കാരക്കോണം മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ വാഗ്ദാനം ചെയ്ത് കോഴ; പ്രതികളില്‍ നിന്നും പിടിച്ചെടുത്ത പണം ഇരയായവര്‍ക്ക് നല്‍കി; കരുവന്നൂരില്‍ പണം നഷ്ടമാവര്‍ക്ക് ബാങ്കിലൂടെ തിരികെ നല്‍കുമെന്നും ഇ.ഡി; ബാങ്ക് അധികൃതര്‍ക്ക് അനുഭാവ പൂര്‍ണമായ പ്രതികരണം ഇല്ലെന്നും അന്വേഷണ ഏജന്‍സി
കാരക്കോണം കോഴക്കേസ്: കുറ്റക്കാരില്‍ നിന്ന് പിടിച്ചെടുത്ത പണം ഇരയായവര്‍ക്ക് നല്‍കി ഇ ഡി
കൊച്ചി: കാരക്കോണം മെഡിക്കല്‍ കോളേജ് കോഴക്കേസിലെ ഇരകള്‍ക്ക് നഷ്ടപ്പെട്ട പണം തിരികെ നല്‍കി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. കുറ്റക്കാരില്‍ നിന്ന് പിടിച്ചെടുത്ത പണം ഇ ഡിയുടെ കൊച്ചി ഓഫീസില്‍ വെച്ചാണ് വിതരണം ചെയ്തത്. ആറ് പേര്‍ക്കായി എണ്‍പത് ലക്ഷം രൂപ കൈമാറി. കേസില്‍ ആറ് പ്രതികള്‍ക്കെതിരെ ഇഡി കൊച്ചിയിലെ കോടതിയില്‍ കുറ്റപത്രം നല്‍കിയിരുന്നു. വിചാരണ തുടങ്ങാന്‍ ഇരിക്കെ ആണ് പരാതികര്‍ക്ക് പണം തിരികെ നല്‍കിയത്. ഇ ഡി ഡെപ്യൂട്ടി ഡയറക്ടര്‍മാരായ എസ് സിമി, കെ രാധാകൃഷ്ണന്‍, വിനോദ് കുമാര്‍, സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ എം ജെ സന്തോഷ് എന്നിവര്‍ ചേര്‍ന്നാണ് തുക കൈമാറിയത്.
കാരക്കോണം മെഡിക്കല്‍ കോളേജില്‍ അഡ്മിഷനായി കോഴവാങ്ങിയെന്നും വിദേശനാണയ ചട്ടങ്ങള്‍ ലംഘിച്ച് കള്ളപ്പണം വെളിപ്പിച്ചെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പതിനൊന്ന് എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി ഇ ഡി കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. എട്ട് പേര്‍ക്ക് പണം തിരികെ നല്‍കാനുണ്ടായിരുന്നതായി ഇ ഡി ഉദ്യോഗസ്ഥര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
മെഡിക്കല്‍ കോളേജില്‍ അഡ്മിഷന്‍ വാഗ്ദാനം ചെയ്തായിരുന്നു കോഴ വാങ്ങിയത്. കരുവന്നൂര്‍ അടക്കം സംസ്ഥാനത്തു രജിസ്റ്റര്‍ ചെയ്ത 8 കേസില്‍ സമാന നടപടി തുടങ്ങിയതായി ഇഡി വാര്‍ത്ത സമ്മേളനത്തില്‍ വ്യക്തമാക്കി. കരുവന്നൂരില്‍ പണം ബാങ്ക് അധികൃതര്‍ക്ക് ആണ് കൈമാറുക. ബാങ്ക് ആണ് പണം നഷ്ടമാവര്‍ക്ക് പണം തിരികെ നല്‍കുക. എന്നാല്‍ നടപടികള്‍ പൂര്‍ത്തിയാക്കാന്‍ ബാങ്കില്‍ നിന്നും അനുഭാവ പൂര്‍ണമായ പ്രതികരണം ഇല്ലെന്ന് എന്‍ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് ഡെപ്യൂട്ടി ഡയറക്ടര്‍മാരായ എസ് സിമി, രാധാകൃഷ്ണന്‍ എന്നിവര്‍ വ്യക്തമാക്കി.
കരുവന്നൂര്‍ കേസില്‍ രണ്ടാം ഘട്ട കുറ്റപത്രം ഉടന്‍ സമര്‍പ്പിക്കുമെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു. 128 കോടി ആണ് ഇ ഡി മരവിപ്പിച്ചത്. ഇ ഡി അറ്റാച്ച് ചെയ്ത പണം തിരികെ ഏല്‍പ്പിക്കുന്നതിന് കരുവന്നൂര്‍ ബാങ്കുമായി ബന്ധപ്പെട്ടെങ്കിലും മറുപടി ഉണ്ടായില്ലെന്നും ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. 3 മാസത്തിനിടെ 10 തവണ ബാങ്ക് അധികൃതരെ ബന്ധപ്പെട്ടെങ്കിലും പ്രതികരിച്ചില്ല. അതിനാല്‍ ഇ ഡി തന്നെ പിഎംഎല്‍എ കോടതിയെ സമീപിക്കുകയായിരുന്നു. പണം തിരികെ കിട്ടാനുള്ളവര്‍ക്ക് ബാങ്കിനെയോ പിഎംഎല്‍എ കോടതിയേയോ സമീപിക്കാമെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൊടകര കള്ളപ്പണ കേസില്‍ പ്രതികളുടെ സ്വത്ത് കണ്ടുകെട്ടാന്‍ നടപടി തുടങ്ങിയെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. കുറ്റപത്രം ഉടന്‍ നല്‍കും. കണ്ടല ബാങ്ക് കേസിലും നടപടി തുടങ്ങി. പോപ്പുലര്‍ ഫിനാന്‍സ് കേസില്‍ നാല് പേരാണ് അപേക്ഷ നല്‍കിയത്. ഹൈ റിച്ച് കേസിലും ബഡ്സ് അതോറിറ്റി നടപടി തുടരുകയാണ്. കേച്ചേരി തട്ടിപ്പ് കേസിലും മൂന്ന് അപേക്ഷകള്‍ വന്നു 1.34 കോടി രൂപ ആണ് തിരിച്ചു കൊടുക്കേണ്ടത്. മാസപ്പടി കേസിലും പാതി വില തട്ടിപ്പ് കേസിലും അന്വേഷണം നടക്കുന്നതിനാല്‍ പ്രതികരിക്കുന്നില്ലെന്നും ഇ ഡി ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.