ഷഹബാസിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത് ആറ് വിദ്യാര്‍ഥികള്‍; സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും മുതിര്‍ന്നവരുടെ സാന്നിധ്യം സ്ഥിരീകരിക്കാനായില്ല; ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലെ മറ്റ് അംഗങ്ങള്‍ അക്രമം ആസൂത്രണം ചെയ്യാന്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കും; മെറ്റയില്‍ നിന്നും ലഭിക്കുന്ന വിവരങ്ങള്‍ നിര്‍ണായകം

ഷഹബാസിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത് ആറ് വിദ്യാര്‍ഥികള്‍

Update: 2025-03-06 06:20 GMT

കോഴിക്കോട്: താമരശ്ശേരിയിലെ പത്താം ക്ലാസ് വിദ്യാര്‍ഥി ഷഹബാസിന്റെ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുത്തത് ആറ് വിദ്യാര്‍ഥികളെന്ന് അന്വേഷണ സംഘം. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിട്ടും മുതിര്‍ന്നവരുടെ സാന്നിധ്യം അന്വേഷണ സംഘത്തിന് സ്ഥിരീകരിക്കാനായില്ല. അക്രമം ആസൂത്രണം ചെയ്യാന്‍ വിദ്യാര്‍ഥികളുണ്ടാക്കിയ ഇന്‍സ്റ്റഗ്രാം ഗ്രൂപ്പിലെ അംഗങ്ങളായ മറ്റുള്ളവര്‍ വിഷയത്തില്‍ ഇടപെട്ടിട്ടുണ്ടോയെന്ന് പോലീസ് വിശദമായി പരിശോധിക്കുന്നുണ്ട്.

ഇവരുടെ പ്രേരണ അക്രമം നടത്തിയ കുട്ടികള്‍ക്കുണ്ടായോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. കേസിലെ പ്രധാന പ്രതിയായ വിദ്യാര്‍ഥി നഞ്ചക്ക് ഉപയോഗിക്കാന്‍ പഠിച്ചത് യൂട്യൂബില്‍ നിന്നാണെന്ന് കസ്റ്റഡിയിലെടുത്ത ഫോണിന്റെ സെര്‍ച്ച് ഹിസ്റ്ററിയില്‍ നിന്ന് പോലീസ് കണ്ടെത്തിയിരുന്നു.

ഷഹബാസ് വധക്കേസില്‍ മെറ്റയോടും അന്വേഷണ സംഘം വിവരങ്ങള്‍ തേടിയിരുന്നു. ഈ റിപ്പോര്‍ട്ട് കൂടെ ലഭ്യമാകുന്നതോടെ വിഷയത്തില്‍ കൂടുതല്‍ വ്യക്തത വരും. ഓഡിയോ സന്ദേശങ്ങളുടെ ഉറവിടവും അക്കൗണ്ടുകള്‍ വ്യാജമാണോ എന്ന് വ്യക്തമാക്കണമെന്നും ആവശ്യപ്പെട്ടാണ് അന്വേഷണസംഘം മെറ്റയ്ക്ക് സന്ദേശം അയച്ചത്. സംഘര്‍ഷം ആസൂത്രണം ചെയ്ത ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളെ കുറിച്ച് അറിയാനാണ് മെറ്റയോട് വിവരങ്ങള്‍ ആരാഞ്ഞത്.

ഇന്‍സ്റ്റഗ്രാം അക്കൗണ്ടുകളും ഗ്രൂപ്പുകളും പരിശോധിച്ച് അക്രമത്തിന്റെ ഗൂഢാലോചനയില്‍ സാമൂഹികമാധ്യമഗ്രൂപ്പുകളും വ്യക്തിഗതസന്ദേശങ്ങളും വഴി പങ്കാളികളായവരെക്കുറിച്ചും അന്വേഷണവും തുടരുകയാണ്. രണ്ടുപക്ഷത്തെയും ഇന്‍സ്റ്റഗ്രാം ഗ്രൂപ്പുകളിലെ ടെസ്റ്റ്, ശബ്ദസന്ദേശങ്ങള്‍ സംബന്ധിച്ച വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.

