'ബാന്ദ്ര പൊലീസ് കസ്റ്റഡിയിലെടുത്തത് സിസിടിവി ദൃശ്യങ്ങളിലെ ആളുമായി സാമ്യമുണ്ടെന്ന പേരില്‍; വെറുതെ വിട്ടെങ്കിലും ജോലി നഷ്ടമായി; നിശ്ചയിച്ചിരുന്ന വിവാഹം മുടങ്ങി'; സെയ്ഫ് അലി ഖാന്‍ കേസില്‍പ്പെട്ട് ജീവിതം തകര്‍ന്നെന്ന് യുവാവ്
സെയ്ഫ് അലി ഖാന്‍ കേസില്‍പ്പെട്ട് ജീവിതം തകര്‍ന്നെന്ന് യുവാവ്
മുംബൈ: നടന്‍ സെയഫ് അലി ഖാന്‍ ആക്രമിക്കപ്പെട്ടതുമായി ബന്ധപ്പെട്ട കേസില്‍ കസ്റ്റഡിയിലെടുത്തതോടെ ജീവിതം ദുസ്സഹമായെന്ന പരാതിയുമായി ഡ്രൈവറായി ജോലി ചെയ്തിരുന്ന യുവാവ്. കേസില്‍പ്പെട്ടതോടെ ജോലി നഷ്ടമായെന്നും നിശ്ചയിച്ചിരുന്ന വിവാഹം മുടങ്ങിയെന്നും യുവാവ് വെളിപ്പെടുത്തി. ആകാശ് കനോജി എന്ന യുവാവാണ് ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്.
സെയ്ഫ് അലി ഖാനെ ആക്രമിച്ച കേസിലെ പ്രതിയെന്ന രീതിയില്‍ തന്റെ ചിത്രങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധീകരിച്ച് വന്നതോടെ കുടുംബത്തിന് വലിയ പ്രയാസം നേരിടേണ്ടി വന്നുവെന്ന് കനോജി പറഞ്ഞു. താന്‍ നിരപരാധിയാണെന്നറിഞ്ഞ് പൊലീസ് വെറുതെ വിട്ടെങ്കിലും ജോലിയില്‍ തിരിച്ചെടുക്കാന്‍ തൊഴിലുടമ തയാറായില്ല. വിശദീകരണം കേള്‍ക്കാന്‍ പോലും വിസമ്മതിച്ചു. പ്രതിയാണെന്ന് തെറ്റിദ്ധരിച്ച് വിവാഹം കഴിക്കാനിരുന്ന പെണ്‍കുട്ടിയുടെ കുടുംബം വിവാഹത്തില്‍ നിന്ന് പിന്മാറിയെന്നും യുവാവ് പറയുന്നു.
ജനുവരി 18 നാണ് രഹസ്യ വിവരത്തെത്തുടര്‍ന്ന് മുംബൈ പൊലീസ് ആകാശ് കനോജിയെ കസ്റ്റഡിയില്‍ എടുത്തത്. സെയ്ഫിന്റെ വീടിന് സമീപത്തുനിന്ന് ലഭിച്ച സിസിടിവി ദൃശ്യങ്ങളില്‍ പതിഞ്ഞ ആളുമായി സാമ്യയമുണ്ടെന്ന് ആരോപിച്ചായിരുന്നു കനോജിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തൊട്ടടുത്ത ദിവസം ബംഗ്ലാദേശ് പൗരനായ ഷരീഫുള്‍ ഇസ്‌ലാം ഷെഹ്‌സാദിനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ തന്നെയാണ് പ്രതിയെന്ന് പൊലീസ് ഉറപ്പിച്ചു. ഇതിന് പിന്നാലെയാണ് കനോജിയെ പൊലീസ് വിട്ടയച്ചത്.
2025 ജനുവരി 16നാണ് സെയ്ഫ് അലി ഖാന് മുംബൈ ബാന്ദ്രയിലെ വീട്ടില്‍ വെച്ച് കുത്തേറ്റത്. പുലര്‍ച്ചെ നടന്റെ ബാന്ദ്രയിലെ വീട്ടിലെത്തിയ പ്രതി അദ്ദേഹത്തെ ആറ് തവണ കുത്തിപ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഉടന്‍ ലീലാവതി ആശുപത്രിയില്‍ പ്രവേശിപ്പിച്ച നടനെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കുകയും പിന്നീട് ഡിസ്ചാര്‍ജ് ചെയ്യുകയും ചെയ്തിരുന്നു.
എന്നാല്‍ സെയ്ഫ് അലിഖാന്റെ വീട്ടില്‍ നിന്നും ഫോറന്‍സിക്ക് കണ്ടെത്തിയ 19 വിരലടയാളങ്ങളില്‍ ഒന്ന് പോലും പ്രതി ഷരീഫുല്‍ ഇസ്ലാമിന്റേതല്ലെന്ന റിപ്പോര്‍ട്ടുകള്‍ ഇതിനിടെ പുറത്തുവന്നിരുന്നു. ശാസ്ത്രീയ പരിശോധനകളില്‍ ഈ വിരലടയാളങ്ങളില്‍ ഒന്ന് പോലും ഷരീഫുള്‍ ഇസ്ലാമിന്റേതുമായി യോജിക്കുന്നില്ല.
ഇതോടെ സംഭവത്തില്‍ ദുരൂഹത കൂടുകയാണ്. ഈ ആശയക്കുഴപ്പം അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സംസ്ഥാന ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപ്പാര്‍ട്ട്മെന്റിന്റെ കീഴിലുള്ള ഫിംഗര്‍പ്രിന്റെ ബ്യൂറോയിലാണ് പരിശോധനകള്‍ നടത്തിയത്. കമ്പ്യൂട്ടര്‍ സഹായത്തോടെയുള്ള പരിശോധനയിലാണ് ഇവ ഷരീഫുള്‍ ഇസ്ലാമിന്റേതല്ലെന്ന് കണ്ടെത്തിയത്.
ഇക്കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെയാണ് ബാന്ദ്രയിലെ വസതിയില്‍ വെച്ച് സെയ്ഫ് അലി ഖാന് കുത്തേറ്റത്. ആക്രമണത്തില്‍ നടന് ആറ് തവണ കുത്തേല്‍ക്കുകയും കത്തി മുറിഞ്ഞ് ശരീരത്തില്‍ തറയ്ക്കുകയും ചെയ്തു. സംഭവ ദിവസത്തിലെ സിസിടിവി ദൃശ്യങ്ങള്‍ അനുസരിച്ച് ആദ്യം പ്രതിയെന്ന് കരുതി ഒരാളെ അറസ്റ്റു ചെയ്തിരുന്നു എന്നാല്‍ പിന്നീട് അയാളെ പോലീസ് വിട്ടയച്ചു.
പിന്നീടാണ് ഷരീഫുല്‍ ഇസ്ലാമിനെ പ്രതിയാക്കിയത്. സംഭവത്തില്‍ ഒന്നിലധികം ആളുകള്‍ ഉള്‍പ്പെട്ടിട്ടുള്ളതായി സംശയിക്കുന്നതായി പോലീസ് കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഷരീഫുള്‍ ഇസ്ലാമിന്റെ റിമാന്‍ഡ് ആവശ്യപ്പെട്ടുള്ള അപേക്ഷയിലാണ് പോലീസ് ഇക്കാര്യം പറഞ്ഞത്. ഇതിനിടെയാണ് വിരലടയാള പരിശോധനയില്‍ പുതിയ ട്വിസ്റ്റ് ഉണ്ടാകുന്നത്.