യു.കെയില്‍ നഴ്സിങ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി; വണ്ടന്മേട് സ്വദേശി റാന്നിയില്‍ അറസ്റ്റില്‍; യുകെ, ഇസ്രയേല്‍ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുകള്‍ നടത്തിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍ പോലീസിന്
യു.കെയില്‍ നഴ്സിങ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി
റാന്നി: യുകെയില്‍ നഴ്സിങ് അസിസ്റ്റന്റ് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ യുവാവ് അറസ്റ്റില്‍. ഇടുക്കി വണ്ടന്‍മേട് കുപ്പക്കല്‍മേട് കല്ലട വാഴപ്പറമ്പില്‍ വീട്ടില്‍ ജോമോന്‍ ജോണിനെയാണ് (42) പോലീസ് അറസ്റ്റ് ചെയ്തത്.
കോഴിക്കോട് കരിങ്കുറ്റി സ്വദേശിയായ യുവതിയില്‍ നിന്നാണ് 50,000 രൂപ വാങ്ങിയത്. യുവതിയുടെ പേരില്‍ ഗോവിന്ദപുരം പഞ്ചാബ് നാഷനല്‍ ബാങ്കിലുള്ള അക്കൗണ്ടില്‍ നിന്ന് കേസിലെ രണ്ടാം പ്രതി മനു മോഹന്‍ മുഖേന പണം കൈമാറുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. റാന്നി വലിയപാലത്തിനു സമീപം ജോമോന്‍ നടത്തുന്ന സ്ഥാപനത്തിന്റെ ഫെഡറല്‍ ബാങ്കിലെ അക്കൗണ്ടിലേക്കാണ് പണം നല്‍കിയത്.
ജോലി ലഭിക്കാതെ വന്നപ്പോള്‍ യുവതി കഴിഞ്ഞ രണ്ടിന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു.കോടതിയില്‍ ഹാജരാക്കിയ ജോമോന് ഉപാധികളോടെ ജാമ്യം അനുവദിച്ചു. സമാനമായ ഒരു കേസ് കൂടി ജോമോന്റെ പേരില്‍ റാന്നി പോലീസ് എടുത്തിട്ടുണ്ട്. ഇയാളുടെ ബാങ്ക് രേഖകള്‍ പരിശോധിച്ച ശേഷം തുടര്‍ നടപടി സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.
യുകെ, ഇസ്രയേല്‍ എന്നിവിടങ്ങളില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പുകള്‍ നടത്തിയതുമായി ബന്ധപ്പെട്ട് കൂടുതല്‍ പരാതികള്‍ ജില്ലാ പൊലീസ് മേധാവിക്കു ലഭിക്കുന്നുണ്ട്. സമാന പരാതിയില്‍ കഴിഞ്ഞ മാസം ഇയാള്‍ അറസ്റ്റിലായിരുന്നു.
ഡിവൈ.എസ്.പി ആര്‍.ജയരാജിന്റെ നേതൃത്വത്തില്‍ ഇന്‍സ്പെക്ടര്‍ ജിബു ജോണ്‍, എഎസ്ഐ അജു കെ.അലി, എസ് സിപിഒമാരായ അജാസ് ചാരിവേലി, ഗോകുല്‍ എന്നിവരാണ് അന്വേഷണം നടത്തുന്നത്.