അബുദാബിയില്‍ നിന്ന് മുംബൈയിലേക്ക് 'ഇൻഡിഗോ' യുടെ ലോങ്ങ് ഫ്ലൈറ്റ്; പുലര്‍ച്ചെ മൂന്ന് മണി ആയപ്പോൾ ഒരു ആഗ്രഹം; നേരെ ശുചിമുറിയിലേക്ക് ഓടിക്കയറി; കാര്യം നടത്തി സീറ്റിലേക്ക് തിരിച്ചുവന്നിരിന്നു; വിമാനത്തിനുള്ളിൽ രൂക്ഷഗന്ധം; തുറിച്ചുനോക്കി ക്യാബിൻ ക്രൂ; ആകാശത്ത് വെച്ച് 'സ്മോക്കി'ങ്ങിന് ശ്രമിച്ച മലയാളി യുവാവിന് സംഭവിച്ചത്!
മുംബൈ: വിമാനത്തിൽ സഞ്ചരിക്കുമ്പോൾ പല സ്വഭാവമുള്ള ആളുകളെയാണ് നമ്മൾ കണ്ടുമുട്ടുന്നത്. ഒരു ലോങ്ങ് ഫ്ലൈറ്റ് കൂടി ആണെങ്കിൽ ചിലർക്ക് ഇരിക്കാൻ തന്നെ വളരെ ബുദ്ധിമുട്ടാണ്. കൂടുതൽ പ്രശ്‌നം പുകവലി ശീലമുള്ളവർക്ക് ആണ്. വിമാനത്തിനുള്ളിൽ ഒരുകാരണവശാലും പുകവലി പാടില്ല.
പക്ഷെ ചെയിൻസ്മോക്കർ ആയ ഒരാൾക്ക് അത്രയും നേരം പിടിച്ച് ഇരിക്കാൻ തന്നെ വളരെ ബുദ്ധിമുട്ട് ആയിരിക്കും. അങ്ങനെയൊരു മലയാളി യുവാവ് ഇൻഡിഗോ ഫ്ലൈറ്റിൽ ചെയ്തുവെച്ച മണ്ടത്തരമാണ് ചർച്ചയായിരിക്കുന്നത്. സംഭവം ഇങ്ങനെ..
ഇൻഡിഗോ വിമാനത്തിനുള്ളില്‍ പുകവലിച്ച മലയാളിക്കെതിരെ കേസ് എടുത്തു. യുഎഇയിലെ അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം നടന്നത്. 26കാരനായ കണ്ണൂര്‍ സ്വദേശി മുഹമ്മദ് ഒറ്റപിലാക്കൂലിനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.
ഡിസംബര്‍ 25ന് 'ഇന്‍ഡിഗോയുടെ 6E-1402' വിമാനത്തില്‍ അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള യാത്രക്കിടെയാണ് സംഭവം നടന്നത്. യാത്രക്കിടെ പുലര്‍ച്ചെ മൂന്ന് മണിയോടെ ഇയാള്‍ ശുചിമുറിയിലേക്ക് പോവുകയും അല്‍പ സമയത്തിന് ശേഷം തിരികെ വന്ന് സീറ്റിലിരിക്കുകയും ചെയ്തു. തുടര്‍ന്ന് വിമനാത്തിലെ ജീവനക്കാര്‍ക്ക് സിഗരറ്റിന്‍റെ രൂക്ഷഗന്ധം അനുഭവപ്പെട്ടു.
തുടര്‍ന്ന് ജീവനക്കാരിലൊരാള്‍ ശുചിമുറിയിലെത്തി നോക്കിയപ്പോള്‍ അവിടെ സിഗരറ്റിന്‍റെ കുറ്റി കണ്ടെത്തി. തുടര്‍ന്ന് ഇവര്‍ മുഹമ്മദിനോട് ഇക്കാര്യം ചോദിച്ചപ്പോള്‍ പുകവലിച്ചതായി ഇയാള്‍ സമ്മതിക്കുകയായിരുന്നു. വിമാനത്തില്‍ പുകവലിക്കരുതെന്ന് അറിയില്ലായിരുന്നെന്നാണ് മുഹമ്മദ് പറഞ്ഞത്. ജീവനക്കാരുടെ ആവശ്യ പ്രകാരം കയ്യിലുണ്ടായിരുന്ന ആറ് പാക്കറ്റ് സിഗരറ്റും ജീവനക്കാരെ ഏല്‍പ്പിക്കുകയായിരുന്നു.
വിമാന ജീവനക്കാര്‍ ഈ വിവരം പൈലറ്റിനെ അറിയിക്കുകയും മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ലാന്‍ഡ് ചെയ്ത ഉടന്‍ സെക്യൂരിറ്റി വിഭാഗത്തിന് ഇയാളെ കൈമാറുകയുമായിരുന്നു. ഇന്‍ഡിഗോയിലെ മുതിര്‍ന്ന സെക്യൂരിറ്റി എക്സിക്യൂട്ടീവ് ഉദ്യോഗസ്ഥന്‍ മുഹമ്മദിനെതിരെ സഹാര്‍ പൊലീസില്‍ പരാതി നല്‍കി. വിമാനത്തില്‍ പുകവലിച്ചതിന് എയര്‍ക്രാഫ്റ്റ് ആക്ട് സെക്ഷന്‍ 25 പ്രകാരവും സ്വന്തം സുരക്ഷയും മറ്റുള്ളവരുടെ സുരക്ഷയും അപകടത്തിലാക്കുന്ന തരത്തില്‍ പ്രവര്‍ത്തിച്ചതിന് ഭാരതീയ ന്യായ സംഹിത സെക്ഷന്‍ 125 പ്രകാരവും ഇയാള്‍ക്കെതിരെ കേസെടുത്തു.
കേസെടുത്ത് നോട്ടീസ് നല്‍കി മുഹമ്മദിനെ വിട്ടയക്കുകയും ചെയ്തു. നാല് മാസം മുമ്പാണ് ഇയാള്‍ അബുബാദിയിലേക്ക് പോയത്. സംഭവത്തെ തുടർന്ന് യുവാവിന് വലിയ പൊല്ലാപ്പ് ആയിരിക്കുകയാണ്. സോഷ്യൽ മീഡിയയിലും ചർച്ച വിഷയം ആയിരിക്കുകയാണ്.