ഫോര്‍ച്യൂണറും ബിഎംഡബ്യുവുമായി നടുറോഡില്‍ അഭ്യാസം; പോലീസിനെ ടാഗ് ചെയ്ത് ഷെയര്‍ ചെയ്ത വീഡിയോ വൈറല്‍; പിന്നാലെ വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
ആഡംബര കാറുകളുപയോഗിച്ച് അഭ്യാസം, വിദ്യാര്‍ഥികള്‍ അറസ്റ്റില്‍
ഹൈദരാബാദ്: തെലങ്കാന ഷംഷാബാദ് ഔട്ടര്‍ റിംഗ് റോഡില്‍ ആഡംബര കാറുകളുപയോഗിച്ച് അപകടകരമായ രീതിയില്‍ അഭ്യാസപ്രകടനം നടത്തുന്നതിന്റെ വീഡിയോ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിച്ചതിന് പിന്നാലെ രണ്ട് വിദ്യാര്‍ഥികള്‍ അറസ്റ്റില്‍. രാജീവ്ഗാന്ധി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് പോലീസിന്റേതാണ് നടപടി. ഈ മാസം ഒമ്പതിനാണ് സംഭവം നടന്നത്. 25 വയസുകാരാണ് അറസ്റ്റിലായ യുവാക്കള്‍. വീഡിയോ വൈറലായതിന് പിന്നാലെ വിദ്യാര്‍ത്ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് കാറുകള്‍ പിടിച്ചെടുത്തെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സൂര്യ റെഡ്ഡി എന്ന പത്രപ്രവര്‍ത്തകനാണ് വിദ്യാര്‍ത്ഥികളുടെ കാര്‍ സ്റ്റണ്ട് വീഡിയോ സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. വീഡിയോയില്‍ ആറ് വരി പാതയുടെ ഒത്ത നടുക്ക് രണ്ട് ലക്ഷ്വറി കാറുകള്‍ വട്ടം തിരിയുന്നത് കാണാം. രാത്രിയിലായതിനാല്‍ റോഡില്‍ മറ്റ് വാഹനങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. അതേസമയം തൊട്ട് ചേര്‍ന്നുള്ള റോഡിലൂടെ വാഹനങ്ങള്‍ കടന്ന് പോകുന്നത് കാണാം. വളരെ പെട്ടെന്ന് തന്നെ വീഡിയോ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി. പിന്നാലെ പോലീസിനെ ടാഗ് ചെയ്ത് കൊണ്ട് നിരവധി പേര്‍ വീഡിയോ റീഷെയര്‍ ചെയ്തു. ഇതോടെ നടപടിയുമായി പോലീസും രംഗത്തെത്തി.
എന്നാല്‍, വിദ്യാര്‍ത്ഥികള്‍ കാറിന്റെ നമ്പര്‍ പ്ലേറ്റ് ഊരിവച്ചായിരുന്നു സ്റ്റണ്ട് നടത്തിയത്. ഇത് ഇവരെ തിരിച്ചറിയാന്‍ തടസമായി. എന്നാല്‍, സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലീസ് ഡ്രൈവര്‍ സീറ്റിലിരുന്ന വിദ്യാര്‍ത്ഥികളുടെ മുഖം തിരിച്ചറിഞ്ഞു. പിന്നാലെ റോഡിലെ സിസിടിവികള്‍ പരിശോധിച്ച് കാറുകളുടെ സഞ്ചാര പാത മനസിലാക്കിയ പോലീസ് പിന്നാലെ വിദ്യാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയും കാറുകള്‍ പിടിച്ചെടുക്കുകയുമായിരുന്നെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രാജേന്ദ്രനഗര്‍ നിവാസിയായ മുഹമ്മദ് ഒബൈദുള്ള (25), മലക്‌പേട്ട് നിവാസിയായ സൊഹൈര്‍ സിദ്ദിഖി (25) എന്നിവരാണ് അറസ്റ്റിലായത്.
ബി.എം.ഡബ്ല്യൂ, ഫോര്‍ച്യൂണര്‍ കാറുകളുപയോഗിച്ചായിരുന്നു വിദ്യാര്‍ഥികള്‍ കാര്‍ സ്റ്റണ്ട് നടത്തിയത്. വാഹനങ്ങളുടെ നമ്പര്‍ പ്ലേറ്റുകള്‍ നീക്കംചെയ്തിരുന്നു. ഔട്ടര്‍ റിംഗ് റോഡില്‍ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറകളില്‍ കാറഭ്യാസത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നു. ഇത് പരിശോധിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തത്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പ്രതികളെ കണ്ടെത്തിയതിനെ തുടര്‍ന്ന് പോലീസ് അതിവേഗം നടപടി സ്വീകരിച്ചതായി അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ കെ.എസ്. റാവു പറഞ്ഞു. ഹൈദരാബാദിലെ റോഡുകളില്‍ നിയമവിരുദ്ധമായ സ്ട്രീറ്റ് റേസിംഗും സ്റ്റണ്ട് ഡ്രൈവിംഗും നടക്കുന്നുവെന്ന ആശങ്ക ഉയര്‍ത്തിയിരിക്കുകയാണ് ഈ സംഭവം. ഹൈദരാബാദിലെ പ്രധാന റൂട്ടുകളില്‍ നിരീക്ഷണം ശക്തമാക്കാനാണ് അധികാരികളുടെ നീക്കം.
2024 ഡിസംബറില്‍ ആന്ധ്രയില്‍ സമാനമായ സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തിരുമല ഘാട്ട് റോഡില്‍ അപകടകരമായി കാറോടിച്ചതിന് ആറുയുവാക്കളെ പോലീസ് അറസ്റ്റ് ചെയ്യുകയും വാഹനം പിടിച്ചെടുക്കുകയും ചെയ്തിരുന്നു. കാറിന്റെ ഡോറുകളിലും റൂഫിലും അപകടകരമായ രീതിയില്‍ തൂങ്ങിനിന്നായിരുന്നു ഇവരുടെ യാത്ര. കൂടാതെ റോഡിലെ മറ്റു വാഹനയാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുകയും ചെയ്തു. തിരുമല തിരുപ്പതി ദേവസ്ഥാനം വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍ എം.വി.നരസിംഹറാവുവായിരുന്നു ഇക്കാര്യം പോലീസില്‍ അറിയിച്ചത്.