പുതുവര്‍ഷ കണ്ണീരായി ഈസ്റ്റ് ലണ്ടന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയുടെ മരണം; പനിയും ശ്വാസ തടസവും മൂലം ആശുപത്രിയില്‍ പ്രവേശിപ്പിച്ച സ്റ്റെനിയുടെ വിയോഗം ഇന്ന് പുലര്‍ച്ചെ; ശൈത്യകാല തണുപ്പില്‍ നിന്നും ചെറുപ്പക്കാര്‍ പോലും രക്ഷപ്പെടാത്ത സാഹചര്യം
പുതുവര്‍ഷ കണ്ണീരായി ഈസ്റ്റ് ലണ്ടന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയുടെ മരണം
കവന്‍ട്രി: പുതുവര്‍ഷ പുലരി കണ്ടു സന്തോഷത്തോടെ ഉറക്കമെണീറ്റ യുകെ മലയാളികളെ തേടി ഇപ്പോള്‍ എത്തുന്നത് കണ്ണീര്‍ വാര്‍ത്ത. ലോകം പുതുവര്‍ഷത്തെ വരവേറ്റ ആഹ്ലാദത്തില്‍ നില്‍ക്കുമ്പോള്‍ ഇന്ന് പുലര്‍ച്ചെ രണ്ടു മണിയോടെ മലയാളിയായ ഈസ്റ്റ് ലണ്ടന്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനി സ്റ്റെനി ഷാജി മരണത്തിന്റെ തണുപ്പിനെ പുല്‍കുക ആയിരുന്നു എന്നാണ് ലഭ്യമാകുന്ന വിവരം. ഗുജറാത്തില്‍ സ്ഥിര താമസം ആക്കിയ മലയാളി കുടുംബത്തിലെ അംഗമാണ് സ്റ്റെനി.
ശൈത്യകാലത്തെ തണുപ്പില്‍ നിന്നും യുകെയില്‍ ചെറുപ്പക്കാര്‍ക്ക് പോലും രക്ഷയില്ലെന്ന സൂചന ഒരിക്കല്‍ കൂടി നല്‍കുകയാണ് സ്റ്റെനിയുടെ മരണം. ഈസ്റ്റ് ലണ്ടന്‍ യൂണിവേഴിറ്റിയില്‍ സൈക്കോളജി വിദ്യാര്‍ത്ഥിനി ആയിരുന്ന സ്റ്റെനി കഴിഞ്ഞ രണ്ടു ദിവസമായി പനി കൂടിയതിനെ തുടര്‍ന്ന് ലണ്ടന്‍ ബര്‍നേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടിരിക്കുക ആയിരുന്നു.
എന്നാല്‍ ശ്വാസ തടസം അടക്കം സ്റ്റെനിയുടെ നില വഷളായതിനെ തുടര്‍ന്ന് ഇന്നലെ വൈകിട്ടോടെ എഡ്‌ജ്വേര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി സൂചനയുണ്ട്. എന്നാല്‍ യുകെയിലെ ആശുപത്രികളില്‍ ഇപ്പോള്‍ സ്വാഭാവികമായും അനുഭവപ്പെടുന്ന തിരക്ക് കാരണമാകാം സ്റ്റെനിക്ക് അടിയന്തിര ചികിത്സ കിട്ടാന്‍ താമസം നേരിട്ടുവെന്ന പരാതിയും ഉയരുന്നുണ്ട്. ഒടുവില്‍ പുലര്‍ച്ചെ രണ്ടു മണിയോടെ മരണം സ്ഥിരീകരിക്കുക ആയിരുന്നു. സ്റ്റെനിയുടെ മൃതദേഹം ഇപ്പോള്‍ ബാര്‍നെറ്റ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതേയുള്ളൂ.
ലണ്ടന്‍ പള്ളിയില്‍ നിന്നും ആവശ്യമായ സഹായങ്ങള്‍ ലഭ്യമാക്കാനുള്ള നടപടികള്‍ക്കും തുടക്കമായിട്ടുണ്ട്. മാര്‍ത്തോമ്മാ സഭ അംഗമാണ് സ്റ്റെനി എന്നും വ്യക്തമാക്കിയാണ് സോഷ്യല്‍ മീഡിയയില്‍ മരണ വിവരം പ്രചരിക്കുന്നത്. ഈസ്റ്റ് ലണ്ടന്‍ യൂണിവേഴ്സ്റ്റിറ്റി കിങ്‌സ്‌ബെറി കാമ്പസിലാണ് സ്റ്റെനി പഠനം നടത്തിയിരുന്നത്. 2023 സെപ്റ്റംബര്‍ പ്രവേശന സമയത്താണ് സ്റ്റെനി യുകെയില്‍ എത്തുന്നത്. ഗുജറാത്തിലെ രാജ്കോട്ടിലാണ് സ്റ്റെനിയുടെ കുടുംബം താമസിക്കുന്നത് എന്നാണ് ഒടുവില്‍ ലഭ്യമാകുന്ന വിവരം.