ക്രിസ്മസ് അവധി കഴിഞ്ഞു തിരിച്ചു പോകാന്‍ ട്രെയിനില്‍ ടിക്കറ്റില്ല; കെഎസ്ആര്‍ടിസി, സ്വകാര്യ ദീര്‍ഘദൂര ബസുകളിലും തിരക്കേറി; മലയാളി യാത്രക്കാര്‍ ദുരിതത്തില്‍

ക്രിസ്മസ് അവധി കഴിഞ്ഞു തിരിച്ചു പോകാന്‍ ട്രെയിനില്‍ ടിക്കറ്റില്ല

Update: 2024-12-27 13:13 GMT

കോട്ടയം: ക്രിസ്മസ് അവധിക്കു ശേഷം നാട്ടില്‍നിന്നു ജോലിസ്ഥലത്തേക്ക് മടങ്ങാന്‍ ടിക്കറ്റില്ലാതെ മലയാളി യാത്രക്കാര്‍ ദുരിതത്തില്‍. വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലാണ് ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുന്നത്. ഈ ദിവസങ്ങളില്‍ ബസിലും ട്രെയിനിലും സീറ്റുകള്‍ മിക്കതും തീര്‍ന്നിരിക്കുകയാണ്.

ചെന്നൈ, ബെംഗളൂരു, മൈസുരു തുടങ്ങിയ നഗരങ്ങളില്‍ ജോലി ചെയ്യുന്ന മലയാളികളാണ് കടുത്ത യാത്രാ പ്രതിസന്ധി നേരിടുന്നത്. സംസ്ഥാനത്തിനകത്തും യാത്രാ ദുരിതമാണ്.

അവധിക്കാലത്തിന് ശേഷം ചെന്നൈ, ബെംഗളുരു നഗരങ്ങളിലേക്കു പോകുന്ന മിക്ക ട്രെയിനുകളും ടിക്കറ്റുകള്‍ നേരത്തെ തന്നെ വിറ്റു തീര്‍ന്നിരുന്നു. തത്കാല്‍ ക്വാട്ടയില്‍ ടിക്കറ്റ് ബുക്ക് ചെയ്യാമെങ്കിലും നിമിഷ നേരം കൊണ്ടാണ് ഇതും തീരുന്നത്. കെഎസ്ആര്‍ടിസി, സ്വകാര്യ ദീര്‍ഘദൂര ബസുകളിലും നല്ല തിരക്ക് അനുഭവപ്പെടുന്നുണ്ട്.

ഞായറാഴ്ച രാത്രിയോടെ തിരക്ക് ഇനിയും വര്‍ധിക്കുമെന്നാണ് സൂചന. പുതുവത്സര ആഘോഷം നടക്കുന്നതിനാല്‍ അടുത്ത ആഴ്ച കൊച്ചി ഉള്‍പ്പെടെയുള്ള നഗരങ്ങളിലേക്കുള്ള യാത്രാ തിരക്കു വീണ്ടും വര്‍ധിക്കാനാണ് സാധ്യത.

ക്രിസ്മസ് അവധിക്കാലം തുടങ്ങിയത് മുതലുള്ള വന്‍തിരക്ക് കാരണം കേരളത്തിനകത്ത് സര്‍വീസ് നടത്തുന്ന ട്രെയിനുകളിലും ടിക്കറ്റില്ല. തിരുവനന്തപുരത്തുനിന്ന് കോഴിക്കോടുള്‍പ്പെടെ വടക്കന്‍ ജില്ലകളിലേക്കും തിരിച്ചും ടിക്കറ്റ് കിട്ടാത്ത സ്ഥിതിയാണ്. ഇക്കുറി സ്‌പെഷ്യല്‍ ട്രെയിനുകളുമില്ല.

വടക്കന്‍ ജില്ലകളിലേക്ക് വന്ദേഭാരതില്‍ ജനുവരി 6, ജനശതാബ്ദിയില്‍ ജനുവരി ഒന്ന്, മാവേലിയില്‍ ഫെബ്രുവരി ഒന്ന്, ഏറനാട്ടില്‍ ജനുവരി 3, മംഗലാപുരം, മലബാര്‍ എക്‌സ് പ്രസുകളില്‍ ജനുവരി 14, പരശുറാമില്‍ ജനുവരി ആറ് തീയതികളില്‍ വരെ ടിക്കറ്റില്ലാത്ത സ്ഥിതി. തിരുവനന്തപുരത്തേക്ക് വന്ദേഭാരതില്‍ ജനുവരി എട്ട്, ജനശതാബ്ദിയില്‍ ഡിസംബര്‍ 31, മാവേലിയില്‍ ജനുവരി 21, ഏറനാട്ടില്‍ ജനുവരി 7, തിരുവനന്തപുരം എക്‌സ് പ്രസില്‍ ജനുവരി 20, പരശുറാമില്‍ ജനുവരി 9, മലബാര്‍ എക്‌സ് പ്രസില്‍ ജനുവരി 21 തീയതികളില്‍ വരെയും ടിക്കറ്റില്ല.

ഈ ദിവസങ്ങളില്‍ വെയിറ്റിംഗ് ലിസ്റ്റ് നൂറിന് മുകളിലാണ്. മുംബൈ, പൂനെ, ബംഗളൂരു എന്നിവിടങ്ങളില്‍ നിന്ന് ക്രിസ്മസ് അവധിക്കാലത്ത് ട്രെയിനുകളുണ്ടെങ്കിലും ചെന്നൈയില്‍ നിന്ന് വടക്കന്‍ ജില്ലകളിലേക്ക് പ്രത്യേക ട്രെയിന്‍ ഇക്കുറി അനുവദിച്ചില്ലെന്ന് ആക്ഷേപമുണ്ട്. തത്കാല്‍ ടിക്കറ്റുകള്‍ മിനിറ്റുകള്‍ക്കുള്ളിലാണ് തീരുന്നത്.

വിവിധ നഗരങ്ങളില്‍ നിന്നുള്ള ട്രെയിന്‍ ടിക്കറ്റുകള്‍ ബുക്ക് ചെയ്യാന്‍ പോലും സാധിക്കാത്തവിധം റിഗ്രറ്റ് വെയ്റ്റിങ് ലിസ്റ്റിലാണ്. മുംബൈ, ഡല്‍ഹി, ഹൈദരാബാദ്, ബെംഗളൂരു, മംഗളൂരു തുടങ്ങി കൂടുതല്‍ മലയാളികള്‍ ഏറെയുള്ള നഗരങ്ങളില്‍ നിന്നുള്ള ട്രെയിനുകളുടെ ടിക്കറ്റുകള്‍ നേരത്തെ തന്നെ തീര്‍ന്നു. സ്‌പെഷല്‍ ട്രെയിനുകളും കാര്യമായി പ്രയോജനപ്പെട്ടിട്ടില്ല. ഹൈദരാബാദ് വഴിയുള്ള വിവിധ ശബരി സ്‌പെഷല്‍ ട്രെയിനുകള്‍ കുറച്ച് ആശ്വാസമാണ്.ക്രിസ്മസ് അവധി കഴിഞ്ഞു തിരിച്ചു പോകാന്‍ ട്രെയിനില്‍ ടിക്കറ്റില്ല; കെഎസ്ആര്‍ടിസി, സ്വകാര്യ ദീര്‍ഘദൂര ബസുകളിലും തിരക്കേറി; മലയാളി യാത്രക്കാര്‍ ദുരിതത്തില്‍

Tags:    

Similar News