രക്ഷപ്പെട്ടു. ബാക്കി നാലുപേര്‍ ലോറിക്കടിയിലും സമീപത്തെ ചാലിനിടയിലുമായി കുടുങ്ങിയനിലയിലായിരുന്നു. സിമന്റുമായെത്തിയ ലോറി മണ്ണാര്‍ക്കാട് ഭാഗത്തേക്കു പോവുകയായിരുന്നു. പനയംപാടത്തെ കയറ്റം കയറിയ ലോറിയുടെ മുന്നില്‍ മണ്ണാര്‍ക്കാട് ഭാഗത്തുനിന്നെത്തിയ മറ്റൊരു ലോറി ഇടിച്ചതോടെ നിയന്ത്രണം നഷ്ടപ്പെട്ടതായാണ് കരുതുന്നത്. സംഭവസമയത്ത് ചെറിയ ചാറ്റല്‍മഴയുണ്ടായിരുന്നു.

അതേസമയം, സ്ഥിരം അപകടം നടക്കുന്ന പനയമ്പാടത്ത് പ്രശ്‌നപരിഹാരത്തിനായി കളക്ടറുടെ നേതൃത്വത്തില്‍ യോഗം തുടങ്ങി. മന്ത്രി കെ കൃഷ്ണന്‍കുട്ടി, കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരി എന്നിവര്‍ക്കൊപ്പം പ്രാദേശിക നേതാക്കളും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്. മലപ്പുറം എസ്പി ആര്‍ വിശ്വനാഥ്, എഡിഎംപി സുരേഷ്, മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തില്‍ ആദ്യം ഉദ്യോഗസ്ഥതല യോ?ഗമാണ് നടക്കുക. ശേഷമായിരിക്കും മറ്റു യോഗം നടക്കുന്നത്. ഇതിന് ശേഷം നാട്ടുകാരുടെ പരാതികൂടി കേട്ടുകൊണ്ടായിരിക്കും പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമം കൊണ്ടുവരുന്നത്.

അതേസമയം, മരിച്ച 4 പെണ്‍കുട്ടികളുടേയും ഖബറടക്കം തുമ്പനാട് ജുമാമസ്ജിദില്‍ നടന്നു. രാവിലെ പത്തുമണിയോടെ നടന്ന മയ്യിത്ത് നമസ്‌കാരത്തിന് ശേഷമാണ് ഖബറടക്കം നടന്നത്. അടുത്തടുത്തായി തയ്യാറാക്കിയ നാലു ഖബറുകളിലായാണ് പെണ്‍കുട്ടികളെ ഖബറടക്കിയത്. വിദ്യാര്‍ത്ഥികളെ അവസാന നോക്കുകാണാന്‍ നൂറ് കണക്കിനാളുകളാണ് പള്ളിയിലും വീട്ടിലും പൊതുദര്‍ശനത്തിന് വെച്ച ഹാളിലും എത്തിയത്. കണ്ണു നനയിക്കുന്ന കാഴ്ച്ചകളായിരുന്നു എങ്ങും കാണാനായത്. മാതാപിതാക്കളും സുഹൃത്തുക്കളും ബന്ധുക്കളും വിങ്ങിപ്പൊട്ടി. എന്തു പറഞ്ഞ് ഇവരെ സമാധാനിപ്പിക്കുമെന്നറിയാതെ കണ്ടുനിന്നവരും ഏറെ പ്രയാസപ്പെട്ടു.

പൊതുദര്‍ശനത്തിന് വെച്ച ഹാളില്‍ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാടി സാദിഖലി ശിഹാബ് തങ്ങള്‍ മയ്യത്ത് നമസ്‌ക്കാരത്തിന് നേതൃത്വം നല്‍കി. പികെ കുഞ്ഞാലിക്കുട്ടി ഉള്‍പ്പെടെയുള്ള നേതാക്കളും ഹാളിലെത്തിയിരുന്നു. മന്ത്രിമാരായ എംബി രാജേഷ്, കെ കൃഷ്ണന്‍ കുട്ടി, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എന്നിവരും നേരിട്ടെത്തി അനുശോചനമറിയിച്ചു.

