'കരാര്‍ ഉണ്ടായിട്ടും സിനിമാ പ്രമോഷനില്‍ പങ്കെടുത്തില്ല; നിര്‍മാതാവിന് നഷ്ടമായത് 25 ലക്ഷം; ബിജു മേനോന്റെ പേര് തുറന്ന് പറയാന്‍ തനിക്ക് മടിയില്ല'; നടനെതിരെ തുറന്നടിച്ച് ബി ഉണ്ണികൃഷ്ണന്‍; ലൊക്കേഷനിലെ അച്ചടക്കമില്ലായ്മയ്ക്ക് എതിരെ ഫെഫ്ക

Update: 2026-02-09 07:43 GMT

കൊച്ചി: സിനിമയുടെ ലൊക്കേഷനിലെ കാലതാമസത്തിനും നിര്‍മ്മാതാക്കളുടെ സാമ്പത്തിക നഷ്ടത്തിനും ഉത്തരവാദികള്‍ നടീനടന്മാരാണെന്ന രൂക്ഷവിമര്‍ശനവുമായി സംവിധായകനും ഫെഫ്ക (FEFKA) ജനറല്‍ സെക്രട്ടറിയുമായ ബി. ഉണ്ണികൃഷ്ണന്‍. പ്രമുഖ നടന്‍ ബിജു മേനോന്റെ പേര് എടുത്തുപറഞ്ഞുകൊണ്ടാണ് അദ്ദേഹം ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരിക്കുന്നത്. നിര്‍മാതാവിന് നഷ്ടമായത് 25 ലക്ഷം രൂപയാണ്. കരാര്‍ ഉണ്ടായിട്ടും സിനിമാ പ്രമോഷനുകളില്‍ പങ്കെടുക്കുന്നില്ലെന്നാണ് ബിജു മേനോനെതിരെ ഫെഫ്ക പരസ്യമായി പരാതി ഉന്നയിച്ചിരിക്കുന്നത്.

അവസാനം ഇറങ്ങിയ ജീത്തു ജോസഫ് ചിത്രമായ വലതുവശത്തെ കള്ളന്റെ പ്രമോഷനും ബിജു മേനോന്‍ എത്തിയില്ലെന്ന് ബി ഉണ്ണികൃഷ്ണന്‍ പറഞ്ഞു. കരാര്‍ പ്രകാരമുള്ള പ്രമോഷന് പങ്കെടുക്കാതിരുന്നതിനാല്‍ നിര്‍മാതാവിന് 25 ലക്ഷം രൂപ നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. പേര് തുറന്ന് പറയാന്‍ തനിക്ക് മടിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഫെഫ്ക നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വെച്ചാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

കരാറില്‍ ഒപ്പിട്ട ശേഷം പ്രമോഷന് വരാതിരിക്കുന്നത് നിര്‍മ്മാതാക്കള്‍ക്ക് വലിയ സാമ്പത്തിക ബാധ്യത ഉണ്ടാക്കുന്നുവെന്നും നടന്‍ ബിജു മേനോന്റെ നിസ്സഹകരണം മൂലം ഒരു നിര്‍മാതാവിന് 25 ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചുവെന്നും അദ്ദേഹം വെളിപ്പെടുത്തി .ഫെഫ്കയും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും പുതുക്കിയ സേവന കരാര്‍ ഒപ്പിട്ട ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

''മലയാള സിനിമയിലെ ഒരു പ്രധാനപ്പെട്ട നടന്‍ പ്രമോഷന് ചെല്ലാത്തതു കൊണ്ട് ഒരു നിര്‍മാതാവിന്, അദ്ദേഹം സംവിധായകന്‍ കൂടെയാണ്, ഞങ്ങളുടെ മെമ്പറുമാണ്, 25 ലക്ഷം രൂപയാണ് ചാനലില്‍ നിന്നും കിട്ടുന്നതില്‍ നിന്നും കുറഞ്ഞത്. ചെറിയൊരു തുകയാണോ അത്? അതേ നടന്‍ ഇപ്പോള്‍ ജീത്തു ജോസഫ് സംവിധാനം ചെയ്ത സിനിമയുടെ പ്രമോഷനും (വലതുവശത്തെ കള്ളന്‍) പോയിട്ടില്ല. ഞാന്‍ ബിജു മേനോനെക്കുറിച്ചാണ് സംസാരിക്കുന്നത്. എനിക്ക് പേര് പറയാനൊന്നും മടിയില്ല.

