ഹെയ്തിയില്‍ വീണ്ടും കൂട്ടക്കൊല; കെന്‍സ്‌കോഫില്‍ വീടുകള്‍ കേന്ദ്രീകരിച്ച് വിവ് അന്‍സാം തീവ്രവാദ സംഘം നടത്തിയ വെടിവെയ്പില്‍ 40 പേര്‍ കൊല്ലപ്പെട്ടു; മരിച്ചവരില്‍ ഒരു കുടുംബത്തിലെ 12 പേരും; പാസ്റ്റര്‍മാരും അധ്യാപകരും കുട്ടികളും ആക്രമണത്തിന് ഇരയായെന്ന് അധികൃതര്‍
ഹെയ്തിയില്‍ വീണ്ടും കൂട്ടക്കൊല
കെന്‍സ്‌കോഫ്: ഹെയ്തിയില്‍ വീണ്ടും കൂട്ടക്കൊലപാതകം. കെന്‍സ്‌കോഫില്‍ വീടുകളിലേക്ക് അതിക്രമിച്ച് കയറി വിവ് അന്‍സാം തീവ്രവാദ സംഘം നടത്തിയ വെടിവെയ്പില്‍ 40 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഒരു കുടുംബത്തിലെ 12 പേരും ഉള്‍പ്പെട്ടതായാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. പാസ്റ്റര്‍മാരും അധ്യാപകരും കുട്ടികളും ആയുധധാരികളായ ഗുണ്ടാസംഘങ്ങളുടെ ആക്രമണത്തിന് ഇരയായെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്.
ഹെയ്തിയുടെ തലസ്ഥാനത്തിന്റെ ഭൂരിഭാഗവും നിയന്ത്രിക്കുന്ന അക്രമാസക്തമായ വിവ് അന്‍സാം സംഘം കഴിഞ്ഞ എട്ട് ദിവസമായി പ്രദേശത്ത് ആക്രമണം തുടരുന്നതായാണ് വിവരം. തോക്കുധാരികളായ വിവ് അന്‍സാം സംഘം വീടുകളില്‍ അതിക്രമിച്ച് കയറി സാധാരണക്കാര്‍ക്ക് നേരെ വിവേചനരഹിതമായി വെടിയുതിര്‍ക്കുകയാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
മരിച്ചവരില്‍ പാസ്റ്റര്‍മാരും അധ്യാപകരും കുട്ടികളും ഉള്‍പ്പെടുന്നു. നിരവധി രാഷ്ട്രീയക്കാരും ബിസിനസുകാരും താമസിക്കുന്ന പ്രദേശങ്ങളിലാണ് വെടിവെയ്പ് ഉണ്ടായത്. മരണ സംഖ്യ ഉയര്‍ന്നേക്കുമെന്നാണ് സൂചന. ആക്രമണത്തിന് ഇരയാകുന്നതില്‍ ഏറെയും പ്രാന്തപ്രദേശങ്ങളില്‍ കൃഷിജോലികളില്‍ ഏര്‍പ്പെടുന്ന തൊഴിലാളിവര്‍ഗക്കാരാണ് ഏറെയും.
പോര്‍ട്ട്-ഓ-പ്രിന്‍സിന്റെ 85% ഗുണ്ടാസംഘങ്ങളാണ് പ്രദേശത്തെ നിയന്ത്രിക്കുന്നതെന്നും നിരന്തം ആക്രമണം തുടരാന്‍ സാധ്യതയുണ്ടെന്നും യുഎന്‍ സെക്രട്ടറി ജനറല്‍ കഴിഞ്ഞ മാസം മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഹെയ്തിയന്‍ നഗരത്തില്‍ ആസന്നമായ ആക്രമണങ്ങളെക്കുറിച്ച് സര്‍ക്കാരും പോലീസും മുന്നറിയിപ്പ് നല്‍കിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് കെന്‍സ്‌കോഫിലെ സാധാരണക്കാര്‍ക്ക് നേരെ ആക്രമണമുണ്ടായത്.
