'ഭായ് കോളനി' പെരുമ്പാവൂരിലെ ചുവന്ന തെരുവ്? പെണ്‍വാണിഭത്തിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രമെന്ന് നാട്ടുകാര്‍; ലഹരി മാഫിയയെ പൂട്ടാനിറങ്ങിയ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭര്‍ത്താവ് അഴികള്‍ക്കുള്ളില്‍! പോലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി; ലഹരി സംഘത്തിന് പോലീസ് ഒത്താശയോ? വെങ്ങോലയില്‍ പോര് മുറുകുന്നു

Update: 2026-02-05 09:18 GMT

കൊച്ചി: പെരുമ്പാവൂരിലെ വെങ്ങോല പഞ്ചായത്തിലുള്ള 'ഭായി കോളനി'യിലെ ലഹരി വ്യാപനം തടയാന്‍ ശ്രമിച്ചതിനു ഭര്‍ത്താവിനെ അറസ്റ്റ് ചെയ്‌തെന്ന് മുഖ്യമന്ത്രിക്ക് പഞ്ചായത്ത് പ്രസിഡന്റിന്റെ പരാതി. യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ പ്രസിഡന്റ് ഷെമിത ഷെരീഫാണ് പെരുമ്പാവൂര്‍ പൊലീസിനെതിരെ പരാതി നല്‍കിയത്. ഭര്‍ത്താവ് കെ.എ.ഷെരീഫിനെ മനഃപൂര്‍വം അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ ഇതര സംസ്ഥാനക്കാരായ രണ്ടുപേരെ മര്‍ദിച്ചതിനു കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് ഷെരീഫിനെ അറസ്റ്റ് ചെയ്തതെന്ന് പെരുമ്പാവൂര്‍ പൊലീസ് പറഞ്ഞു. അറസ്റ്റിലായ ഷെരീഫിനെ റിമാന്‍ഡ് ചെയ്തിരുന്നു.

പെരുമ്പാവൂരില്‍ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിക്കുന്ന ഭായ് കോളനി പെണ്‍വാണിഭത്തിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രമാണെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. ഭായ് കോളനിയിലെ മയക്കുമരുന്ന് - അനാശാസ്യ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ പ്രതികരിച്ച പ്രദേശവാസികൂടിയായ പൊതുപ്രവര്‍ത്തകനെ ജാമ്യമില്ലാ വകുപ്പുപ്രകാരം അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധം കടുപ്പിച്ചിരിക്കുകയാണ് നാട്ടുകാര്‍.

വെങ്ങോല പഞ്ചായത്ത് പ്രസിഡന്റ് ഷമിത ഷരീഫിന്റെ ഭര്‍ത്താവും പൊതുപ്രവര്‍ത്തകനുമായ ഷരീഫ് പുള്ളട്ടിനെയാണ് പെരുമ്പാവൂര്‍ പോലീസ് ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്തത്. നാളുകളായി ഭായ് കോളനി, ബംഗാള്‍ കോളനി എന്നീ പേരുകളില്‍ അറിയപ്പെടുന്ന പെരുമ്പാവൂരിലെ സ്ഥലം മയക്കുമരുന്ന് - അനാശാസ്യ പ്രവര്‍ത്തനങ്ങളുടെ ഉറവിടവും ഹബ്ബുമാണ്.

ഇതിനെതിരെ നാട്ടുകാര്‍ പ്രതിഷേധ ബോര്‍ഡുകള്‍ കോളനിയില്‍ സ്ഥാപിച്ചിരുന്നു. മലയാളത്തില്‍ സ്ഥാപിച്ച ബോര്‍ഡുകള്‍ക്കെതിരെ വിമര്‍ശനങ്ങള്‍ വന്നെങ്കിലും ഇതിനു പിന്നില്‍ ഇതര സംസ്ഥാനക്കാര്‍ മാത്രമല്ല മലയാളികളും ഉണ്ടെന്ന നിഗമനത്തിലാണ് ഇത്തരത്തില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചത്. അനധികൃത കെട്ടിടങ്ങളും താമസക്കാരും അതിനെ ചുറ്റിപ്പറ്റിയുള്ള മയക്കുമരുന്ന് വ്യാപാരവും പെണ്‍വാണിഭവും നിര്‍ബാധം തുടരുകയാണ്. സഹികെട്ടപ്പോഴാണ് ഇതിനെതിരേ കണ്ണന്തറ പ്രദേശത്തും പരിസര പ്രദേശങ്ങളിലുമുള്ളവര്‍ സംഘടിച്ചത്. മതസംഘടനകളും യുവജന സംഘടനകളും ഇതിനു പിന്തുണയുമായി വന്നു. ഈ സമയത്താണ് പ്രതിഷേധത്തിനു മുന്നില്‍ നില്‍ക്കുന്നവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.

