മാന്യമായ പെരുമാറ്റവും വേഷവിധാനവും കാണുന്നതോടെ ആരും വിശ്വസിക്കും; പണം കൊടുത്താല്‍ സര്‍ക്കാര്‍ ജോലി കിട്ടുമെന്ന് പറഞ്ഞ് കബളിപ്പിച്ചത് നിരവധി പേരെ; സുജിതയ്‌ക്കെതിരെ ആലപ്പുഴയില്‍ നിരവധി കേസുകള്‍: യുവതി വണ്ടി ചെക്ക് നല്‍കി കബിളിപ്പിച്ച കേസിലും പ്രതി
സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് നാലര ലക്ഷം രൂപയുടെ തട്ടിപ്പ്; യുവതി അറസ്റ്റില്‍
ആലപ്പുഴ: ചെങ്ങന്നൂരില്‍ സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയില്‍ നിന്നും ലക്ഷങ്ങള്‍ തട്ടിയെടുത്ത യുവതിയെ പോലിസ് അറസ്റ്റ് ചെയ്തു. ആലപ്പുഴ പുലിയൂര്‍ സ്വദേശിനി സുജിതയെയാണ് ലക്ഷങ്ങളുടെ തട്ടിപ്പു കേസില്‍ ചെങ്ങന്നൂര്‍ പോലീസ് പിടികൂടിയത്. സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് യുവതിയെ കബളിപ്പിച്ച്് ഇവര്‍ ലക്ഷങ്ങള്‍ തട്ടുകയായികുന്നു. ഇവര്‍ക്കെതിരെ പല സ്റ്റേഷനുകളിലും ജോലി തട്ടിപ്പ് കേസുകളുണ്ടെന്ന് പൊലീസ് പറയുന്നു.
ബുധുനൂര്‍ സ്വദേശിനിയായ യുവതി നല്‍കിയ പരാതിയിലാണ് ഇപ്പോള്‍ അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സര്‍ക്കാര്‍ ആയൂര്‍വേദ ആശുപത്രിയില്‍ ജോലി വാങ്ങി നല്‍കാമെന്ന് പറഞ്ഞ് ബുധുനൂര്‍ സ്വദേശിനിയായ യുവതിയില്‍ നിന്ന് 4.25 ലക്ഷം രൂപയാണ് സുജിത കൈക്കലാക്കിയത്. ആയുര്‍വേദ ആശുപത്രിയിലെ ജോലിക്കാരിയാണെന്നു പറഞ്ഞാണ് സുജിത യുവതിയുമായി അടുപ്പം സ്ഥാപിച്ചത്. തുടര്‍ന്ന് പണം കൊടുത്താണ് താന്‍ ജോലിയില്‍ കയറിയതെന്നും സുചിത പരാതിക്കാരിയെ പറഞ്ഞു വിശ്വസിപ്പിച്ചിരുന്നു.
ഉദ്യോഗാര്‍ഥികളുടെ വിശ്വാസം ആര്‍ജിക്കാനായി സര്‍ക്കാര്‍ ജീവനക്കാരുടെ വ്യാജ തിരിച്ചറിയല്‍ കാര്‍ഡും ഇവര്‍ ധരിച്ചിരുന്നു. സുജിതയുടെ വാക്കു വിശ്വസിച്ച യുവതി ജോലി ലഭിക്കാനായി പണം നല്‍കി. 2023 ഫെബ്രുവരി 25നാണ് പണം വാങ്ങിയതെന്ന് പരാതിക്കാരി പറഞ്ഞു. രണ്ട് മാസത്തിനകം ജോലിയില്‍ കയറാമെന്നായിരുന്നത്രെ വാഗ്ദാനം. എട്ട് മാസം കഴിഞ്ഞപ്പോള്‍ ആദ്യ ഘട്ടത്തില്‍ കുറച്ച് പേരുടെ ജോലി ശരിയായിട്ടുണ്ടെന്ന് പറഞ്ഞ് ഒരു പിഎസ്‌സി റാങ്ക് ലിസ്റ്റ് കാണിച്ചു. അടുത്ത ലിസ്റ്റ് ഇവരുടേതാണെന്നും പറഞ്ഞു. എന്നാല്‍ പിന്നീട് ജോലിയോ പണമോ തിരികെ ലഭിക്കാതെ ഇരുന്നതോടെ ഉദ്യോഗാര്‍ത്ഥി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
അറസ്റ്റിലായ പുലിയൂര്‍ സ്വദേശിനി സുജിത സുരേഷിനെതിരെ ആലപ്പുഴയിലെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ജോലി തട്ടിപ്പ് കേസുകളുണ്ട്. വണ്ടി ചെക്ക് നല്‍കി കബിളിപ്പിച്ച കേസ് കോടതിയിലും നിലനില്‍ക്കുന്നു. പ്രതിയെ കോടതിയില്‍ ഹാജരാക്കിയ ശേഷം ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തു.