മരിച്ചവരില്‍ ഒരു കുടുംബത്തിലെ 12 പേര്‍ ഉണ്ടെന്ന് കെന്‍സ്‌കോഫില്‍ നിന്ന് ഓടിപ്പോയ 45 കാരനായ ജീന്‍ ബെര്‍ത്തോ വാല്‍മോ അസോസിയേറ്റഡ് പ്രസ്സിനോട് പറഞ്ഞു. തിങ്കളാഴ്ച പുലര്‍ച്ചയ്ക്ക് വെടിവയ്പ്പ് കേട്ടാണ് താന്‍ ഉണര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. നിരവധി പേര്‍ മേയറുടെ ഓഫീസിന്റെ മുറ്റത്ത് അഭയം തേടി.
'എല്ലാവര്‍ക്കും ആവശ്യത്തിന് വെള്ളവും ഭക്ഷണവുമില്ല,' കാബേജ്, കാരറ്റ്, ബ്രോക്കോളി എന്നിവയുള്‍പ്പെടെയുള്ള തന്റെ വിളകള്‍ അക്രമിസംഘം നശിപ്പിച്ചുവെന്നും ജീന്‍ ബെര്‍ത്തോ പറയുന്നു. 'പോലീസും സര്‍ക്കാരും ഈ അക്രമി സംഘത്തെ പിടികൂടണം.
ജനുവരി 27 ന് ആരംഭിച്ച ആക്രമണത്തില്‍ 1,660-ലധികം ആളുകള്‍ ഭവനരഹിതരായതായി. സമീപ വര്‍ഷങ്ങളില്‍ ഹെയ്തിയില്‍ ഉടനീളം ഒരു ദശലക്ഷത്തിലധികം ആളുകളെ ഇത്തരം സംഘങ്ങളുടെ ആക്രമണം ഭവനരഹിതരാക്കിയെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു.
വെള്ളിയാഴ്ച, ഒരു പോലീസ് യൂണിയന്‍ പറഞ്ഞു, പോലീസിന് ഹെലികോപ്റ്ററും ഓള്‍-ടെറൈന്‍ വെഹിക്കിളും ഉള്‍പ്പെടെയുള്ള നല്ല ഉപകരണങ്ങളും രഹസ്യാന്വേഷണം ശേഖരിക്കാനുള്ള ഫണ്ടും ഉണ്ടായിരുന്നെങ്കില്‍ കെന്‍സ്‌കോഫിന് നേരെയുള്ള ആക്രമണം ഒഴിവാക്കാമായിരുന്നു.
രണ്ട് മാസമായി ഹെയ്തിയുടെ സുരക്ഷാ പ്രതിസന്ധി വര്‍ധിച്ചുവെന്നാണ് വിവരം. ഗുണ്ടാസംഘങ്ങള്‍ വാണിജ്യ വിമാനങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്തു, രാജ്യത്തേക്കുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തിവച്ചു. സായുധ സംഘങ്ങള്‍ തലസ്ഥാനം പിടിച്ചടക്കാനുള്ള നീക്കമാണ് നടത്തുന്നതെന്നും ആരോപണമുണ്ട്.
2010-ലെ ഭൂകമ്പത്തില്‍ ഭൂരിഭാഗം അടിസ്ഥാന സൗകര്യങ്ങളും നശിപ്പിക്കുകയും ഒരു ദശലക്ഷത്തിലധികം ആളുകളെ കുടിയൊഴിപ്പിക്കുകയും ചെയ്തതിനുശേഷം ദുര്‍ബലമായ ഭരണകൂടത്തെ അട്ടിമറിക്കാനാണ് ക്രിമിനല്‍ സംഘങ്ങളുടെ ശ്രമം. നാട്ടുകാരും പോലീസും സംഘങ്ങള്‍ക്കെതിരെ പോരാടുകയാണ്. പോലീസുകാരും ഹെയ്ത്തിയിലെ സാധാരണക്കാര്‍ ഉള്‍പ്പെട്ട വിജിലന്റ് ഗ്രൂപ്പുകളും ചേര്‍ന്ന് കുറ്റവാളികളെന്ന് സംശയിക്കുന്നവരെ തുടച്ചുനീക്കാന്‍ ശ്രമിക്കുന്നുണ്ട്.