'ഷഹബാസെ...ഫുള്‍ അലമ്പായിക്കിന്ന് കേട്ട്, എന്തേലും ഉണ്ടെങ്കില്‍ പൊരുത്തപ്പെട്ട് താട്ടോ...; ഞങ്ങളാരും മനസ്സില്‍ പോലും വിചാരിച്ചില്ല ഇങ്ങനൊരു പ്രശ്‌നമുണ്ടാകുമെന്ന്'; മര്‍ദനത്തിന് ശേഷം മാപ്പ് അപേക്ഷിച്ച് വിദ്യാര്‍ഥികളുടെ സന്ദേശം

'ഷഹബാസെ...ഫുള്‍ അലമ്പായിക്കിന്ന് കേട്ട്,

Update: 2025-03-01 04:59 GMT

കോഴിക്കോട്: താമരശ്ശേരിയില്‍ ഷഹബാസിനെ മര്‍ദിച്ചശേഷം വിദ്യാര്‍ഥികളില്‍ ഒരാള്‍ മാപ്പ് അപേക്ഷിച്ച് അയച്ച ഫോണ്‍ സന്ദേശം പുറത്തു വന്നു. പ്രശ്‌നങ്ങള്‍ ഒഴിവാക്കി തരണമെന്നും ചെയ്തതിന് മാപ്പ് നല്‍കണമെന്നും സന്ദേശത്തില്‍ പറയുന്നു. 'ഷഹബാസെ...ഫുള്‍ അലമ്പായിക്കിന്ന് കേട്ട്. വല്യ സീനില്ലല്ലോ. നീ എങ്ങനേലും ചൊറ ഒഴിവാക്കി കൊണ്ടാ, ഇങ്ങനെയാകുമെന്ന് ഞാന്‍ വിചാരിച്ചില്ല. നീ ഒഴിവാക്കി കൊണ്ടാ. നിനക്ക് എന്തെങ്കിലും പ്രശ്‌നമുണ്ടോ?' -സന്ദേശത്തില്‍ പറയുന്നു.

കൂടാതെ, മറ്റൊരു വിദ്യാര്‍ഥി അയച്ച സന്ദേശവും പുറത്തുവന്നിട്ടുണ്ട്. 'എടാ, ഷഹബാസേ എന്തേലും ഉണ്ടെങ്കില്‍ പൊരുത്തപ്പെടണട്ടോ, ഞാന്‍ നിന്നോട് കുറെ പറഞ്ഞതല്ലേ.. നമ്മള് ചൊറക്ക് നിക്കുന്നില്ലെന്ന്, പിന്നെയും പിന്നെയും നീ...നീ ഇത്രയൊക്കെ പറഞ്ഞിട്ടും ഞങ്ങള് നിന്നോട് ചൊറക്ക് നിന്നില്ലല്ലോ, ഞങ്ങളാരും മനസ്സില്‍ പോലും വിചാരിച്ചില്ല ഇങ്ങനൊരു പ്രശ്‌നമുണ്ടാകുമെന്ന്' - ഷഹബാസിന് അയച്ച സന്ദേശത്തില്‍ മര്‍ദിച്ച വിദ്യാര്‍ഥികളല്‍ ഒരാള്‍ പറഞ്ഞു.

നേരത്തെ ഷഹബാസിനെ കൊല്ലുമെന്ന് പറയുന്ന വിദ്യാര്‍ഥികളുടെ ഞെട്ടിക്കുന്ന ചാറ്റ് പുറത്തുവന്നിരുന്നു. ഷഹബാസിനെ കൊല്ലുമെന്ന് പറഞ്ഞാല്‍ കൊന്നിരിക്കുമെന്നും കൂട്ടത്തല്ലില്‍ മരിച്ചു കഴിഞ്ഞാല്‍ പ്രശ്‌നമില്ലെന്നും പൊലീസ് കേസെടുക്കില്ലെന്നും ചാറ്റില്‍ പറയുന്നു. 'ഓന്റെ കണ്ണൊന്ന് പോയ് നോക്ക് നീ..കണ്ണൊന്നൂല്ല. കൂട്ടത്തല്ലില്‍ ഒരാള്‍ മരിച്ചാലും വലിയ വിഷയോന്നുമില്ല. കേസെടുക്കില്ല..കേസ് തള്ളിപ്പോകും. കാരണം ഓനല്ലേ ഇങ്ങോട്ടുവന്നത്' എന്ന് പറയുന്ന വാട്‌സാപ്പ് ചാറ്റാണ് പുറത്ത് വന്നത്.

തലക്ക് സാരമായി പരിക്കേറ്റ താമരശ്ശേരി ചുങ്കം പാലോറക്കുന്ന് ഇക്ബാലിന്റെ മകന്‍ മുഹമ്മദ് ഷഹബാസ് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രി തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെയാണ് മരിച്ചത്. താമരശ്ശേരി ട്രിസ് ട്യൂഷന്‍ സെന്ററില്‍ പത്താം ക്ലാസുകാരുടെ യാത്രയയപ്പ് പരിപാടിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്. ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന എളേറ്റില്‍ വട്ടോളി എം.ജെ ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളുടെ ഡാന്‍സിനിടെ പാട്ട് നിലച്ചപ്പോള്‍ താമരശ്ശേരി ഗവ. ഹൈസ്‌കൂളിലെ ഏതാനും വിദ്യാര്‍ഥികള്‍ കൂകിയതാണ് സംഭവങ്ങളുടെ തുടക്കം. ഇത് വിദ്യാര്‍ഥികള്‍ തമ്മില്‍ വാക്കേറ്റത്തിന് കാരണമായി.

അധ്യാപകര്‍ ഇടപെട്ട് ശാന്തമാക്കുകയായിരുന്നു. പിന്നീട് എം.ജെ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ വാട്‌സ്ആപ് ഗ്രൂപ് വഴി സന്ദേശത്തില്‍ വ്യാഴാഴ്ച വൈകീട്ട് വിദ്യാര്‍ഥികളോട് താമരശ്ശേരി വെഴുപ്പൂര്‍ റോഡില്‍ എത്താന്‍ ആവശ്യപ്പെടുകയായിരുന്നുവത്രെ. പത്തിലധികം വിദ്യാര്‍ഥികള്‍ സംഘടിച്ചെത്തുകയും താമരശ്ശേരി ഗവ. ഹൈസ്‌കൂളിലെ വിദ്യാര്‍ഥികളുമായി ഏറ്റുമുട്ടുകയുമായിരുന്നെന്ന് പൊലീസ് പറഞ്ഞു.

സംഭവവുമായി ബന്ധപ്പെട്ട് ട്യൂഷന്‍ സെന്ററില്‍ പഠിക്കുന്ന താമരശ്ശേരി ജിവിഎച്ച്എസ്എസിലെ അഞ്ച് പത്താംക്ലാസ് വിദ്യാര്‍ഥികളെ താമരശ്ശേരി പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിനു മുന്നില്‍ ഹാജരാക്കിയ വിദ്യാര്‍ഥികളെ ഇന്നലെ ജാമ്യക്കാര്‍ക്കൊപ്പം വിട്ടയച്ചിരുന്നു. നേരത്തെ വധശ്രമം ചുമത്തിയ കേസില്‍ ഇന്ന് ഐപിസി 302 വകുപ്പ് പ്രകാരമുള്ള കുറ്റങ്ങള്‍ കൂടി ചുമത്തും.

Tags:    

Similar News