വളക്കൈ വാഹനാപകടത്തില്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; സ്‌കൂള്‍ ബസ് ഡ്രൈവര്‍ക്കെതിരെ കേസെടുത്തു; ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും

Update: 2025-01-02 05:06 GMT

കണ്ണൂര്‍ :ശ്രീകണ്ഠാപുരം വളക്കൈയിലെ സ്‌കൂള്‍ ബസ് അപകടത്തില്‍ ഡ്രൈവര്‍ നിസാമുദ്ദീനെതിരെ കേസെടുത്തു. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ശ്രീകണ്ഠപുരം പൊലീസ് കേസെടുത്തിരിക്കുന്നത്. അശ്രദ്ധയോടെയും ജാഗ്രതയില്ലാതെയും വാഹനംഓടിച്ചെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. അതേസമയം, ഡ്രൈവറുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്യുമെന്ന് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ അറിയിച്ചു.

ഇതിനായി മോട്ടോര്‍ വാഹന വകുപ്പ് നടപടി തുടങ്ങിയിട്ടുണ്ട്. തളിപ്പറമ്പ് - ശ്രീകണ്ഠാപുരം സംസ്ഥാന പാതയിലെവളക്കൈയില്‍ ഇന്നലെ വൈകിട്ട് നാലരയോടെയാണ് അപകടമുണ്ടായത്. ഇറക്കത്തില്‍ ബസിന്റെ നിയന്ത്രണം നഷ്ടമായതാണ് മറിയാന്‍ കാരണമെന്നാണ് ഡ്രൈവറുടെ മൊഴി. എന്നാല്‍, ഡ്രൈവറുടെ വാദം തള്ളുകയാണ് എംവിഡി. സ്‌കൂള്‍ ബസിന് യന്ത്രത്തകരാറില്ലെന്ന് എംവിഡിയുടെ പ്രാഥമിക റിപ്പോര്‍ട്ട്. ബ്രേക്കിനും എഞ്ചിനും തകരാറുണ്ടായിരുന്നില്ലെന്ന് കണ്ടെത്തല്‍.

അപകടകാരണം ഡ്രൈവറുടെ അശ്രദ്ധയെന്ന് നിഗമനം. അശാസ്ത്രീയമായി നിര്‍മിച്ച റോഡും അപകടകാരണമായെന്ന് നിഗമനം. ബസിന് തകരാറുകള്‍ ഇല്ലായിരുന്നുവെന്നാണ് ചിന്മയ സ്‌കൂള്‍ പ്രിന്‍സിപ്പാളും പറയുന്നത്. ബ്രേക്കിന് തകരാറുണ്ടെന്ന് ഡ്രൈവര്‍ അറിയിച്ചിരുന്നില്ല. ബസിന് 2027 വരെ പെര്‍മിറ്റ് ഉണ്ടെന്നും ഫിറ്റ്‌നസ് നീട്ടിക്കിട്ടിയതാണെന്നും കുറുമാത്തൂര്‍ ചിന്‍മയ പ്രിന്‍സിപ്പാള്‍ ശശികുമാര്‍ കൂട്ടിച്ചേര്‍ത്തു.

അപകടത്തില്‍പെട്ട ബസിന്റെ വലതുവശത്തെ മുന്‍സീറ്റിലാണ് മരിച്ച പതിനൊന്നുകാരി ഇരുന്നതെന്ന് ആയ സുലോചന മാധ്യമങ്ങളോടപറഞ്ഞു. തുറന്നിരുന്ന ജനല്‍ വഴിയാണ് കുട്ടി തെറിച്ചുവീണത്. ഇറക്കത്തില്‍ ഒരു ശബ്ദം കേട്ട് നോക്കിയപ്പോള്‍ ഡ്രൈവര്‍ ബ്രേക്ക് ആഞ്ഞ് ചവിട്ടുന്നതാണ് കണ്ടതെന്നും സുലോചന കൂട്ടിച്ചേര്‍ത്തു.

ഇതിനിടെ അപകടത്തിന് കാരണം ഡ്രൈവര്‍ നിസാമുദ്ദീന്‍ അമിത വേഗതയില്‍ വാഹനം ഓടിച്ചതാണെന്നാണ് മോട്ടോര്‍ വാഹന വകുപ്പിന്റെ റിപ്പോര്‍ട്ട് സ്‌കൂള്‍ ബസിന് യന്ത്രതകരാറുണ്ടെന്ന വാദവും ഇവര്‍ തള്ളിക്കളയുന്നുണ്ട്.

Similar News