കൂടുതല്‍ ഡിജിറ്റല്‍ തെളിവുകള്‍ ശേഖരിച്ചുകൊണ്ടിരിക്കുകയാണ് പോലീസ്. അക്രമം നടന്നസമയത്തെ ദൃശ്യങ്ങള്‍ക്ക് പുറമേ അക്രമത്തിന് മുന്‍പും ശേഷവുമുള്ള പ്രദേശത്തെ സി.സി.ടി.വി. ദൃശ്യങ്ങളും പരിസരത്തുണ്ടായിരുന്ന മൊഴികളും പരിശോധിച്ച് അക്രമത്തില്‍ നേരിട്ട് പങ്കെടുത്തവരിലേറെപ്പേരെയും ഇതിനകം തിരിച്ചറിഞ്ഞിട്ടുണ്ട്.

അക്രമത്തില്‍ മര്‍ദനമേറ്റ ഷഹബാസിനെ സുഹൃത്ത് സ്‌കൂട്ടറില്‍ വീട്ടിലെത്തിച്ചശേഷം വൈകീട്ട് 6.50-ന് താമരശ്ശേരിയിലെ ഒരു മാളിന് സമീപം കറുത്തഷര്‍ട്ട് ധരിച്ചെത്തിയ ഒരു സംഘം വിദ്യാര്‍ഥികള്‍ സംഘടിച്ചുനിന്ന സി.സി.ടി.വി. ദൃശ്യങ്ങള്‍കൂടി പോലീസിന് ലഭിച്ചിട്ടുണ്ട്. ആയുധങ്ങളുമായി അക്രമത്തിന് കോപ്പുകൂട്ടാന്‍ ശ്രമിച്ച ഇവരെ മാള്‍ജീവനക്കാരും മറ്റും അവിടെനിന്ന് ഓടിക്കുകയായിരുന്നു.

ലഭ്യമായ ഡിജിറ്റല്‍ തെളിവുകളെല്ലാം ശാസ്ത്രീയമായ വിദഗ്ധപരിശോധനയ്ക്ക് വിധേയമാക്കും. അക്രമത്തിന് പ്രേരണ നല്‍കിയെന്ന് തെളിഞ്ഞാല്‍ ഗ്രൂപ്പ് അഡ്മിന്‍മാര്‍ക്കൊപ്പം അക്രമത്തിന് ആഹ്വാനംചെയ്ത് സന്ദേശമയച്ചവരും നിയമനടപടിക്ക് വിധേയരാവും. സന്ദേശങ്ങള്‍ കൈമാറി ആസൂത്രിത അക്രമത്തിലേക്ക് നയിച്ചെന്നുകണ്ടാല്‍ വരുംദിവസങ്ങളില്‍ ഇവരെയും പ്രതിചേര്‍ക്കും.

അതേ സമയം സൈബര്‍ പോലീസ് ഉള്‍പ്പെടുന്ന അന്വേഷണ സംഘം താമരശ്ശേരിയിലെ ഷഹബാസിന്റെ വീട്ടിലെത്തി പരിശോധന നടത്തി. ഷഹബാസിന്റെ ഫോണുള്‍പ്പെടെ സംഘം പരിശോധനിച്ചു. ഈ കേസില്‍ വെള്ളിമാടുകുന്ന് ഒബ്‌സര്‍വേഷന്‍ ഹോമില്‍ റിമാന്റില്‍ കഴിയുന്ന കുറ്റാരോപിതരായ ആറു വിദ്യാര്‍ത്ഥികളും പോലീസ് സുരക്ഷയില്‍ പരീക്ഷ എഴുതി.

ഇവര്‍ പരീക്ഷയെഴുതുന്ന ജുവൈനല്‍ ഹോമിലേക്ക് ഇന്നും പ്രതിഷേധ മാര്‍ച്ച് നടന്നു. കെ എസ് യു പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് ഗേറ്റില്‍പോലീസ് തടഞ്ഞു. മുഴുവന്‍ പ്രവര്‍ത്തകരേയും അറസ്റ്റ് ചെയ്തുനീക്കി. എം എസ് എഫ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ച് പോലീസ് തടഞ്ഞതോടെ സംഘര്‍ഷാവസ്ഥയായി. പിന്നീട് പ്രവര്‍ത്തകരെ പോലീസ് കസ്റ്റഡിയിലെടുത്തു.

Tags:    

Similar News