കേരളവര്‍മ കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിപ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ്; യൂട്യൂബര്‍ മണവാളന്‍ റിമാന്‍ഡില്‍; ഒളിവിലായിരുന്ന പ്രതി പിടിയിലായത് കൂര്‍ഗില്‍ നിന്നും

യൂട്യൂബര്‍ മണവാളന്‍ റിമാന്‍ഡില്‍

Update: 2025-01-21 11:03 GMT

തൃശ്ശൂര്‍: കേരളവര്‍മ കോളേജിലെ വിദ്യാര്‍ഥികളെ വാഹനമിടിപ്പിച്ചു കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ യൂട്യൂബര്‍ മണവാളന്‍ റിമാന്‍ഡില്‍. യൂടൂബ് ചാനലുടമ മുഹമ്മദ് ഷഹീന്‍ ഷായാണ് റിമാന്‍ഡിലായത്. തൃശ്ശൂര്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം പ്രതിയെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. പത്ത് മാസം ഒളിവിലായിരുന്ന മുഹമ്മദ് ഷഹീന്‍ ഷായെ കുടകില്‍ നിന്ന് തൃശ്ശൂര്‍ ടൗണ്‍ വെസ്റ്റ് പൊലീസാണ് അറസ്റ്റ് ചെയ്തത്.

2024 ഏപ്രിലിലാണ് കേസിനാസ്പദമായ സംഭവം. മുന്‍വൈരാഗ്യത്തിന്റെ പേരില്‍ കേരളവര്‍മ കോളേജിലെ വിദ്യാര്‍ഥികളെ ഇയാള്‍ കാറിടിപ്പിച്ചു കൊല്ലാന്‍ ശ്രമിച്ചു എന്നതാണ് കേസ്. വധശ്രമമടക്കമുള്ള വകുപ്പുകള്‍ ചുമത്തി ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. അന്നുമുതല്‍ ഒളിവില്‍ പോയ ഇയാളെ കഴിഞ്ഞ ദിവസമാണ് കൂര്‍ഗില്‍ നിന്ന് പിടികൂടിയത്.

കൂര്‍ഗില്‍ നിന്ന് ചൊവ്വാഴ്ച രാവിലെ ഇയാളെ തൃശ്ശൂരേക്ക് എത്തിച്ചു. അപകടമുണ്ടാക്കിയ പ്രദേശത്ത് പോയി തെളിവെടുപ്പ് നടത്തുകയും മെഡിക്കല്‍ പരിശോധനയ്ക്ക് വിധേയനാക്കുകയും ചെയ്ത ശേഷമാണ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തത്. 14 ദിവസത്തേക്കാണ് ഇയാളെ റിമാന്‍ഡ് ചെയ്തത്.

മണവാളന്‍ മീഡിയ എന്ന യൂട്യൂബ് ചാനലിന്റെ ഉടമയായ മുഹമ്മദ് ഷഹീന്‍ ഷായ്‌ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ് പൊലീസ് പുറത്തിറക്കിയിരുന്നു. വിദ്യാര്‍ത്ഥികളെ കാറിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലായിരുന്നു ലുക്ക് ഔട്ട് നോട്ടീസ്.

ഏപ്രില്‍ 19നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. കേരളവര്‍മ്മ കോളേജ് റോഡില്‍ വച്ച് മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയായിരുന്നു രണ്ട് കോളേജ് വിദ്യാര്‍ത്ഥികളെ കാറിടിച്ചു കൊലപ്പെടുത്താന്‍ മുഹമ്മദ് ഷഹീന്‍ ഷാ ശ്രമിക്കുകയായിരുന്നു. ഈ സംഭവത്തിലാണ് പൊലീസ് ഇപ്പോള്‍ തുടര്‍ നടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.

തൃശൂര്‍ എരനല്ലൂര്‍ സ്വദേശിയാണ് ഇയാള്‍. കേരളവര്‍മ കോളജിന് സമീപത്തുണ്ടായ മദ്യപാന തര്‍ക്കത്തിലാണ് വിദ്യാര്‍ഥികളെ പിന്തുടര്‍ന്നെത്തി അപായപ്പെടുത്താന്‍ ശ്രമിച്ചത്. കേരളവര്‍മ്മ കോളേജിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സ്‌കൂട്ടറില്‍ സഞ്ചരിക്കുകയായിരുന്നു ഗൗതം കൃഷ്ണനെയും സുഹൃത്തിനെയുമാണ് അപായപ്പെടുത്താന്‍ ശ്രമിച്ചത്. അപകടത്തില്‍ ഗൗതമനും സുഹൃത്തിനും ഗുരുതരമായി പരുക്കേറ്റിരുന്നു.

ഇന്ന് രാവിലെ പത്തരയോടെ തൃശൂര്‍ വെസ്റ്റ് പൊലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതിയെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

Tags:    

Similar News