മയക്കുമരുന്നു കച്ചവടത്തിലൂടെ ലക്ഷക്കണക്കിനു രൂപയാണ് ഒരു ദിവസം ഭായ് കോളനികളില്‍നിന്നു മാത്രം ഇതര സംസ്ഥാനങ്ങളിലേക്ക് ഒഴുകുന്നത്. പല കെട്ടിടങ്ങളിലും ഇതര സംസ്ഥാനങ്ങളിലെ പെണ്‍കുട്ടികളെ കൊണ്ടുവന്നു പെണ്‍വാണിഭവും നടത്തുന്നുണ്ടെന്നാണ് ആരോപണം. മുംബൈ റെഡ് സ്ട്രീറ്റിനെ ഓര്‍മപ്പെടുത്തും വിധമുള്ള കാര്യങ്ങളാണ് ഇവിടെ നടക്കുന്നത് എന്നാണ് നാട്ടുകാര്‍ പറയുന്നത്. റെഡി മാര്‍ക്കറ്റ് എന്നാണ് ഇവിടം അറിയപ്പെടുന്നതും. കേരളത്തിലെ വിവിധ ഭാഗങ്ങളില്‍നിന്നു വിദ്യാര്‍ഥികള്‍ അടക്കം ഇവിടെ മയക്കുമരുന്നിനും അനാശാസ്യത്തിനും എത്തുന്നതും പതിവാണ്. കഴിഞ്ഞ ഒരാഴ്ചയായി ഇതിനെതിരെ ജനങ്ങള്‍ സംഘടിപ്പിച്ചപ്പോള്‍ ഒരു പരിധിവരെ ഇത്തരം കാര്യങ്ങളെ പ്രതിരോധിക്കാന്‍ പ്രദേശവാസികള്‍ക്കു കഴിഞ്ഞിരുന്നു. ഇതിനെ തടയിടാനാണ് ഇപ്പോള്‍ പോലീസ് - എക്സൈസ് ശ്രമമെന്നും നാട്ടുകാര്‍ ആരോപിച്ചു.

ബംഗാളി കോളനി

ഇതര സംസ്ഥാനക്കാരായ തൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലമാണ് വെങ്ങോല, വാഴക്കുളം പഞ്ചായത്തുകളുടെ ഇടയില്‍ കണ്ടന്തറയിലുള്ള ഭായി കോളനി അഥവാ ബംഗാളി കോളനി. വ്യാപകമായ ലഹരി ഉപയോഗവും അനാശാസ്യ പ്രവര്‍ത്തനങ്ങളും നടക്കുന്നു എന്നാരോപിച്ച് ജനങ്ങള്‍ കുറച്ചുകാലമായി ഇവിടെ സംഘടിച്ചിരുന്നു. മറ്റ് ജില്ലകളില്‍നിന്നുപോലും ലഹരി തേടി ആളുകള്‍ ഇവിടെ എത്തിയിരുന്നു. ഇതിനിടെയാണ് ലഹരിക്കെതിരെ നാട്ടുകാരുടെ സമിതി രൂപീകരിച്ചത്. ലഹരി തേടി എത്തുന്നവരെ തടയുകയും ഓടിച്ചുവിടുകയും ചെയ്യുന്നതടക്കമുള്ള കാര്യങ്ങള്‍ നാട്ടുകാര്‍ ചെയ്തു തുടങ്ങി. ഇതിനിടെ, 'കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇങ്ങോട്ടു വന്നാല്‍... തല്ലും, തല്ലും, തല്ലും' എന്നൊരു ബോര്‍ഡും കോളനിയുടെ കവാടത്തില്‍ സ്ഥാപിച്ചു. എന്നാല്‍ പൊലീസ് ഇത് എടുത്തുമാറ്റി എന്നാണ് വിവരം.

കഴിഞ്ഞ ഞായറാഴ്ച ലിജ മൊബൈല്‍സ് എന്ന സ്ഥാപനത്തിലെത്തി ഷെരീഫും കൂട്ടരും ഇതിന്റെ ഉടമയായ ബംഗാള്‍ സ്വദേശി എസ്.കെ.അനൊവറിനെയും ജോലിക്കാരനായ മൊനീറുളിലൂനെയും ഇരുചക്ര വാഹനങ്ങളില്‍ കയറ്റി ഒഴിഞ്ഞ റബര്‍ തോട്ടത്തിലെത്തിച്ച് മര്‍ദിച്ചു എന്നായിരുന്നു പരാതി. കൂടാതെ, കടയിലുണ്ടായിരുന്ന പേടിഎം സ്‌കാനര്‍ തട്ടിയെടുത്തെന്നും അക്കൗണ്ടിലെ 9000 രൂപ ലഹരി കച്ചവടത്തിലൂടെ ഉണ്ടാക്കിയതാണെന്ന് ആരോപിച്ചു മര്‍ദിച്ചു എന്നും എഫ്‌ഐആറില്‍ പറയുന്നു. തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ഷെരീഫിനെ പൊലീസ് അറസ്റ്റ് ചെയ്തത്. എന്നാല്‍ തന്റെ ഭര്‍ത്താവായതിനാല്‍ ഷെരീഫിനെ മനഃപൂര്‍വം അറസ്റ്റ് ചെയ്തതാണെന്നാണ് ഷെമിതയുടെ ആരോപണം.

