പുല്ലാട് ദമ്പതിമാര്‍ മരിച്ച അപകടത്തിന് കാരണം കെഎസ്ആര്‍ടിസിയുടെ അമിതവേഗവും യാത്രക്കാരുമായുണ്ടായ തര്‍ക്കവും; വേഗത്തില്‍ വരുകയായിരുന്ന ബസില്‍ തര്‍ക്കം ഉണ്ടായതോടെ ഡ്രൈവറുടെ ശ്രദ്ധനഷ്ടപ്പെട്ട് അപകടം; മനഃപൂര്‍വമല്ലാത്ത നരഹത്യാ കേസില്‍ ഡ്രൈവര്‍ അറസ്റ്റില്‍
പുല്ലാട് ദമ്പതിമാര്‍ മരിച്ച അപകടത്തിന് കാരണം കെഎസ്ആര്‍ടിസിയുടെ അമിതവേഗവും യാത്രക്കാരുമായുണ്ടായ തര്‍ക്കവും
പുല്ലാട്: പുല്ലാട് കാറില്‍ കെ.എസ്.ആര്‍.ടി.സി. ഫാസ്റ്റ്പാസഞ്ചര്‍ ഇടിച്ച് ദമ്പതിമാര്‍ മരിക്കാന്‍ ഇടയാക്കിയ അപകടത്തില്‍ ബസ് ഡ്രൈവര്‍ അറസ്റ്റിലായി. തിരുവനന്തപുരം വിതുര തൊളിക്കോട് താന്നിമൂട് തടത്തരിയേത്ത് നിജിലാല്‍ രാജിനെ (40) ആണ് കോയിപ്രം പോലീസ് വീട്ടില്‍നിന്നു അറസ്റ്റുചെയ്തത്. മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ഇയാള്‍ക്കെതിരെ കേസ് എടുത്തത്.
ഇയാളെ ശനിയാഴ്ച കോടതിയില്‍ ഹാജരാക്കും. അപകടം നടന്ന ഉടന്‍ സ്ഥലത്തുനിന്ന് ഡ്രൈവറും കണ്ടക്ടറും കടന്നുകളഞ്ഞതായി ആരോപണമുണ്ടായിരുന്നു. ടി.കെ.റോഡില്‍ പുല്ലാട് ജങ്ഷന് സമീപം കനാല്‍ പാലത്തിനടുത്തുവെച്ച് വ്യാഴാഴ്ച രാത്രി 9.20-ന് ആയിരുന്നു അപകടം. ബസിന്റെ അമിതവേഗവും ഡ്രൈവറും യാത്രക്കാരുമായി ഉണ്ടായ തര്‍ക്കവും അപകടത്തിന് കാരണമായെന്നാണ് പോലീസ് പറയുന്നത്.
വേഗത്തില്‍ വരുകയായിരുന്ന ബസില്‍ തര്‍ക്കം ഉണ്ടായതോടെ ഡ്രൈവറുടെ ശ്രദ്ധനഷ്ടപ്പെട്ടു. കനാല്‍പാലത്തില്‍ ബസ് ഇടിക്കാതിരിക്കാന്‍ വെട്ടിച്ചുമാറ്റുമ്പോഴേക്കും നിയന്ത്രണംതെറ്റി എതിരേ കുമ്പനാട് ഭാഗത്തേക്കുപോയ കാറിലേക്ക് പാഞ്ഞുകയറുകയായിരുന്നു. ബസ് 30 മീറ്ററോളം പിന്നിലേക്ക് കാര്‍ നിരക്കിക്കൊണ്ടുപോയി. സമീപത്തെ വര്‍ക്ക് ഷോപ്പിന്റെ മതിലിനോട് ചേര്‍ന്ന നിലയിലായിരുന്ന കാര്‍ നിശ്ശേഷം തകര്‍ന്നു.
കുമ്പനാട് നെല്ലിമല വെട്ടുമണ്ണില്‍ വി.ജി.രാജന്‍(56) സംഭവസ്ഥലത്തും ഭാര്യ റീന (53) രാത്രി ആശുപത്രിയിലും മരിച്ചിരുന്നു. പരിക്കേറ്റ ഇവരുടെ മകള്‍ ഷേബ (30) മകള്‍ ജോവാന (4) എന്നിവരുടെ നില ഗുരുതരമായി തുടരുകയാണ്. ചെങ്ങന്നൂര്‍ ഗവ.ആശുപത്രിയിലെ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം കുമ്പനാട് ഫെലോഷിപ്പ് മോര്‍ച്ചറി ഹാളില്‍ പൊതുദര്‍ശനത്തിനുവെച്ച രാജന്റെയും റീനയുടെയും മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്കു മാറ്റി. സംസ്‌കാരം വിദേശത്തുള്ള മരുമകന്‍ ലിജു സണ്ണി വന്നതിനുശേഷം നടക്കും.