അച്ചനാകാന്‍ പഠിച്ച വൈദിക വിദ്യാര്‍ത്ഥിയെ കുറ്റ വിമുക്തനാക്കുന്ന ഡിഎന്‍എ പരിശോധന; പീഡനം നടത്തിയെന്ന ഡീക്കനെതിരായ മൊഴിയില്‍ ഉറച്ച് കന്യാസ്ത്രീയാകന്‍ പഠിച്ചിരുന്ന യുവതി; ആ പോക്‌സോ കേസിലെ യഥാര്‍ത്ഥ പ്രതി മറ്റൊരാളെന്ന് വിശ്വസിക്കുന്ന പ്രൊവിന്‍ഷ്യാള്‍ ഫാദര്‍; തെലുങ്കാനയിലെ പോക്‌സോയില്‍ സര്‍വ്വത്ര ദുരൂഹത

Update: 2025-01-24 08:27 GMT

ഹൈദരാബാദ്: തെലങ്കാനയില്‍ വിദ്യാര്‍ത്ഥിയായ കന്യാസ്ത്രീ പ്രസവിച്ച സംഭവത്തില്‍ വീണ്ടും ട്വിസ്റ്റ്. അറസ്റ്റിലായ വൈദിക വിദ്യാര്‍ത്ഥി പിതൃത്വ നിര്‍ണ്ണയ പരിശോധനയില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയതാണ് ഇതിന് കാരണം.

ഡിസംബറില്‍ പ്രസവിച്ച ഉടനെ കുഞ്ഞ് മരിക്കാനിടയായ സംഭവത്തിലാണ് വൈദിക വിദ്യാര്‍ത്ഥി (ഡീക്കന്‍) അറസ്റ്റിലായത്. കത്തോലിക്ക സഭയിലെ കപ്പൂച്ചിയന്‍ സന്യാസ സമൂഹത്തില്‍പ്പെട്ട സെമിനാരി വിദ്യാര്‍ത്ഥിയായിരുന്നു. കന്യാസ്ത്രീയെ ഗര്‍ഭിണിയാക്കിയതെന്ന് കരുതുന്ന മറ്റൊരാളെ ഈ മാസം 22 ന് തെലങ്കാന പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പിതൃത്വ നിര്‍ണ്ണയ പരിശോധനയില്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയെങ്കിലും വൈദിക വിദ്യര്‍ത്ഥി ഇപ്പോഴും ജയിലില്‍ തുടരുകയാണ്. തന്നെ വൈദികന്‍ പീഡിപ്പിച്ചിരുന്നുവെന്ന മൊഴിയില്‍ പെണ്‍കുട്ടി ഇപ്പോഴും ഉറച്ചു നില്‍ക്കുകയാണ്. പെണ്‍കുട്ടിയെ വിവാഹം ചെയ്യണമെന്ന വീട്ടുകാരുടെ ഭീഷണിക്ക് വഴങ്ങാത്തതാണ് ഇയാള്‍ക്കെതിരെ മൊഴി കൊടുക്കാന്‍ കാരണമെന്ന വാദവുമുണ്ട്. ഇതിനിടെയാണ് ഡിഎന്‍എ ഫലം വരുന്നത്.

