'ഊബര്‍ വന്നു കൊണ്ടിരിക്കെ പുഞ്ചിരിക്കുന്ന മുഖവുമായി ആദ്യ സെല്‍ഫി; രണ്ടാമത്തെ സെല്‍ഫിയില്‍ മുഖം ചുളിച്ച് യുവതി'; ഇന്ത്യക്കാരായ ഡ്രൈവര്‍മാര്‍ക്കെതിരെ വംശീയ പോസ്റ്റിട്ട അമേരിക്കന്‍ യുവതിയുടെ ജോലി പോയിക്കിട്ടി
ഇന്ത്യക്കാരായ ഡ്രൈവര്‍മാര്‍ക്കെതിരെ വംശീയ പോസ്റ്റ്, അമേരിക്കന്‍ യുവതിയുടെ ജോലി പോയി
ന്യൂയോര്‍ക്ക്: ഇന്ത്യക്കാരനായ ഊബര്‍ ഡ്രൈവറെ കുറിച്ച് വംശീയമായ അധിക്ഷേപം പങ്കുവച്ച അമേരിക്കന്‍ വനിതയുടെ ജോലി നഷ്ടപ്പെട്ടു. തമാശ രൂപേണയാണ് പോസ്റ്റ് പങ്കുവച്ചതെങ്കിലും വിഷയം വംശീയ അധിക്ഷേപത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുന്നതാണ്. ഇതോടെയാണ് യുവതിക്ക് പണി കിട്ടിയത്.
കഴിഞ്ഞ ദിവസമാണ് തന്നെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടതായി വ്യക്തമാക്കി യുവതി വീണ്ടും പോസ്റ്റിട്ടത്.പോസ്റ്റ് കാരണം തന്നേയും കുടുംബത്തേയും വ്യക്തിപരമായി ആക്രമിക്കുകയാണെന്നും സ്വകാര്യ വിവരങ്ങള്‍ ഉള്‍പ്പെടെ പ്രചരിക്കുകയാണെന്നും യുവതി പറയുന്നു. ഒരു തമാശ പോസ്റ്റ് ചെയ്തതിന്റെ പേരിലാണ് തന്നെ ഇത്തരത്തില്‍ അപമാനിക്കുന്നതെന്നും യുവതി അവകാശപ്പെടുന്നു.
കഴിഞ്ഞ മാസം എട്ടിന് ആണ് വിഷയത്തിന് അടിസ്ഥാനമായ സംഭവം നടന്നത്.എക്സില്‍ രണ്ട് ചിത്രങ്ങളാണ് യുവതി പങ്കുവച്ചത്. ആദ്യത്തെ ചിത്രത്തില്‍ ചിരിയോടെ സന്തോഷവതിയായ യുവതിയെ കാണാം. എന്നാല്‍ രണ്ടാമത്തെ ചിത്രത്തില്‍ സന്തോഷമില്ല. ഇതിന് എന്താണ് കാരണമെന്ന് ചോദിച്ചാല്‍ യുവതി ബുക്ക് ചെയ്ത കാറിന്റെ ഡ്രൈവര്‍ ഒരു ഇന്ത്യക്കാരനായിരുന്നുവെന്നതാണ്. 90 ലക്ഷത്തോളം പേരാണ് പോസ്റ്റ് കണ്ടത്. നൂറുകണക്കിന് കമന്റുകളും വന്നു.
ഇന്ത്യക്കാരെ വംശീയമായി അധിക്ഷേപിക്കുന്നതാണ് പോസ്റ്റ് എന്നായിരുന്നു ഭൂരിപക്ഷം പേരും കമന്റ് ചെയ്തത്. വലിയ വിമര്‍ശനവും ഇതിനെതിരെയുണ്ടായി. യുവതിയുടെ യഥാര്‍ഥ പേരും വിശദാംശങ്ങളും ചേര്‍ത്താണ് ചിലര്‍ ഇതിനെതിരെ പോസ്റ്റിട്ടത്.സംഭവം നടന്ന് ഒരു മാസം പിന്നിട്ടപ്പോഴാണ് ജോലി ചെയ്തിരുന്ന ഹോട്ടലില്‍ നിന്ന് യുവതിയെ പിരിച്ചുവിട്ടത്.
പോസ്റ്റിന്റെ പേരില്‍ പിരിച്ചുവിടുകയായിരുന്നെന്ന് യുവതി പറയുന്നു. തന്റെ വ്യക്തിവിവരങ്ങള്‍ പരസ്യപ്പെടുത്തുകയും വീട്ടുകാരെ അപമാനിക്കുകയും ചെയ്തിട്ടും മതിയാകാതെയാണ് ജോലിയില്‍ നിന്നും പിരിച്ചുവിട്ടിരിക്കുന്നതെന്നും യുവതി പറയുന്നു. ഒരു തമാശ പോസ്റ്റ് ചെയ്തതിന്റെ പേരിലാണ് തന്നെ ഇത്തരത്തില്‍ അപമാനിക്കുന്നതെന്നും യുവതി അവകാശപ്പെടുന്നു.
അതേസമയം, യുവതി പങ്കുവച്ച കുറിപ്പില്‍ തമാശയായി എന്തെങ്കിലും ഉണ്ടെന്ന് തോന്നുന്നില്ലെന്നും അവര്‍ കാണിച്ചത് പച്ചയായ വംശീയതയാണെന്നും അതില്‍ ഒരു തമാശയും ഇല്ലെന്നുമാണ് നിരവധി ആളുകള്‍ കമന്റ് ചെയ്തിരിക്കുന്നത്.
എന്നാല്‍ വംശീയത തമാശയല്ലെന്നാണ് യുവതിയെ ചിലര്‍ ഓര്‍മ്മിപ്പിക്കുന്നത്. എക്സിലെ പോസ്റ്റ് കാരണമാണ് ജോലി നഷ്ടപ്പെട്ടത് എന്നതിനാല്‍ സഹായത്തിനായി ഇലോണ്‍ മസ്‌കിനെ സമീപിക്കാനും ചിലര്‍ നിര്‍ദേശിക്കുന്നുണ്ട്.