''രാഷ്ട്രീയമോ മതമോ നോക്കാതെയാണ് ഇവിടെ എല്ലാവരും ലഹരിക്കെതിരെ ഇറങ്ങിയിരിക്കുന്നത്. ലഹരി വ്യാപനം തടയാന്‍ സാധിക്കുന്ന എല്ലാം ഞങ്ങള്‍ ചെയ്യുന്നുണ്ട്. അതിന് തടയിടാന്‍ ഇപ്പോള്‍ ഇതര സംസ്ഥാനക്കാരെക്കൊണ്ട് പരാതി കൊടുപ്പിച്ചിരിക്കുകയാണ്. ഞായറാഴ്ച നടന്ന സംഭവങ്ങളുടെ പേരിലാണ് എന്റെ ഭര്‍ത്താവിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ അദ്ദേഹം അവിടെ ഉണ്ടായിരുന്നു എന്നല്ലാതെ ആരെയും മര്‍ദിച്ചിട്ടില്ല. എന്നിട്ടും അദ്ദേഹത്തെ അറസ്റ്റ് ചെയ്ത് മനഃപൂര്‍വമാണ്'' ഷെമിത പറഞ്ഞു.

പൊലീസിന്റെ ഭാഗത്തുനിന്ന് യാതൊരു പിന്തുണയും കിട്ടുന്നില്ലെന്നും അവര്‍ ആരോപിച്ചു. ''കഴിഞ്ഞ ദിവസം പെരുമ്പാവൂര്‍, കുന്നത്തുനാട് എംഎല്‍എമാരും വാഴക്കുളം, വെങ്ങോല പഞ്ചായത്ത് പ്രതിനിധികളും പൊലീസും യോഗം ചേര്‍ന്നിരുന്നു. എന്നാല്‍ ഈ യോഗത്തില്‍ പോലും യാതൊരു പിന്തുണയും ഇല്ലാത്ത രീതിയിലായിരുന്നു പൊലീസിന്റെ സംസാരം'' ഷെമിത ആരോപിച്ചു. അതേസമയം, ഷെമിതയുടെ ആരോപണം തെറ്റാണെന്ന് പെരുമ്പാവൂര്‍ പൊലീസ് പറഞ്ഞു. ഇതര സംസ്ഥാനക്കാരെ മര്‍ദിച്ചതിന്റെ തെളിവുകള്‍ ഉള്ളതിനാലാണ് ഷെരീഫിനെ അറസ്റ്റ് ചെയ്തതെന്നും അതിന്റെ സിസിടിവി ദൃശ്യങ്ങളുമുണ്ടെന്നും പൊലീസ് വ്യക്തമാക്കി. ലഹരി ഉപയോഗം തടയാനെന്ന പേരില്‍ നാട്ടുകാര്‍ അവിടെ എത്തുന്നവരെ കൈയ്യേറ്റം ചെയ്യുന്ന സംഭവങ്ങള്‍ കൈവിട്ടു പോകുന്ന സാഹചര്യമുണ്ടെന്നും പൊലീസ് സൂചിപ്പിച്ചു.

''അവിടെ ഒരു പൊലീസ് എയ്ഡ് പോസ്റ്റ് ആവശ്യപ്പെട്ട് താമസക്കാര്‍ അപേക്ഷ നല്‍കുന്നുണ്ടെന്ന് കേട്ടു. 24 മണിക്കൂറും പൊലീസ് സാന്നിധ്യമുണ്ടെങ്കില്‍ കാര്യങ്ങള്‍ മെച്ചപ്പെടും. റൂറല്‍ എസ്പി പുതുതായി ചാര്‍ജ് എടുത്ത സാഹചര്യത്തില്‍ ഇക്കാര്യങ്ങള്‍ സംബന്ധിച്ച് ഒരു പദ്ധതി തയാറാക്കുന്നുണ്ട്. പൊലീസ് പരിശോധനയും മറ്റും ഇനിയും തുടരും. അതല്ലാതെ നിയമം കൈയിലെടുക്കാന്‍ ആരേയും അനുവദിക്കില്ല'' പെരുമ്പാവൂര്‍ പൊലീസ് പറഞ്ഞു.

Tags:    

Similar News