അദ്ദേഹം പോയിട്ടില്ല. പ്രമോഷന്‍, പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ കരാറിലുള്ളതല്ലേ. ഞാന്‍ പറയുന്നത് ഞങ്ങളോട് വേതന വ്യവസ്ഥയില്‍ തര്‍ക്കിക്കുന്നതിന്റെ പത്ത് ശതമാനം കാര്‍ക്കശ്യം അവിടെ കാണിക്കൂവെന്നാണ്. സിനിമ പ്രെമോട്ട് ചെയ്യാനുള്ള ബാധ്യത എനിക്കാണെന്ന് കരാറില്‍ ഒപ്പിടുക. എന്നിട്ട് പോകാതിരിക്കുക. അതിന്റെ മുകളില്‍ ആ നിര്‍മാതാവിന് 25 ലക്ഷം രൂപ നഷ്ടം വരിക. ഇപ്പോള്‍ വന്ന സിനിമയിലും ഇത് തന്നെയാണ് സംഭവിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ കറക്ട് ചെയ്യണം.'' ബി. ഉണ്ണികൃഷ്ണന്‍ പറയുന്നു.

സിനിമകളുടെ ചിത്രീകരണം നീണ്ടുപോകുന്നതിനുള്ള പ്രധാന കാരണം അഭിനേതാക്കളുടെ ഭാഗത്തുനിന്നുണ്ടാകുന്ന വീഴ്ചകളാണെന്ന് ബി. ഉണ്ണികൃഷ്ണന്‍ വിമര്‍ശിച്ചു. പുതിയ സേവന വേതന കരാറിലൂടെ ഇതിന് മാറ്റം വരും. ഒരു ലക്ഷത്തിന് മുകളില്‍ ശമ്പളം വാങ്ങുന്ന എല്ലാം അഭിനേതാക്കളും കരാറിന്റെ ഭാഗം ആകണമെന്നും അദ്ദേഹം പറഞ്ഞു.

നിര്‍മാതാവ് - സംവിധായകന്‍ - പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ - നടീനടമാര്‍ എന്നിവര്‍ ചേര്‍ന്നുള്ള പുതിയ കരാര്‍ ഉടന്‍ വരും. സമയബന്ധിതമായി ഷൂട്ടിങ് പൂര്‍ത്തിയാകുകയാണ് ലക്ഷ്യം. ഷൂട്ടിങ് നീണ്ടുപോകാന്‍ കാരണം അഭിനേതാക്കളാണ്. പത്ത് ശതമാനം പോലും ടെക്‌നീഷ്യന്മാരുടെ പ്രശ്നമില്ല.പതിനാറ് മണിക്കൂര്‍ ഷൂട്ടിങ് കാള്‍ ഷീറ്റ് എന്നത് 12 മണിക്കൂര്‍ ആക്കി. അധികസമയത്തിന് ഓവര്‍ടൈം അനുവദിക്കും. വേതന വ്യവസ്ഥയില്‍ തീരുമാനം പിന്നീടുണ്ടാകുമെന്നും ഉണ്ണികൃഷ്ണന്‍ അറിയിച്ചു.

ബിജു മേനോന്‍, ജോജു ജോര്‍ജ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ജീത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രമായിരുന്നു വലതുവശത്തെ കള്ളന്‍. സിനിമയുടെ വാര്‍ത്താസമ്മേളനത്തിലല്ലാതെ അഭിമുഖങ്ങളില്‍ ബിജു മേനോന്‍ ഭാഗമായിരുന്നില്ല. ഇത് നേരത്തെ തന്നെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു. പൊതുവെ സിനിമാ പ്രമോഷന്‍ അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടാത്ത താരമാണ് ബിജു മേനോന്‍. ഭാഗമായ സിനിമകളില്‍ വളരെ കുറഞ്ഞ പ്രമോഷന്‍ അഭിമുഖങ്ങള്‍ക്കേ നടന്‍ എത്താറുള്ളു. ഇത് സിനിമയുടെ വിജയത്തെയും നിര്‍മ്മാതാവിന്റെ ലാഭത്തെയും ബാധിക്കുന്നു എന്നതാണ് സംഘടനയുടെ നിലപാട്. ബി ഉണ്ണികൃഷ്ണന്‍ ഉന്നയിച്ച പരാതിയില്‍ ഇതുവരെയും ബിജു മേനോന്റെ ഭാഗത്ത് നിന്നും പ്രതികരണം ഉണ്ടായിട്ടില്ല.

സിനിമയുടെ അണിയറപ്രവര്‍ത്തകരും അഭിനേതാക്കളും തമ്മിലുള്ള ഈ പോര് വരും ദിവസങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്ക് വഴിമാറിയേക്കും. ലൊക്കേഷനിലെ അച്ചടക്കത്തെക്കുറിച്ചും താരങ്ങളുടെ നിസ്സഹകരണത്തെക്കുറിച്ചും ഫെഫ്ക കര്‍ശന നടപടികളിലേക്ക് നീങ്ങുമെന്നാണ് സൂചന.

Tags:    

Similar News