വൈരാഗ്യത്തിന്റെ പേരില്‍ കടയില്‍ കഞ്ചാവ് വെച്ച് മകനെ കുടുക്കാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍
വൈരാഗ്യത്തിന്റെ പേരില്‍ കടയില്‍ കഞ്ചാവ് വെച്ച് മകനെ കുടുക്കാന്‍ ശ്രമം; പിതാവ് അറസ്റ്റില്‍
മാനന്തവാടി: വെരാഗ്യത്തിന്റെ പേരില്‍ സ്വന്തം മകനെ കുടുക്കാന്‍ കൂട്ടാളികളുടെ സഹായത്തോടെ മകന്റെ കടയില്‍ കഞ്ചാവുകൊണ്ടുവെച്ച പിതാവിനെ പോലിസ് അറസ്റ്റ് ചെയ്തു. മാനന്തവാടി ചെറ്റപ്പാലം പുത്തന്‍തറ വീട്ടില്‍ പി. അബൂബക്കറി(67)നെയാണ് മാനന്തവാടി എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജിത്ത് ചന്ദ്രന്‍ അറസ്റ്റുചെയ്തത്. മകനെ കള്ളക്കേസില്‍ കുടുക്കാനായി രണ്ടു പേരുടെ സഹയാത്തോടെ ഇയാള്‍ കടയില്‍ കഞ്ചാവ് ഒളിപ്പിക്കുകയും ആ വിവരം എക്‌സൈസിനെ അറിയിക്കുകയും ആയിരുന്നു.
കഴിഞ്ഞ സെപ്റ്റംബര്‍ ആറിന് ഉച്ചയ്ക്കായിരുന്നു കേസിനാസ്പദമായ സംഭവം. മാനന്തവാടി-മൈസൂരു റോഡിലാണ് അബൂബക്കറിന്റെ മകന്‍ നൗഫല്‍ നടത്തുന്ന പി.എ. ബനാന എന്ന കട. ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് എക്‌സൈസ് ഇവിടെ നിന്നും കഞ്ചാവ് കണ്ടെത്തിയത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് നൗഫല്‍ പള്ളിയില്‍ നിസ്‌കരിക്കാന്‍പോയിരുന്ന സമയത്താണ് കടയില്‍ കഞ്ചാവ് കൊണ്ടുവെച്ചത്. കടയില്‍ കഞ്ചാവുണ്ടെന്ന രഹസ്യവിവരം എക്‌സൈസിനു നല്‍കിയതും അബൂബക്കര്‍ തന്നെയാണ്.
2.095 ഗ്രാം കഞ്ചാവാണ് കടയില്‍നിന്നു കസ്റ്റഡിയിലെടുത്തത്. നൗഫലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് സി.സി.ടി.വി. കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തില്‍ നൗഫലിന്റെ നിരപരാധിത്വം എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കും കോടതിക്കും ബോധ്യപ്പെട്ടതോടെ അറസ്റ്റുചെയ്ത അന്നുതന്നെ നൗഫലിന് ജാമ്യവും നല്‍കി. കര്‍ണാടകയില്‍നിന്നാണ് കഞ്ചാവ് എത്തിച്ചത്. ഓട്ടോ ഡ്രൈവര്‍ ജിന്‍സ് വര്‍ഗീസും അബ്ദുള്ള (ഔത) എന്നയാളും അബൂബക്കറിന്റെ പണിക്കാരനായ കര്‍ണാടക സ്വദേശിയും ചേര്‍ന്നാണ് ഗൂഢാലോചനനടത്തി കഞ്ചാവ് കടയില്‍ കൊണ്ടുവെച്ചതെന്ന് എക്‌സൈസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കഞ്ചാവ് കൊണ്ടുവരാന്‍ സഹായം നല്‍കിയ ഓട്ടോ ഡ്രൈവര്‍ പയ്യമ്പള്ളി കൊല്ലശ്ശേരിയില്‍ വീട്ടില്‍ ജിന്‍സ് വര്‍ഗീസിനെ (38) എക്‌സൈസ് ഉദ്യോഗസ്ഥര്‍ അറസ്റ്റുചെയ്തിരുന്നു. പിന്നീടുള്ള അന്വേഷണത്തില്‍ അബൂബക്കര്‍ മറ്റുള്ളവരുടെ സഹായത്തോടെ കഞ്ചാവ് കടയില്‍ കൊണ്ടുവെക്കുന്നതായി വ്യക്തമായി. അബൂബക്കറിനെ മുഖ്യപ്രതിചേര്‍ത്താണ് എക്‌സൈസ് കേസ് രജിസ്റ്റര്‍ചെയ്തത്. ഔത മുന്‍കൂര്‍ ജാമ്യം നേടിയിരുന്നു. കര്‍ണാടക സ്വദേശിയെ ഉടന്‍ പിടികൂടുമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. അബൂബക്കറിനെ എന്‍.ഡി.പി.എസ്. കോടതി റിമാന്‍ഡ് ചെയ്തു.