അമേരിക്കൻ ഐക്യനാടുകളിലൂടെയുള്ള 'വാക്ക് ഫോർ പീസി'ലെ അപ്രതീക്ഷിത പങ്കാളി; ബുദ്ധ സന്യാസിമാർക്ക് വഴികാട്ടിയായി ഇന്ത്യൻ തെരുവുനായ; ലോകശ്രദ്ധ നേടി 100 ദിവസം പിന്നിട്ട ആ സമാധാന യാത്ര; സമൂഹ മാധ്യമങ്ങളിലും തരംഗമായി 'അലോക ദി പീസ് ഡോഗ്'

Update: 2026-01-08 10:11 GMT

വാഷിംഗ്ടൺ ഡി.സി: അമേരിക്കൻ ഐക്യനാടുകളിലൂടെ ബുദ്ധ സന്യാസിമാർ നടത്തുന്ന 3,700 കിലോമീറ്റർ 'സമാധാനയാത്രയിൽ' അപ്രതീക്ഷിത പങ്കാളിയായി ലോകശ്രദ്ധ നേടുകയാണ് അലോക എന്ന ഇന്ത്യൻ തെരുവുനായ. സന്യാസിമാർക്കൊപ്പം ദിവസങ്ങളോളം നടന്ന അലോകയുടെ ശാന്തമായ സാന്നിധ്യവും അചഞ്ചലമായ കൂറും ദശലക്ഷക്കണക്കിന് ആളുകളെയാണ് ആകർഷിച്ചത്. 'അലോക ദി പീസ് ഡോഗ്' എന്ന പേരിൽ ഇൻസ്റ്റാഗ്രാമിൽ പേജുള്ള ഈ നായക്ക് 1.5 ലക്ഷത്തിലധികം (ഒന്നര ലക്ഷം) ഫോളോവേഴ്‌സുണ്ട്.

കഴിഞ്ഞ ഒക്ടോബറിൽ ടെക്സാസിലെ ഫോർട്ട് വർത്തിൽ നിന്ന് ആരംഭിച്ച 'സമാധാനയാത്ര' 10 യു.എസ്. സംസ്ഥാനങ്ങളിലൂടെ കടന്നുപോയി 110 ദിവസത്തെ സഞ്ചാരത്തിനൊടുവിൽ ഈ ഫെബ്രുവരിയിൽ വാഷിംഗ്ടൺ ഡി.സി.യിൽ സമാപിക്കും. 19 ബുദ്ധ സന്യാസിമാർ നടത്തുന്ന ഈ യാത്രയിൽ അലോകയും ഒപ്പമുണ്ട്. അലോകയുടെ യാത്ര ഇന്ത്യയിൽ വെച്ചാണ് ആരംഭിക്കുന്നത്. സന്യാസിമാർ യാത്ര ചെയ്യുന്നതിനിടെയാണ് അലോകയെ കണ്ടെത്തുന്നത്.

ഏകദേശം നാല് വയസ്സ് പ്രായമുള്ള ഇന്ത്യൻ പാറിയ വിഭാഗത്തിൽപ്പെട്ട അലോക, സന്യാസിമാരെ പിന്തുടരുകയും 100 ദിവസത്തിലേറെ അവരോടൊപ്പം ഇന്ത്യയിലുടനീളം സഞ്ചരിക്കുകയും ചെയ്തു. അപ്രതീക്ഷിതമായി തുടങ്ങിയ ഈ കൂട്ട് പിന്നീട് ആഴത്തിലുള്ള സൗഹൃദമായി മാറുകയായിരുന്നു. യാത്രയിലുടനീളം അലോകയുടെ ഓരോ ചലനങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെക്കുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ 1.5 ലക്ഷത്തിലധികം ഫോളോവേഴ്സാണ് അലോകയ്ക്കുള്ളത്.

സന്യാസിമാർക്ക് വഴി കാണിച്ചുകൊണ്ട് അലോക ശാന്തമായി നടക്കുന്നതിന്റെ ചിത്രങ്ങളും വീഡിയോകളും ഇതിനോടകം വൈറലായിട്ടുണ്ട്. യാത്രാ പുരോഗതിയുടെ വിവരങ്ങളും ലൈവ് ട്രാക്കിംഗ് മാപ്പും അലോകയുടെ പേരിൽ ആരംഭിച്ച ഫേസ്ബുക്ക് പേജിലൂടെ പതിവായി പങ്കുവെക്കുന്നുണ്ട്. പച്ച കോട്ട് ധരിച്ച് കനത്ത മൂടൽമഞ്ഞിലൂടെ സന്യാസിമാരെ നയിച്ചുകൊണ്ട് അലോക മുന്നോട്ട് പോകുന്ന ഒരു ചിത്രം അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചിരുന്നു.

'അലോക അവന്റെ കൂടെയുള്ള സന്യാസിമാരെപ്പോലെ തന്നെ വളരെ അത്ഭുതകരവും ശാന്തവുമായ ഒരു ഊർജ്ജമാണ് പകരുന്നത്,' എന്ന് ഒരു ഉപയോക്താവ് പറഞ്ഞു. മറ്റൊരാൾ അലോക്കയെ വിശേഷിപ്പിച്ചത് ഇപ്രകാരമാണ്: 'ഈ സംഘത്തിന്റെ സൗഹൃദ സ്ഥാനപതിയാണ് അവൻ. മനുഷ്യരെന്നോ മൃഗങ്ങളെന്നോ വേർതിരിവില്ലാതെ, എല്ലാ ജീവജാലങ്ങളോടും കാരുണ്യം കാണിക്കുന്ന ദയയുടെ ആൾരൂപമാണ് അലോക.' അലോക്കയുടെ പ്രയാണം കാരുണ്യത്തിന്റെയും വിശ്വസ്തതയുടെയും ശാന്തമായ ഒരു ഓർമ്മപ്പെടുത്തലായി മാറി. അതിരുകൾക്കും വർഗങ്ങൾക്കും അതീതമായി നിലനിൽക്കാൻ കഴിയുന്ന ആത്മബന്ധത്തിന്റെ തെളിവു കൂടിയാണ് ഈ യാത്ര.

Tags:    

Similar News