അപകടം നടന്ന സ്ഥലത്ത് ശാസ്ത്രീയ പരിശോധന തുടരുകയാണ്. ഫോറന്‍സിക് വിദഗ്ധരുടെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. നിയന്ത്രണം വിട്ട ലോറി എത്രതാഴ്ചയിലേക്ക് മറിഞ്ഞു, കിടങ്ങിന്റെ ആഴം എന്നിവയാണ് പരിശോധിക്കുന്നത്. ലോറി ഇടിച്ചു കയറി 4 വിദ്യാര്‍ത്ഥിനികളാണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് നാല് കുട്ടികളുടെ ജീവനെടുത്ത ദാരുണമായ അപകടമുണ്ടായത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. കുട്ടികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിയുകയായിരുന്നു.

സ്ഥിരമായി അപകടമുണ്ടാവുന്നതാണ് ഈ പ്രദേശമെന്ന് ചൂണ്ടിക്കാട്ടി നാട്ടുകാര്‍ ഇന്നലെ പ്രതിഷേധിച്ചിരുന്നു. അധികൃതരോട് നിരവധി തവണ പരാതി അറിയിച്ചിട്ടും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് നാട്ടുകാര്‍ പ്രതിഷേധിക്കുന്നത്. പാലക്കാട് കരിമ്പാ പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന പനയമ്പാടം സ്ഥിരം അപകട സ്ഥലമാണെന്ന് നാട്ടുകാര്‍ പറയുന്നു. നാളിതുവരെ 55 അപകടങ്ങള്‍ ഇവിടെ നടന്നിട്ടുണ്ട്. ഏഴു മരണവും 65 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരി നിയമസഭയില്‍ ശ്രദ്ധ ക്ഷണിക്കലില്‍ 2022 ല്‍ പറഞ്ഞതാണ് ഈ വസ്തുത. ദേശീയപാത നിര്‍മ്മാണത്തിലെ അശാസ്ത്രീയതയാണ് അപകടത്തിന് കാരണമെന്ന് വ്യക്തമായിരുന്നു. 2021ല്‍ വിഷുവിന് ഇവിടെ 2 പേര്‍ മരിച്ചിരുന്നു. മഴ പെയ്താല്‍ ഇവിടുത്തെ വളവ് അപകടകേന്ദ്രമാണെന്നും നാട്ടുകാര്‍ പറയുന്നു. ഇറക്കവും വളവുമാണ് റോഡിന്റെ ഈ ഭാഗത്തുള്ളത്. അപകടം സ്ഥിരമായപ്പോള്‍ ഇവിടെ റോഡിന്റെ വീതി കൂട്ടിയെങ്കിലും അപകടങ്ങള്‍ക്ക് കുറവൊന്നും ഉണ്ടായിട്ടില്ല.

പള്ളിപ്പുറം വീട്ടില്‍ അബ്ദുല്‍ സലാം- ഫാരിസ ദമ്പതികളുടെ മകള്‍ ഇര്‍ഫാന ഷെറിന്‍, പെട്ടേത്തൊടിയില്‍ വീട്ടില്‍ അബ്ദുല്‍ റഫീഖ്-ജസീന ദമ്പതികളുടെ മകള്‍ റിദ ഫാത്തിമ്മ, കവുളേങ്ങല്‍ വീട്ടില്‍ അബ്ദുല്‍ സലീം- നബീസ ദമ്പതികളുടെ മകള്‍ നിദ ഫാത്തിമ്മ, അത്തിക്കല്‍ വീട്ടില്‍ ഷറഫുദ്ദീന്‍-സജ്‌ന ദമ്പതികളുടെ മകള്‍ ആയിഷ എന്നിവരാണ് മരിച്ച വിദ്യാര്‍ത്ഥിനികള്‍.

Tags:    

Similar News