ഡിസംബര്‍ എട്ടിന് മിനിറ്റുകള്‍ മാത്രം പ്രായമുള്ള കുഞ്ഞിന്റെ ശരീരം ആരോ വലിച്ചെറിഞ്ഞതായി വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്. എലുരുവിലെ സെന്റ് ജോസഫ് കോണ്‍വെന്റ് ഹോസ്റ്റലിലെ അന്തേവാസിയായ പതിനെട്ടുകാരിയായ കന്യാസ്ത്രി വിദ്യാര്‍ത്ഥി പ്രസവിച്ച സംഭവം അറിഞ്ഞത്. ഇവര്‍ക്കുണ്ടായ കുഞ്ഞിനെയാണ് വലിച്ചെറിഞ്ഞതെന്ന് തിരിച്ചറിഞ്ഞു. കൂര്‍ണൂല്‍ സ്വദേശിയായ പെണ്‍കുട്ടി ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ഥിയാണ്. കന്യാസ്ത്രീയാവാനുള്ള പരിശീലനത്തിലുമായിരുന്നു. ജനിച്ച് മിനിറ്റുകള്‍ മാത്രം പ്രായമുള്ള ആണ്‍കുട്ടിയുടെ മൃതദേഹമാണ് തൊട്ടടുത്ത പുരയിടത്തില്‍ നിന്ന് കണ്ടെത്തിയത്. പോലീസ് കസ്റ്റഡിയിലായ യുവതി ആദ്യം നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തിലാണ് കപ്പൂച്ചിയന്‍ സന്യാസ വിദ്യാര്‍ത്ഥിയെ കസ്റ്റഡിയിലെടുത്തത്. ഇയാള്‍ സെമിനാരി പഠനം പൂര്‍ത്തിയായി വൈദിക പട്ടം ലഭിക്കാന്‍ ഏതാനും ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കുമ്പോഴായിരുന്നു അറസ്റ്റ്. ഡിഎന്‍എ പരിശോധനയിലാണ് ഇയാളുടെ നിരപരാധിത്വം തെളിയിക്കപ്പെട്ടതെന്ന് പ്രൊവിന്‍ഷ്യാള്‍ ഫാദര്‍ മരിയദാസ് വ്യക്തമാക്കി.

യുവതിയില്‍ നിന്ന് പിടിച്ചെടുത്ത മൊബൈല്‍ ഫോണ്‍ പരിശോധനയില്‍ മറ്റൊരാളെ ഇവര്‍ നിരന്തരം ബന്ധപ്പെട്ടിരുന്നതായി കണ്ടെത്തിയിരുന്നുവെന്നും ഫാദര്‍ ആരോപിക്കുന്നു. യഥാര്‍ത്ഥ പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുമായി വിവാഹം നടത്താന്‍ വീട്ടുകാര്‍ ഒരുക്കമല്ല. അയാള്‍ മറ്റൊരു മതത്തില്‍ നിന്നു ആളാണ് എന്നതാണ് കാരണം. കുഞ്ഞിനെ എറിഞ്ഞു കൊന്നതിന്റെ പേരില്‍ യുവതിയും ജയിലില്‍ തുടരുകയാണ്. കോടതി വൈദിക വിദ്യാര്‍ത്ഥിയെ വെറുതെ വിട്ടാല്‍ അയാളെ സന്യാസ സമൂഹത്തിലേക്ക് തിരിച്ചെടുക്കുമെന്ന് ഫാദര്‍ മരിയ ദാസ് പറഞ്ഞു.

കന്യാസ്ത്രി മഠത്തില്‍ താമസിച്ച് പഠിക്കുകയായിരുന്ന യുവതി നവജാത ശിശുവിനെ കോണ്‍വെന്റ് കെട്ടിടത്തിന് മുകളില്‍ നിന്നും വലിച്ചെറിഞ്ഞ് കൊലപ്പെടുത്തിയെന്നാണ് കേസ്. തൊട്ടടുത്ത പറമ്പില്‍ മൃതദേഹം കണ്ടതായി മറ്റൊരു അപാര്‍ട്ട്മെന്റിലെ ജോലിക്കാരി വിവരം അറിയിച്ചാണ് പോലീസ് എത്തിയത്. കോണ്‍വെന്റില്‍ കന്യാസ്ത്രീയാകാന്‍ പരിശീലനം നേടിയിരുന്ന പെണ്‍കുട്ടി 18 വയസ് തികയുന്നതിന് മുമ്പാണ് ഗര്‍ഭിണി ആയത്. പ്രസവം നടക്കുമ്പോള്‍ യുവതിക്ക് 18 വയസും ഒരു മാസവുമാണെന്നാണ് രേഖകളില്‍ നിന്ന് വ്യക്തമാണ്. അതിനാല്‍ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്.

Similar News